Article

പ്രകൃതിയും മനുഷ്യനും

ഇന്ത്യയിലെ സ്‌കൂളുകളില്‍ ഒരു പതിറ്റാണ്ടിലേറെയായി പരിസ്ഥിതി എന്നത് ഒരു പഠനവിഷയമാണ്. ബോംബെയിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ.എം.സി. മേത്തയുടെ ശ്രമഫലമായിട്ട് സുപ്രീം കോടതി ശക്തമായി ഇടപെട്ടതിനാലാണ് ഇത് സാദ്ധ്യമായത്.

എന്റെ ചെറുപ്പകാലത്ത് പരിസ്ഥിതി പഠനം എന്നൊന്ന് സ്‌കൂളുകളില്‍ പോയിട്ട് കോളേജുകളില്‍ പോലും ഇല്ലായിരുന്നു. പരിസ്ഥിതി നാശത്തിനെതിരായ ജനകീയ പ്രസ്ഥാനങ്ങള്‍ എല്ലാം ഉണര്‍ന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഒന്നുണ്ടായിരുന്നു, ഞങ്ങള്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്നവര്‍ പരിസ്ഥിതിയില്‍ നിന്ന് ദിവസേന പാഠങ്ങള്‍ പഠിച്ചിരുന്നു. ജീവിതത്തിന്റെ എന്താവശ്യത്തിനും, അത് ഭക്ഷണമായാലും മരുന്നായാലും വിനോദമായാലും എല്ലാം പരിസ്ഥിതിയെ സമീപിച്ചേ പറ്റൂ. കഴിക്കുന്ന അരി വരുന്നത് ചുറ്റുമുള്ള പാടത്തുനിന്ന്, ഓണത്തിന് പൂ പറിക്കുന്നത് സമീപത്തുള്ള മലയില്‍ നിന്ന്, കുളിക്കാന്‍ താളി പറിക്കുന്നത് പറമ്പില്‍ നിന്ന്, കുളിക്കുന്നതും കളിക്കുന്നതും കുളത്തില്‍. അപ്പോള്‍ പ്രകൃതിയുടെ പ്രാധാന്യം പ്രത്യേകിച്ച് പഠിപ്പിച്ചില്ലെങ്കിലും ഗ്രാമത്തിലുള്ളവര്‍ക്ക് മനസ്സിലാകുമായിരുന്നു.

പക്ഷെ നമ്മുടെ സാമ്പത്തികനില മെച്ചപ്പെടുകയും പുറംനാട്ടില്‍ നിന്നും വരുന്ന പണം നമ്മുടെ പ്രധാന വരുമാന മാര്‍ഗ്ഗമാവുകയും ചെയ്തതോടെ ഗ്രാമത്തിലോ നഗരത്തിലോ ജീവിക്കുന്നവര്‍ക്ക് പ്രകൃതിയെ അറിയുക എന്നത് അത്ര നിര്‍ബ്ബന്ധമല്ലാതായിത്തീര്‍ന്നു. പാലുവരുന്നത് മില്‍മയില്‍ നിന്ന്, മരുന്ന് ഫാര്‍മസിയില്‍ നിന്ന്, അരി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന്, കുളിക്കുന്നത് ബാത്ത്‌റൂമില്‍, കളിക്കുന്നത് കമ്പ്യൂട്ടറില്‍ - ഇതിലൊന്നും പ്രകൃതിയുടെ സ്വാധീനം പ്രകടമല്ല. അതുകൊണ്ടുതന്നെ കുന്നിടിച്ച് മണ്ണെടുക്കുന്നതും പാടം നികത്തി ഫാക്ടറി ഉണ്ടാക്കുന്നതും ഒന്നും തന്നെ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി നമുക്ക് തോന്നിയില്ല. അതിനെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമെന്ന് ബോധ്യപ്പെട്ടുമില്ല.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പ്രത്യക്ഷമല്ലെങ്കിലും ഇപ്പോഴും ദൃഢം തന്നെ ആണ്. കുടിക്കാനും കുളിക്കാനും ഉള്ള വെള്ളം കിണറില്‍ നിന്നല്ലെങ്കിലും ഏതെങ്കിലും ജലാശയത്തില്‍ നിന്നും വന്നേ പറ്റൂ. ഏതെങ്കിലും പാടത്തുനിന്നാണ് അരി വരുന്നത്. ആധുനിക വൈദ്യശാസ്ത്രം പോലും പല അസുഖങ്ങള്‍ക്കും മരുന്നു തിരയുന്നത് പ്രകൃതിയിലാണ്. അപ്പോള്‍ പ്രകൃതിയുടെ നാശം പഴയതുപോലെ ഇന്നും മനുഷ്യന് ഹാനികരമാണ്, നമ്മെ അലട്ടേണ്ടതാണ്.

ഇവിടെയാണ് മാതൃഭൂമി സീഡ് പോലെയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം. കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ അത് വീണ്ടും പ്രകൃതിയുമായി കൂട്ടിയിണക്കാന്‍ ശ്രമിക്കുകയാണ്. പ്രകൃതിയെ പരിചയപ്പെടുത്തുന്നതിലൂടെ, പ്രകൃതി നാശത്തെ ചെറുക്കാന്‍ പഠിപ്പിക്കുന്നതിലൂടെ, പ്രകൃതിയുടെ മാറ്റങ്ങളെ രേഖപ്പെടുത്തുന്നതിലൂടെ ഒക്കെ സീഡ് പ്രകൃതിയുടെ പ്രാധാന്യം പുതുതലമുറയെ മനസ്സിലാക്കുകയാണ്.

പ്രകൃതിയെ അറിയുന്ന, പ്രകൃതിയും മനുഷ്യനുമായുള്ള അഭേദ്യമായ ബന്ധത്തെ അറിയുന്ന ഒരു പുതുതലമുറയുടെ കയ്യില്‍ നമ്മുടെ പ്രകൃതി സുരക്ഷിതമാകുമെന്ന വിശ്വാസം എനിക്കുണ്ട്.

(ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ പ്രകൃതി ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ തലവനും പ്രകൃതിദുരന്ത നിവാരണ മേഖലയില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ അറിയപ്പെടുന്ന വിദഗ്ദ്ധനുമായ ഡോ. മുരളി തുമ്മാരുകുടി മാതൃഭൂമി സീഡ് പോഗ്രാമിനെക്കുറിച്ച്)



ഡോ. മുരളി തുമ്മാരുകുടി , ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം , ജനീവ

December 15
12:53 2015

Write a Comment