Article

കിരിബാസ്: ആഗോളതാപനം കടലില്‍ മുക്കിക്കളഞ്ഞ ഒരു രാജ്യം

ഒരിടത്തൊരിടത്ത് കിരിബാസ് എന്നൊരു രാജ്യമുണ്ടായിരുന്നു. കടലിനോട് ചേര്‍ന്നുള്ള ആ രാജ്യത്ത് ജനങ്ങളിലേറെയും മീന്‍പിടുത്തക്കാരായിരുന്നു. കൈതയും തെങ്ങും തഴച്ചുവളര്‍ന്നിരുന്ന ആ രാജ്യം പെട്ടന്നൊരു ദിവസം കടലില്‍ മുങ്ങിപ്പോയി.'
ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങളുടെ ഏറ്റവും നല്ല ഉദാഹരണമായി സമീപഭാവിയില്‍ ഇങ്ങനെയൊരു കഥ സാമൂഹ്യപാഠ പുസ്തകത്തില്‍ കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും. വെറുമൊരു കഥയായി കിരിബാസ് (Kiribati) അവശേഷിക്കാന്‍ ഇനി അധികകാലം വേണ്ടിവരില്ലെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്. മനുഷ്യന്റെ ചെയ്തികള്‍ ഭൂമിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നുവെന്ന് അപലപിക്കുകയും വര്‍ഷം തോറും പ്രത്യേകം പ്രത്യേകം ദിനങ്ങളാചരിക്കുകയും ചെയ്യുന്നതില്‍ ഒതുങ്ങുന്ന നമ്മുടെ കപട പ്രകൃതിസ്‌നേഹത്തിനുള്ള മറുപടി തന്നെയാണ് കിരിബാസ് അടക്കമുള്ള നിലനില്‍പ് ഭീഷണി നേരിടുന്ന നാല്‍പതോളം ദ്വീപ്രാജ്യങ്ങള്‍.
ഗ്രീന്‍ലന്റിലെയും അന്റാര്‍ട്ടിക്കയിലെയും മഞ്ഞുമലകള്‍ ഉരുകി പസഫിക് സമുദ്രനിരപ്പ് ഉയരുന്നതാണ് കിരിബാസിന്റെ നിലനില്‍പിന് ഭീഷണിയായയത്. 2050 ഓടെ ഈ രാജ്യം പൂര്‍ണമായും കടലില്‍ മുങ്ങും.
കിരിബാസിന്റെ കഥ
പസഫിക് സമുദ്രത്തിലെ 33 ദ്വീപസമൂഹങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യമാണ് കിരിബാസ്. റിപബ്ലിക് ഓഫ് കിരിബാസ് എന്ന് ഔദ്യോഗികനാമം. ഭൂമധ്യരേഖയ്ക്കും അന്താരാഷ്ട്ര സമയരേഖയ്ക്കും ചുറ്റിലായാണ് കിരിബാസിന്റെ സ്ഥാനം. ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിക്കുന്നത് ഇവിടുത്തെ മണ്ണിലാണ്. കടലില്‍ നിന്ന് ആറടിയോളം മാത്രമാണ് കിരിബാസിന്റെ ഉയരം. അതു തന്നെയാണ് ഈ ചെറുദ്വീപരാജ്യത്തിന്റെ ശാപവും.

സമുദ്രനിരപ്പ് ഉയരാന്‍ തുടങ്ങിയതോടെ ഇവരുടെ ജീവിതവും ദുരിതത്തിലായി. കിണറുകളില്‍ ശുദ്ധജലം കിട്ടാതായി. കൃഷിയിടങ്ങള്‍ കടല്‍ കയ്യേറി. ചിലരൊക്കെ തലസ്ഥാനദ്വീപായ കിഴക്കന്‍ ടറാവോയിലേക്ക് കുടിയേറി. അവിടവും സുരക്ഷിതമല്ലെന്ന് അറിയാഞ്ഞിട്ടല്ല, കുറച്ചുകാലം കൂടി തങ്ങളുടെ മണ്ണില്‍ കഴിയാമല്ലോ എന്ന ആഗ്രഹം കൊണ്ടു മാത്രം. കിരിബാസിലെ ജനങ്ങളെ ഒന്നാകെ മറ്റൊരു രാജ്യത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുക മാത്രമാണ് അതിജീവനത്തിനുള്ള ഏക പോംവഴി.
സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി മറ്റൊരിടത്തേക്ക് പോവാന്‍ അവര്‍ തയ്യാറെടുത്തുകഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കിരിബാസ് ഉപേക്ഷിച്ച് അന്യനാട്ടിലേക് പോവാനൊരുങ്ങുന്ന അവര്‍ അതോടെ ലോകത്തെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ത്ഥികളാവും. ഫിജി ദ്വീപിലെ 20 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തേക്കാവും പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഈ ജനങ്ങള്‍ പോവേണ്ടത്. 2014ല്‍ കിരിബാസ് പ്രസിഡന്റ് അനോട്ടെ ടോങ് ആണ് ഫിജിയില്‍ പുതിയ സ്ഥലം തന്റെ ജനതയ്ക്കായി വാങ്ങിയത്. 5451 ഏക്കറോളം ഭൂമിയാണ് ഇവിടെ വാങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളുടെ പിന്തുണയും കിരിബാസിനുണ്ട്.
ജന്മനാട് വിട്ട് മറ്റൊരിടത്തേക്ക് കുടിയേറുന്നതിന്റെ ആശങ്കയിലാണ് കിരിബാസിലെ ജനത. പുതിയ രാജ്യം തങ്ങളെ അവിടത്തുകാരായി സ്വീകരിക്കുമോ എന്ന സംശയവും ഇവര്‍ക്കുണ്ട്. കിരിബാസ് ക്ലൈമറ്റ് ആക്ഷന്‍ നെറ്റ് വര്‍ക്ക് (കിരി-കാന്‍) ആണ് ജനങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് നയിക്കുക. കിരിബാസ് കടലിനടിയിലേക്ക് മറയുന്നതോടെ ഒരു ജനതയുടെ തനത് സംസ്‌കാരം കൂടിയാണ് അപ്രത്യക്ഷമാകുക. വാമൊഴിവഴക്കങ്ങളിലും ജീവിതശൈലികളിലും തലമുറകള്‍ കൈമാറിവന്ന പലതും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതോടെ ഉപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവും.
എന്നാല്‍, കാലാവസ്ഥാ അഭയാര്‍ഥികളെന്ന വിശേഷണത്തിന് നിയമത്തിന്റെ ആനുകൂല്യമൊന്നുമില്ലെന്നതാണ് മറ്റൊരു സത്യം. ഏത് രാജ്യത്തേക്ക് കുടിയേറിയാലും പൂര്‍ണ അര്‍ഥത്തില്‍ അവിടുത്ത പൗരന്മാരായി മാറാന്‍ കിരിബാസ് ജനതയ്ക്കാവില്ല. 2012ല്‍ ന്യൂസിലന്റിലേക്ക് കുടിയേറിയ ഒരു കിരിബാസുകാരന്‍ തന്നെ ആ രാജ്യത്തെ പൗരനാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കൊടിയ രാഷ്ട്രീയപീഡനങ്ങളാണ് അയാള്‍ക്ക് പിന്നീട് നേരിടേണ്ടി വന്നത്. യുഎന്‍ മനുഷ്യാവകാശസമിതിയല്‍ കിരിബാസ് പൗരന്മാര്‍ക്കു വേണ്ടി പ്രത്യേക അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

മണല്‍ച്ചാക്കുകള്‍ കൊണ്ട് കടലിന്റെ ആക്രമണത്തെ ആവും വിധം പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴൊന്നും കിരിബാസിലെ ജനതയ്ക്കറിയില്ലായിരുന്നു മുന്‍പന്തിയിലുള്ള ലോകരാഷ്ട്രങ്ങളുടെ ചെയ്തികളുടെ ദുഷ്ഫലമാണ് തങ്ങള്‍ അനുവദിക്കുന്നതെന്ന്. ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ കാര്‍ബണ്‍ ബഹിര്‍ഗമനം ഏറ്റവും കൂടുതലുള്ളത് അമേരിക്കയും ബ്രിട്ടനും പോലെയുള്ള രാജ്യങ്ങളിലാണ്.
കിരിബാസ് ഒരു ചൂണ്ടുപലകയാണ്
കിരബാസ് ദ്വീപസമൂഹങ്ങളുടെ വിധി, ആഗോളതാപനം മൂലം ലോകത്ത് സംഭവിക്കാനിരിക്കുന്ന വലിയ പ്രതിസന്ധികളുടെ ഒരു സൂചനയാണ്. 2015ലെ ആഗോളകാലാവസ്ഥാ ഉച്ചകോടിയില്‍ കിരിബാസിന്റെ അവസ്ഥ ചര്‍ച്ചയ്ക്ക് വന്നിരുന്നതാണ്. ആഗോള താപനം ഉയരുന്നത് കിരിബാസ് അടക്കമുള്ള പല ദ്വീപ് രാഷട്രങ്ങളുടെയും നാശത്തിന് കാരണമാവുമെന്ന വസ്തുത തിരിച്ചറിഞ്ഞ് ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉച്ചകോടി തീരുമാനമെടുത്തിരുന്നു. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കാന്‍ ശ്രമിക്കുമെന്ന കരാറും പാരീസ് ഉടമ്പടിയിലുണ്ടായി.

പാരീസ് ഉടമ്പടിയില്‍ ഒപ്പുവച്ചത് 195 രാജ്യങ്ങളാണ്. ഹരിതഗൃഹവാതകങ്ങളുടെ 85 ശതമാനവും പുറന്തള്ളുന്നത് 25 ശതമാനം വരുന്ന വികസിത രാജ്യങ്ങളാണ്. അതുകൊണ്ട് തന്നെ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാതെ കാലാവസ്ഥാ വ്യതിയാനങ്ങളെ പിടിച്ചുനിര്‍ത്താനും ദ്വീപരാഷ്ട്രങ്ങളെ രക്ഷിക്കാനും കഴിയില്ല എന്നതാണ് വാസ്തവം. ആഗോളതാപനം കുറയ്ക്കാന്‍ വികസിതരാജ്യങ്ങള്‍ 2020ന് ശേഷം പ്രതിവര്‍ഷം 10,000 കോടി ഡോളര്‍ നീക്കിവയ്ക്കുമെന്നാണ് ഉച്ചകോടിയില്‍ തീരുമാനമെടുത്തത്. എന്നാല്‍, പ്രഖ്യാപനം നടപ്പാക്കാന്‍ ആ രാജ്യങ്ങളെ നിര്‍ബന്ധിതരാക്കുന്ന വ്യവസ്ഥയൊന്നും ഉടമ്പടിയിലില്ല എന്നതിനെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോളതാപനവും സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ വഴികണ്ടെത്താന്‍ ചേര്‍ന്ന 1997ലെ ക്യോട്ടോ ഉടമ്പടി, 2002ലെ ജോഹന്നാസ്ബര്‍ഗ് ഉടമ്പടി, 2007ലെ ബാലി ഉച്ചകോടി, 2011ലെ ദര്‍ബന്‍ ഉച്ചകോടി, 2012ലെ ഖത്തര്‍ ഉച്ചകോടി, 2013ലെ വാര്‍സ ഉച്ചകോടി എന്നിവയിലെല്ലാം കൈക്കൊണ്ട തീരുമാനങ്ങള്‍ പകുതി പോലും നടപ്പാകാതെ പോയ ചരിത്രമാണുള്ളത്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്‍പന്തിയിലുള്ള അമേരിക്ക, പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനവാതകമല്ലെന്ന് തെളിയിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.
വ്യവസായത്തിലധിഷ്ഠിതമായ വികസനമാണ് വികസിതരാഷ്ട്രങ്ങളുടേത്. ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കണമെങ്കില്‍ വ്യവസായത്തിന്റെ തോതും കുറച്ചേ പറ്റൂ. ഇത് സാമ്പത്തികനിലയെ പിന്നോട്ട് തള്ളുമെന്ന തിരിച്ചറിവാണ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ കാലാവസ്ഥാ ഉടമ്പടികളോട് മുഖം തിരിക്കാന്‍ കാരണം. അതിന്റെയൊക്കെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരുന്നതോ ഒരു ശതമാനം പോലും ഹരിതഗൃഹവാതകങ്ങള്‍ പുറന്തളളാത്ത കിരിബാസ് പോലെയുള്ള ദ്വീപ് രാഷ്ട്രങ്ങളും.
കിരിബാസ് ഒരു ചോദ്യമാണ്. ലോകമൊന്നാകെ ഉത്തരം പറയേണ്ട ചോദ്യം. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും അവകാശമില്ല. കാരണം, വിദൂരഭാവിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ആരൊക്കെ അനുഭവിക്കേണ്ടിവരും എന്ന ആശങ്ക കിരിബാസിനൊപ്പം ഇല്ലാതാകുന്നതല്ല എന്നതുതന്നെ!










വീണാ ചന്ദ്‌..

October 09
12:53 2017

Write a Comment