Article

മാലിന്യ നിര്‍മാര്‍ജനം

ഇനി വരുന്നൊരു തലമുറയ്ക്കി-
ന്നിവിടെ വാസം സാധ്യമോ
മലിനമായ ജലാശയം അതി-
മലിനമാമൊരു ഭൂമിയും.

പാണനും പാച്ചുവും ഗുരുക്കന്‍മാരുമൊക്കെ പല ചെവികളിലൂടെയായി പകര്‍ന്നു നല്‍കിയ ആശയങ്ങള്‍ പോലെ നമ്മുടെ മനസ്സിലും നാവിന്‍ തുമ്പിലും സ്ഥാനം പിടിച്ച ആശയ സമ്പുഷ്ടമായ വരികള്‍. ഞങ്ങള്‍ക്കിനിയിവിടെ വസിക്കാനാകുമോ? ബഹുമുഖ പ്രതിഭകളായ ഒട്ടനവധി വിശിഷ്ട വ്യക്തികളുണ്ടായിരുന്നിട്ടും, നേതൃപാടവംകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന നേതാക്കന്‍മാരുണ്ടായിരുന്നിട്ടും കൈഞൊടിച്ചാല്‍ ബഹിരാകാശത്തെത്തി ിതരിച്ചുപോരാന്‍ സംവിധാനങ്ങളുണ്ടായിരുന്നിട്ടും, ആകാശത്തിനു കീഴെ ഭൂമിയിലുള്ള, എന്തിനു പറയുന്നു, നമ്മുടെ തന്നെ വീടുകളിലുള്ള ഈ പ്രശ്‌നത്തെ മാത്രം പരിഹരിക്കാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത്? ഇവിടെയാണ് മാലിന്യനിര്‍മാര്‍ജനം എന്ന വിഷയത്തിന് പ്രസക്തിയേറുന്നത്. ഇതേപ്പറ്റി വലിയ പഠനത്തിന്റെ ആവശ്യമൊന്നുമില്ലെങ്കില്‍ പോലും അടിമുടി ഒരവലോകനം അനിവാര്യമാണ്.
നാം മനുഷ്യര്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യസംസ്‌കരണം. മറ്റുമേഖലകളില്‍ മനുഷ്യരാശി നേടിയിട്ടുള്ള അഭിമാനാര്‍ഹമായ വിജയത്തെ അപമാനതുല്യമാക്കുവാന്‍ തക്കവണ്ണം ശക്തിയുള്ള ഒന്നാണ് ശുചിത്വം നേരിടുന്ന വെല്ലുവിളി. റോഡരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാലിന്യകൂമ്പാരങ്ങളെ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല. പകരം മാലിന്യമെന്ത്? എങ്ങനെയുണ്ടാകുന്നു? എങ്ങനെ മാലിന്യം തരംതിരിക്കാം? ഓരോ വീടുകളിലും എന്തുചെയ്യാന്‍ സാധിക്കും? ഇത്തരം ഒരു ബോധം വളര്‍ത്തുവാന്‍ സാധിക്കും.
ഉപയോഗശൂന്യമായ എന്തും മാലിന്യമാണ്. ജൈവമാലിന്യം, ഉല്‍പാദനാവശിഷ്യം, പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങി വിവിധങ്ങളായ ഒട്ടേറെ മാലിന്യങ്ങള്‍. ഈ മാലിന്യങ്ങളെ അവയുടെ സംസ്‌കരണ രീതിയോടനുബന്ധിച്ച് പലരീതിയില്‍ തരംതിരിച്ചിരിക്കുന്നു. അവയില്‍ പെട്ടവയാണ് ജൈവമാലിന്യം, അജൈവമാലിന്യം ഖരമാലിന്യം എന്നിവ. പ്ലാസ്റ്റിക് കൂടുകള്‍, ഒറ്റത്തവണ ഉപയോഗത്തിനുള്ള കപ്പുകള്‍, പ്ലേറ്റുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ തുടങ്ങിയവ ഖരമാലിന്യങ്ങളിലും, ആഹാരാവശിഷ്യം, പച്ചക്കറി അവശിഷ്ടം, മത്സ്യം, മാംസാവശിഷ്ടം, മൃതജന്തുക്കള്‍, ഇലകള്‍ തുടങ്ങിയ ജൈവമാലിന്യങ്ങളിലും പെടുന്നു. ഉപയോഗയോഗ്യമല്ലാത്ത ചാക്കുകള്‍, തുണികള്‍, ടിന്നുകള്‍, റബ്ബര്‍ വസ്തുക്കള്‍, പേപ്പറുകള്‍, ഹാര്‍ഡ് ബോര്‍ഡുകള്‍ തുടങ്ങിയവ അജൈവമാലിന്യങ്ങളുമാണ്.
ഭൂമിയുടെ ഒാരോ അവയവങ്ങളെയും കാര്‍ന്നുതിന്നുന്ന ഈ മാലിന്യം ഉല്‍ഭവിക്കുന്നതെങ്ങനെ? നവീന ജീവിതശൈലി, ആഗോള വ്യാപകമായ ഉപഭോഗ സംസ്‌കാരം, സ്‌ഫോടനാത്മകമായി ഉയരുന്ന ജനസംഖ്യ, ഭൂവിസ്തൃതിയുടെ പരിമിതി തുടങ്ങി ഗുരുതരങ്ങളായ ഒട്ടേറെ കാരണങ്ങള്‍ ജീവിതശൈലിയിലും മനോഭാവത്തിലും ക്രമാനുഗതമായി ഉണ്ടായ അനഭിലഷണീയമായ മാറ്റങ്ങള്‍ വളരെ രൂക്ഷമായിരിക്കുന്നു.
കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകയാകേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രി, ഹോട്ടല്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവയും മാലിന്യങ്ങളുടെ ഉറവിടങ്ങളാകുമ്പോള്‍ നമ്മുടെ തന്നെ ഭവനങ്ങളും അത്രതന്നെ ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കുന്നു.
നാം വസിക്കുന്ന ഭൂമിയില്‍ സര്‍വജന്തു സസ്യജാലങ്ങളെയും ബാധിക്കുന്ന പ്രശ്‌നം മലിനീകരണംതന്നെയാണ്. 'താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും' എന്നതിനുള്ള ഉത്തമദൃഷ്ടാന്തമായി മനുഷ്യന് മാലിന്യപ്രശ്‌നം ദിനംപ്രതി അനുഭവപ്പെടുന്നു.
ഇനി നമുക്കും സമൂഹത്തിനും ചിന്തിക്കാനുള്ളത് ഒന്നുമാത്രമാണ്. എങ്ങനെ ഇവയെ സംസ്‌കരിക്കും? വ്യക്തിശുചിത്വവും, ഗാര്‍ഹികശുചിത്വവും, സാമൂഹികശുചിത്വവും വളരെ പ്രധാനപ്പെട്ടവ തന്നെയാണ്. എന്തെന്നാല്‍ നാം നന്നായാല്‍, നമ്മുടെ സമൂഹത്തിലെ ഓരോരുത്തരും നന്നായാല്‍ പകുതി പ്രശ്‌നം അവിടെ തീര്‍ന്നുവെന്നുപറയാം. 'എനിക്കൊരു മാറ്റമുണ്ടാക്കാന്‍ കഴിയും' എന്ന ചിന്തയാണ് ആദ്യമുണ്ടാവേണ്ടത്. നാം നമ്മുടെ വീടുകളിലെ മാലിന്യം സംസ്‌കരിക്കാനുള്ള പരിസ്ഥിതി സൗഹൃദങ്ങളായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുവേണ്ടി ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ച് വീണ്ടും അവയെ പ്രയോജനപ്പെടുത്തുകയോ അല്ലെങ്കില്‍ അടുക്കളത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുകയോ ചെയ്യാം. അജൈവമാലിന്യങ്ങള്‍, അതായത് പ്ലാസ്റ്റിക് തുടങ്ങിയവ കഴിവതും ഉപയോഗിക്കാതിരിക്കുകയും, അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍കഴിയുവന്നവ പുനരുപയോഗം ചെയ്ത് പരമാവധി പ്രയോജനപ്പെടുത്തുകയും പുന:ചംക്രമണത്തിനു നല്‍കുകയും ചെയ്താല്‍ വീടുകളിലെ മാലിന്യങ്ങള്‍ക്കുള്ള പരിഹാരമായി.
ഇനി ചെയ്യേണ്ടത് സമൂഹം ഒന്നിച്ചാണ്. ജൈവ, അജൈവ ഖരമാലിന്യങ്ങള്‍ പഞ്ചായത്തുതലത്തില്‍ വേര്‍തിരിക്കുകയും, അവയെ വേണ്ടവിധത്തില്‍ സംസ്‌കരിക്കുകയും ചെയ്യേണ്ടത് തദ്ദേശസ്വയംഭരണ പ്രദേശത്തെ ഓരോരുത്തരുടെയും ചുമതലയാണ്. ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് ഒരു പ്രദേശത്തേക്കുള്ള പാചകവാതകം സാമൂഹ്യബയോഗ്യാസ് പ്ലാന്റുകളുപയോഗിച്ച് നിര്‍മിക്കുകയും, അജൈവവും ഖരവുമായുള്ളവയെ പുന:ചംക്രമണത്തിന് നല്‍കുകയും ചെയ്യണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, പരിസ്ഥിതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുമെന്നും പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. പ്രതിജ്ഞകള്‍ പാഴ് വാക്കാക്കുകളാകാതെ അവയെ പാലിക്കേണ്ടതും നാമോരോരുത്തരുടെയും കടമയാണ്.
എളുപ്പത്തില്‍ പ്രായോഗികമാക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യാന്‍ കഴിയുന്ന ചില വഴികളുണ്ട്.
കടകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ ഉടമകള്‍തന്നെ സംസ്‌കരിക്കാന്‍ വേണ്ട നിര്‍ദ്ദേശവും ബോധവല്‍ക്കരണവും നടത്തുക. അവര്‍ അത് പാലിക്കാത്തപക്ഷം ലൈസന്‍സ് റദ്ദാക്കുക. കടകളില്‍നിന്ന് മാലിന്യനിര്‍മാര്‍ജനത്തിനായി കരുതല്‍ തുക ശേഖരിക്കുക. മാലിന്യനിര്‍മാര്‍ജനം ഇവര്‍ സ്വയം ചെയ്യാത്തപക്ഷം ഈ കരുതല്‍ തുക ഉപയോഗപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുതന്നെ നേരിട്ട് മാലിന്യം സംസ്‌കരിക്കാന്‍ കഴിയും. വലിയതോതില്‍ മാലിന്യം പുറംതള്ളുന്നവയാണ് കോഴിഫാമുകളും ഇറച്ചിവില്‍പന കേന്ദ്രങ്ങളും. ഇവയുടെ ഉടമസ്ഥര്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കുകയാണെങ്കില്‍ മാലിന്യസംസ്‌കരണവും ഒപ്പം ഗ്യാസും ലഭ്യമാകുന്ന നില വന്നുചേരും. ഗ്യാസ് പ്ലാന്റോ, മറ്റു മാലിന്യ സംസ്‌കരണ രീതികളോ ഇല്ലാത്തപക്ഷം അനുമതി നല്‍കാതിരിക്കണം. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും, ലൈസന്‍സ് പുതുക്കുന്ന സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്‌കരണ സൗകര്യം നിര്‍ബന്ധമാക്കുക. മുന്‍പ് നിര്‍ദേശിച്ചപോലെ ജൈവമാലിന്യസംസ്‌കരണത്തിന് ഓരോ വീടുകളിലും സംവിധാനമുണ്ടാക്കുക. ഭക്ഷണാവശിഷ്ടം, പച്ചക്കറി അവശിഷ്ടം എന്നിവ കുഴിയുണ്ടാക്കി സംസ്‌കരിക്കുക. കമ്പോസ്റ്റ് കുഴി ഉണ്ടാക്കാന്‍ പഞ്ചായത്ത് സഹായം നല്‍കുക. കുളിമുറി, അടുക്കള എന്നിവിടങ്ങളിലെ മലിനജലം പൈപ്പ് വഴവഴി അകലെ കൊണ്ടുപോയി കുഴിയില്‍ നിക്ഷേപിക്കുക.
കുഴി സ്ലാബിട്ടു മൂടിയാല്‍ പരിഹാരമായി. ആഘോഷവേളയില്‍ പ്ലാസ്റ്റിക് ഗ്ലാസ് ഉപയോഗിക്കാതിരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാം. മാലിന്യ നിര്‍മാര്‍ജനം ഒരു ജീവിതചര്യയാണെന്ന ബോധം ജനതയില്‍ സൃഷ്ടിക്കണം. പ്രധാന ജംഗ്ഷനുകളിലും മറ്റും കാര്യമായി, ഇടവിട്ട് മാലിന്യം നിക്ഷേപിക്കുന്നതിനുള്ള പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്, ജൈവ മാലിന്യം എന്നിങ്ങനെ വേര്‍തിരിച്ചെഴുതുകയും ശേഖരിച്ച് സംസ്‌ക്കരിക്കുവാനുള്ള സംവിധാനം വ്യാപകമായ തോതില്‍തന്നെ ഉണ്ടാക്കുകയും വേണം. തരം തിരിച്ച്, ജനങ്ങള്‍തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. നഗരങ്ങളില്‍ അനധികൃത അറവുശാലകള്‍ അടച്ചപൂട്ടുക, മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നവരെ കണ്ടെത്തുവാന്‍ പ്രധാന ഇടങ്ങളില്‍ സി.സി.ടി.വി.ക്യാമറകള്‍ സ്ഥാപിച്ച്, പ്ലാസ്റ്റിക് സഞ്ചികളിലും ജീര്‍ണിക്കാത്ത കവറുകളിലും മാലിന്യം തള്ളുന്നവരെ ഹൈക്കോടതിയുടെ ഈയിടെയുണ്ടായ ഉത്തരവുപ്രകാരം നപടിക്കു വിധേയമാക്കുകയും, പിഴ ഈടാക്കുകയും ചെയ്യണം.
ഇലക്ഷന്‍ പ്രചാരണവേളകളില്‍ മത്സരാര്‍ത്ഥികളുടെ പ്രകടന പത്രികകളില്‍ മാലിന്യ നിര്‍മ്മാര്‍ജനം ഒരു മുഖ്യ അജണ്ഡയാക്കി മാറ്റുകയും, പാഴ്‌വാക്കാകില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനുശേഷം മാത്രം വോട്ടുനല്‍കുക.
ഈ വിഷയത്തില്‍ കുട്ടികള്‍ക്കും ചിലതു ചെയ്യുവാന്‍ കഴിയും, സ്‌കൂളുകളില്‍ ഡ്രൈ ഡേ ആചരിക്കുക, ബോധവല്‍ക്കരണം നടത്തുക, ജാഥകള്‍ സംഘടിപ്പിക്കുക,ഫ്‌ളാഷ്‌മോബുകള്‍, മാലിന്യ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിക്കാനുതകും വിധം തയ്യാറാക്കിയ തെരുവു നാടകള്‍ തുടങ്ങിയവ നടത്താം.
വ്യക്തിശുചിത്വവും, ഗാര്‍ഹിക ശുചിത്വവും സ്വന്തം ചുമതലയെന്നു ചിന്തിക്കുമ്പോള്‍തന്നെ പരിസര ശുചിത്വവും സാമൂഹ്യശുചിത്വവും പൊതുശുചിത്വവും നമ്മുടെ ചിന്തയില്‍പോലും വരുന്നില്ല. സ്വന്തംവീട്ടിലെ ഏതുതരം മാലിന്യവും യാതൊരു സങ്കോചവും കൂടാതെ അന്യന്റെ പുരയിടത്തിലേക്ക് അല്ലെങ്കില്‍ പൊതുസ്ഥലങ്ങളിലേക്കോ വലിച്ചെറിയുന്ന പ്രവണത നാം ഉപേക്ഷിക്കേണ്ടതായുണ്ട്.
പ്രകൃതി സൗഹൃദവസ്തുക്കളോട് വിടപറഞ്ഞ്, പ്രകൃതിക്കണങ്ങാത്തവയോട് പറ്റിചേരുകയാണെല്ലാവരും ഇത് പ്രകൃതി വിഭങ്ങളുടെ ഉറവ വറ്റിക്കുകയും, വറ്റാത്തവയില്‍ മാരകമായ മാലിന്യവിഷം കലര്‍ത്തുകയും ചെയ്യുന്ന പവിത്രമായ നമ്മുടെ മണ്ണ് വലിയൊരു ചവറ്റുകൂനയായി അധ.പതിക്കുന്നതില്‍ നമുക്കോരോരുത്തര്‍ക്കും പങ്കുണ്ട്. അഴുക്കുകളിലുത്ഭവിച്ച് ഓരോ നിമിഷവും പെറ്റുപെരുകുന്ന രോഗാണുവാഹികളായ ക്ഷുദ്രജീവികള്‍ നാം എന്നേ പടിയിറക്കി വിട്ട പകര്‍ച്ചവ്യാധികളെ മടക്കിക്കൊണ്ടുവരുന്നു. മണ്ണ് മാത്രമല്ല, പ്രകൃതിയുടെ അപൂര്‍വ വരദാനങ്ങളായ വെള്ളവും വായുവും കൂടെ വിഷമയമാവുകയാണ്. പകര്‍ച്ചപനിയും മഞ്ഞപ്പിത്തവും ഒന്നം നാം മുന്‍പേ സൂചിപ്പിച്ച പകര്‍ച്ചവ്യാധികളുമെല്ലാം ജീവനും പരിസ്ഥിതിക്കും ഭീഷണിയായി മാറിയിരിക്കുന്നു. നമ്മുടെ മനോഭാവത്തെ പുതിയൊരു ശുചിത്വ സംസ്‌കാരത്തിലേക്കുള്ള കല്‍വയ്പ്പുണ്ടാകാന്‍ പാകത്തില്‍ നവീകരിക്കാന്‍ ഇനിയും വൈകിക്കൂടാ 'മാലിന്യം പിണമല്ല, പണമാണെന്നും' മാലിന്യം വിപത്തല്ല , വിഭവമാണെന്നും മനസ്സിലുറപ്പിച്ചുകൊണ്ട് കേരള ശുചിത്വമിഷന്റെ മുദ്രാവാക്യമായ ഉല്‍പാദിപ്പിക്കപ്പെടുന്ന 80% മാലിന്യങ്ങളും കുറയ്ക്കുക, എന്ന നാല് തത്വങ്ങളിലധിഷ്ടിതമായി മാലിന്യ നിര്‍മ്മാര്‍ജനം സാധ്യമാക്കി ഇനിവരുന്ന ഒരു തലമുറയ്ക്ക് വസിക്കുവാന്‍ പാകത്തില്‍ പരിസ്ഥിതി സൗഹാര്‍ദ ഭവനമായി ഭൂമിയെ മാറ്റുവാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന പ്രത്യാശിക്കുന്നു.

Alappuzha


ശാര്‍വരിഭട്ട് ഗവ.എച്ച്.എസ്.എസ്.ചേര്‍ത്തല

February 11
12:53 2017

Write a Comment