Article

കണ്ടൽ വനങ്ങളുടെ പ്രാധാന്യം


കടലിൽ വേലിയേറ്റ വേലിയിറക്ക പ്രദേശത്തും, നദികളുടെ കായൽ കടൽ ചേരുന്ന സ്ഥലത്തും വളരുന്ന പ്രത്യേക സവിശേഷതയുള്ള കാടുകളെയാണ് കണ്ടൽ വനങ്ങൾ എന്നു പറയുന്നത്.ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യ ഹരിത സ്വഭാവമുള്ളവയാണ്. വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾകും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന ഇവയെ പ്രകൃതിയുടെ നേഴ്സറി എന്നാണ് വിളിക്കുന്നത്‌.
ലോകത്താകമാനം 80 രാജ്യങ്ങളിലായി 14 ദശലക്ഷം ഹെക്ടർ സ്ഥലത്ത് കണ്ടൽക്കാടുകൾ പരന്നു കിടക്കുന്നു.കേരളത്തിൽ 700 ച കി.മീ കണ്ടൽ കാടുകൾ ഉണ്ടായിരുന്നത് ഇന്ന് വെറും 17 ച കി മീ ആയി കുറഞ്ഞിരിക്കുന്നു. ഇവയിൽ കണ്ണൂർ തീരത്ത് 755 ഹെക്ടർ, കോഴിക്കോട് 293 ഹെക്ടർ, ആലപ്പുഴ 90 ഹെക്ടർ, എറണാകുളം 260 ഹെക്ടർ, കോട്ടയം 80 ഹെക്ടർ എന്നിങ്ങനെയാണ് കണ്ടാൽ വനങ്ങൾ അവശേഷിക്കുന്നത്. കേരളത്തിൽ ഇപ്പോൾ നിലനിൽകുന്ന കുറച്ചു കണ്ടൽ കാടുകൾ തന്നെ വികസനത്തിൻറെ പേരില് വെട്ടി നശിപ്പിക്കപെടുകയാണ്.
മത്സ്യ സമ്പത്തിന്റെ ഉറവിടമായ കണ്ടാൽ കാടുകൾ ദേശാടന പക്ഷികൾക്കും ജല പക്ഷികൾക്കും ആവാസമൊരുക്കുന്നു.കൂടാതെ മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയുന്നു. തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപം പിച്ചാവരം, മുത്തുപേട്‌ എന്നീ സ്ഥലങ്ങൾ സുനാമി ദുരന്തത്തിൽ നിന്നും ഒഴിവായത് അവിടെയുള്ള കണ്ടൽ കാടുകൾ മൂലമാണ്. കണ്ടലിന്റെ വേരുകൾ മണ്ണിനെയും മറ്റു വസ്തുക്കളെയും പിടിച്ചു നിർത്തി കരയെ സംരക്ഷിക്കുന്നതിനൊപ്പം വെള്ളം അരിച്ചു ശുദ്ധം ആക്കുകയും ചെയ്യുന്നു.കോറൽ പാറകളെ സംരക്ഷിക്കുകയും മത്സ്യങ്ങൾക്ക് പ്രജനന സൌകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന കണ്ടലുകൾ ഓരോ രാജ്യത്തിനും ചെയ്യുന്ന സേവനങ്ങൾ വളരെ വിലപെട്ടതാണ്. ബംഗ്ലാദേശിൽ അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ ഇന്ത്യൻ തീരത്ത് വരാതെ കാക്കുന്നത് സുന്ദർബൻ കണ്ടൽ കാടുകളാണ്.
ഏകദേശം 43 ഇനങ്ങളിൽ പെട്ട കണ്ടലുകളാണ് കേരള തീരത്ത് കണ്ടു വരുന്നത്. ഇവയിൽ പ്രധാനപെട്ടവ ചുവടെ കൊടുക്കുന്നു.
1, വലിയ കണ്ടൽ/ ഭ്രാന്തൻ കണ്ടൽ (രയ്സോഫോര മുക്രോനേറ്റ )
2, കമ്മട്ടി/ കണ്ണാംബൊട്ടി (എക്സ്കൊക്കെരിയ അഗല്ലോച്ച )
3, കുറ്റിക്കണ്ടൽ (ബ്രുഗ്വീറ സിലിണ്ട്രിക്ക)
4, ഉപ്പുചുള്ളി (അക്കന്തുസ് ഇസിലി ഫോളിയസ് )
5, വലിയ ഉപ്പത്ത (അവിസേന്നിയ ഒഫീസിനലിസ് )
6, ചക്കര കണ്ടൽ (സോനരെഷ്യ കാസിയോളരിസ് )
7, സുന്ദരി കണ്ടൽ (ബ്രുഗ്വീറ ജിമ്നോരൈസ )
8, സ്വർണ കണ്ടൽ (ബ്രുഗ്വീറ സെക്സ്വാംഗുല )
9, നല്ല കണ്ടൽ (കണ്ടെലിയ കണ്ടൽ)
10, വള്ളി കണ്ടൽ (രൈസൊഫൊര അപ്പിക്കുലേറ്റ )

കണ്ടൽ കാടുകളും മത്സ്യ സമ്പത്തും
കുറച്ചു നാൾ മുമ്പ് വരെ കണ്ടൽ പ്രദേശങ്ങളെ പാഴ്നിലങ്ങൾ ആയാണ് എല്ലാവരും കണ്ടിരുന്നത്‌. ചെളിവെള്ളം നിറഞ്ഞ പ്രദേശമായതിനാൽ കൊതുകുകൾകും മറ്റു ജീവികൾകും വസിക്കാനായി ഉപകാരപെടുന്ന കുറ്റിക്കാട് എന്നായിരുന്നു പൊതു വിശ്വാസം. എന്നാൽ ഇന്ന് നാം കാണുന്ന മത്സ്യ വർഗങ്ങളിൽ ഒട്ടു മിക്കവയും, ഞണ്ടുകളും പ്രജനനം നടത്തുന്നതും ആഹാര സമ്പാദനം നടത്തുന്നതും കണ്ടൽ വനങ്ങളിലാണ്. ഇന്ത്യയിൽ കണ്ടൽ വനങ്ങളോടനുബന്ധിച്ചു ഉത്പാദിപ്പിക്കപെടുന്ന ചെമ്മീനുകളുടെ കണക്ക് 30,000 ടൺ വരുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ലോക മത്സ്യ സമ്പത്തിന്റെ മൂന്നിലൊന്നു ഭാഗം കണ്ടൽ കാടുകളെയോ അവയോടു ബന്ധപെട്ട തീരാ ജലാശയാങ്ങളോടോ ആശ്രയിച്ചിരിക്കുന്നു.
കണ്ടൽ വനങ്ങളോടു ഏറ്റവും അടുപ്പമുള്ള ജലജീവിയാണ് ഞണ്ടുകൾ. ഇവ പ്രജനനം നടത്തുന്നതും ആഹാരം തേടുന്നതും കണ്ടൽ കാടുകളിലാണ്. വിദേശങ്ങളിൽ ഏറെ പ്രിയമുള്ള കണ്ടൽ ഞണ്ടുകൾ, പച്ച ഞണ്ടുകൾ എന്നിവ ഈ പ്രദേശങ്ങളിലാണ് ഉണ്ടാവുന്നത്. അതുപോലെ അന്തർദേശീയ വിപണിയിലെ താരമായ പീനൈഡ് വർഗത്തിൽ പെട്ട ചെമ്മീൻ ഏറ്റവും കൂടുതൽ കാണപെടുന്നത് കേരള തീരത്തുള്ള കണ്ടൽ കാടുകളിലാണ്.വേലിയേറ്റ സമയത്ത് കണ്ടൽ പ്രദേശത്തേക്ക് വരുന്ന ഇവയുടെ യൌവനാരംഭ വളർച്ചക്ക് കണ്ടൽ പരിസ്ഥിതി സഹായകമാകുകയും പ്രായമാവുന്നതോടെ തിരിച്ചു കടലിലേക്ക് മടങ്ങുകയും ചെയ്യുന്നു.
തീര പ്രദേശത്തെ കണ്ടൽ കാടുകൾ ജലത്തിൽ നിന്നും കര പ്രദേശത്തേക്ക് വ്യാപിക്കുന്ന ഉപ്പിന്റെ അംശം തടയുന്നു. ഓരു ജലവും ശുദ്ധ ജലവും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിന് കണ്ടലിനുള്ള കഴിവ് മനസ്സിലാക്കിയാണ് പണ്ടുള്ളവർ കണ്ടൽ നട്ടുവളർത്തി സംരക്ഷിച്ചു പോന്നിരുന്നത്.
കണ്ടൽ കാടുകൾ ടൂറിസത്തേയും വളരെയധികം സഹായിക്കുന്നുണ്ട്. ദേശാടന പക്ഷികളുടെ വലിയ കൂട്ടങ്ങൾ തന്നെ കണ്ടൽ കാടുകളിൽ വന്നു ചേരുന്നുണ്ട്. വിനോദ സഞ്ചാരികളെ വളരെ അധികം ആകർഷിക്കുന്ന കുമരകത്തെ പക്ഷി സങ്കേതം അവിടത്തെ കണ്ടൽ കാടുകളെ ആശ്രയിച്ചിരിക്കുന്നു. കൊയംബതൂരിനു സമീപം വളർത്തിയെടുത്ത കണ്ടൽ കാടുകൾ നിരവധി ആകർഷിക്കുന്നുണ്ട്. എറണാകുളം ഹൈ കോടതിക്ക് സമീപമുള്ള മംഗള വനം ദേശാടന പക്ഷികളുടെ വിഹാര കേന്ദ്രമായ കണ്ടൽ കാടാണ്. എന്നാൽ വികസനത്തിൻറെ പേരിൽ മംഗളവനം ഇന്ന് ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ മാതൃക ടൂറിസം വില്ലജ് ആയി തിരഞ്ഞെടുക്കപെട്ട കുമ്പളങ്ങി ഗ്രാമത്തിൽ കണ്ടലുകൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്‌. സർക്കാരിന്റെ വിവിധ പദ്ധതികൾ പോലെ ഇതു സ്വാഭാവികമായി വലിയ പുരോഗതി കൈവരിച്ചിട്ടില്ല. സർക്കാർ ഉദ്ദേശിച്ച ശ്രമവുമായി മുന്നോട്ടു പോയാൽ കുമ്പളങ്ങി കണ്ടൽ സമൃദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നു കരുതാം. ഇതോടൊപ്പം കണ്ടൽ നടുന്നവർക്ക് പ്രോത്സാഹനവും നശിപ്പിക്കുന്നവർക്കു ശിക്ഷയും അനിവാര്യമാണ്.
കണ്ടലിന്റെ തടി വ്യാവസായിക ആവിശ്യതിനും തടിയുപകരണങ്ങൾ ഉണ്ടാക്കുവാനും ഉപകാര പ്രദമാണ്. കണ്ടലുകളിൽ നിന്നും ഉണ്ടാക്കുന്ന ഔഷധങ്ങൾ ചില മാറാ രോഗങ്ങൾക്ക് പ്രതിവിധിയായി കാണുന്നുണ്ട്.
കണ്ടൽ പൂക്കളിൽ നിന്നുള്ള തേൻ വ്യവസായവും മെഴുകിന്റെ നിർമ്മാണവും വളരെ പ്രാധാന്യമർഹിക്കുന്നു.
ലോകത്തെ വിവിധ രാജ്യങ്ങൾ കണ്ടലിന്റെ പ്രാധാന്യം മനസ്സിലാക്കി കണ്ടൽ വന പുനരുദ്ധാരണത്തിനു തയ്യാറെടുക്കുകയാണ്. ക്യുബയിൽ പതിനായിരക്കണക്കിനു ഹെക്ടർ സ്ഥലത്താണ് കണ്ടൽ നട്ടുപിടിപ്പിക്കാൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്. മൂവായിരം കടൽതീരമാണ് ഫിലിപ്പീൻസിൽ കണ്ടൽ നട്ടുപിടിപ്പിക്കാനായി ഒരുങ്ങുന്നത്.ജാവയിൽ ഓരോ തീരദേശവാസിക്കും 5 ഹെക്ടർ തീരം നല്കിയാണ് ആയിരക്കണക്കിന് ഹെക്ടർ സ്ഥലം കണ്ടൽ കാടായി മാറ്റുന്നത്. മിക്ക യുറോപ്പ്യൻ രാജ്യങ്ങളും 2005 മുതൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് CRZ നിയമത്തിൻറെ വ്യവസ്ഥയുണ്ടെങ്കിലും അവ ശരിയായി നടപ്പാക്കി വരുന്നില്ല. സർക്കാർ പല പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ഫലപ്രദമായ നടത്തിപ്പ് കണ്ടു വരുന്നില്ല. കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്കും, കടലാക്രമണത്തിൽ നിന്നുള്ള രക്ഷക്കും, മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനും കണ്ടൽ കാടുകളുടെ സംരക്ഷണം യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിക്കേണ്ടതാണ്.
പ്രൊ. ഡോ. എസ്. സീതാരാമൻ
പ്രസിഡന്റ്‌
വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി



Prof. Dr. S Seetharaman

February 04
12:53 2016

Write a Comment