Article

ഉറവിട മാലിന്യ സംസ്‌കരണം

നമ്മള്‍ കേരളീയര്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വ്യക്തിശുചിത്വത്തില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. വഴിയരികിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടുന്ന മാലിന്യങ്ങളുമായി നമുക്ക് എത്രകാലം മുന്നോട്ടു പോകുവാന്‍പറ്റും. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ഗുരുതരമാണ്. ജൈവ-അജൈവ മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അവശേഷിക്കുകയാണ്. ജനകീയ പങ്കാളിത്തത്തോടെ മാലിന്യ സംസ്‌കരണപ്രശ്‌നം കൈകാര്യം ചെയ്യാന്‍ വ്യക്തമായ ഒരു നയരൂപീകരണം നമുക്കാവശ്യമാണ്. ഈ അവസരത്തില്‍ ഉറവിട മാലിന്യ സംസ്‌കരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

മാലിന്യ ഉറവിടങ്ങള്‍ ഏതൊക്കെയാണ്?
വീടുകള്‍, ഹോട്ടലുകള്‍, അറവുശാലകള്‍, വ്യവസായശാലകള്‍, ചന്തകള്‍, മറ്റു വൃത്തിഹീന പരിസരങ്ങള്‍ ഇവയൊക്കെയാണ് മാലിന്യത്തിന്റെ ഉറവിടങ്ങള്‍. ഇവിടങ്ങളില്‍ നിന്നും പുറംതള്ളുന്ന വസ്തുക്കളാണ് നമ്മുടെ വിഷയത്തിനാധാരം.
മാലിന്യങ്ങള്‍ അവിന്റെ ഉദ്ഭവസ്ഥാനങ്ങളില്‍ത്തന്നെ വേണ്ടവണ്ണം സംസ്‌കരിക്കുവാന്‍ നാം പഠിക്കേണ്ടതായിട്ടുണ്ട്. ഇതിന് എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്.
അടുക്കളയില്‍ നിന്നും പുറംതള്ളുന്നവയില്‍ അധികവും ജൈവ വസ്തുക്കളാണല്ലോ. പലതും നമുക്ക് നേരിട്ട് വളമായി ഉപയോഗിക്കാം. മത്സ്യാവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും തെങ്ങിന്റേയോ വാഴയുടെയോചുവട്ടില്‍ ഒരു ചെറുകുഴികുത്തി അതിലിട്ടുമൂടാം. ഇത് നല്ല വളമാണ്.
ഇല്ലെങ്കില്‍ പൈപ്പ് കമ്പോസ്റ്റുണ്ടാക്കാം. അടപ്പോടുകൂടിയ പന്ത്രണ്ട് ഇഞ്ചു വലിപ്പമുള്ള രണ്ട് പി.വി.സി. പൈപ്പുണ്ടെങ്കില്‍ അടുക്കളമാലിന്യങ്ങള്‍ അതിലിട്ടു വളമാക്കാം.
ഈയിടെ കേരള കരഷകന്‍ മാസികയില്‍വന്ന ഒരു രീതി പറയാം. ഇതൊരു കര്‍ഷകന്‍ പരീക്ഷിച്ചു വിജയിച്ച സംസ്‌കരണരീതിയാണ്. ഇതിന് എഴുപത്തിയഞ്ചുകിലോഗ്രാം സാധനം കൊള്ളുന്ന ഒരു ചണച്ചാക്കുമാത്രം മതിയാകും. ഇതില്‍ ആദ്യം കുറെ കരിയിലയും ചാണകപ്പൊടിയും ചാരവുംകൂടിയിടണം. പറമ്പിലെ ഏതെങ്കിലും ഒഴിഞ്ഞ കോണില്‍ വേണം സൂക്ഷിക്കാന്‍. പിന്നീട് ഓരോ ദിവസവും അടുക്കളയിലുണ്ടാകുന്ന അഴുക്കുകള്‍ ഈ ചാക്കില്‍ ഇടുക. അതിനുമുകളില്‍ കരിയിലയും ചാണകപ്പൊടിയും ചാരവും ഇടണം. ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക. ചാക്കു നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത ചാക്കുപയോഗിക്കാം. പഴയചാക്കിലെ വസ്തുക്കള്‍ രണ്ടോ മൂന്നോ മാസം കൊണ്ട് പടിഞ്ഞു ദ്രവിച്ച് വളമായിമാറും. ഈ വളം പച്ചക്കറികള്‍ക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. ഇന്തുകൊണ്ട് നമുക്ക് പരീക്ഷിച്ചുകൂടാ. ഞാനെന്റെ വീട്ടില്‍ ഇതു പരീക്ഷിച്ചിട്ടുണ്ട്.
ഒരു വൈദ്യശാലയില്‍ ഞാന്‍ കണ്ട ലളിതമായ രീതിയിലുള്ള ഒരു രീതികൂടി പറയാം. ഇതിന് കാലിയായയ ഒരു മണ്ണെണ്ണ വീപ്പയും ഒരു മണ്‍പൈപ്പും ഏതാനും ചില്ലറ സാമഗ്രികളും മതിയാകും. മൂന്നു കാലില്‍ പൊക്കി നിര്‍ത്തിയ വീപ്പയുടെ ഒരുഭാഗം വെട്ടി ഒരു കതകുപോലെ ആക്കാം. വീപ്പയുടെ മുകള്‍ ഭാഗത്ത് ദ്വാരം ഉണ്ടാക്കി മണ്‍പൈപ്പ് അതില്‍ ഉറപ്പിക്കുക. വീപ്പയുടെ കതകു തുറന്ന് അതില്‍ മാലിന്യങ്ങള്‍ ഇട്ട് അതോടൊപ്പം കത്തുന്ന എന്തെങ്കിലും വസ്തുക്കളും ചേര്‍ത്ത് തീയിടുക. വീപ്പയുടെ ചുറ്റും മൂന്നോ നാലോ ദ്വാരങ്ങള്‍ ഉണ്ടായിരിക്കണം. വായു കടക്കാനാണ് ഇത്. തീകൊളുത്തികഴിഞ്ഞ് വാതില്‍ അടയ്ക്കാം. മാലിന്യങ്ങള്‍ അതിനുള്ളില്‍ കത്തിയമരും. വീപ്പ ഇരുമ്പായതിനാല്‍ അതുപെട്ടെന്നു ചൂടുപിടിയ്ക്കുകയും ആ ചൂടില്‍ ഉള്ളിലെ വസ്തു ചാമ്പലായി പുറത്തേക്കു വരികയും ചെയ്യും. ഇതൊരു ചൂളപോലെയാണ്. പൈപ്പ് ഉയര്‍ന്നുനില്കുന്നതിനാല്‍ ദുര്‍ഗ്ഗന്ധം അനുഭവപ്പെടുകയുമില്ല.
പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. ഇക്കാര്യത്തില്‍ പഴയകാലത്തേക്ക് ഒരു തിരിച്ചുപോക്ക് ആകാം. കടയില്‍ പോകുമ്പോള്‍ തുണിസഞ്ചികരുതാം. സാധനങ്ങള്‍ കടലാസുകൂടുകളിലോ കടലാസില്‍തന്നെയോ പൊതിഞ്ഞുതരാന്‍ ആവശ്യപ്പെടാം. വീട്ടുമുറ്റത്തുകൊണ്ടുവരുന്ന മത്സ്യവും പച്ചക്കറികളും വാങ്ങാന്‍ നമ്മള്‍ പാത്രം എടുക്കാന്‍ മെനക്കെടാറില്ല. ഇത് ഒഴിവാക്കിക്കൂടെ. ഉദാഹരണത്തിന് എല്ലാ ദിവസവും മത്സ്യം വാങ്ങുന്ന ഒരു വീട്ടില്‍ ഒരു മാസം മുപ്പതു പ്ലാസ്റ്റിക് സഞ്ചികളെത്തും. ഇതിനെപന്ത്രണ്ടു കൊണ്ടു ഗുണിച്ചാല്‍ ഒരു വര്‍ഷം അവരുടെ പറമ്പില്‍ മുന്നൂറ്റിഅറുപത് പ്ലാസ്റ്റിക്ക് കൂടുകള്‍ മത്സ്യം വാങ്ങുമ്പോള്‍ മാത്രം എത്തുന്നു. ഇങ്ങനെ പച്ചക്കറി വാങ്ങുമ്പോഴും ഇൗ കണക്കെടുത്താലോ. വീട്ടില്‍ നിന്ന് ഒരുപാത്രം എടുത്തുകൊണ്ട് ഇവ വാങ്ങാന്‍ കഴിഞ്ഞാല്‍ ഈ ഭീകരത ഒഴിവാക്കാമല്ലോ? അപ്പോള്‍ ശീലങ്ങള്‍ മാറിയാല്‍ ശല്യങ്ങള്‍ ഒഴിവാക്കാം. പ്ലാസ്റ്റിക് അല്ലാതെ പുനരുപയോഗിക്കാന്‍ കഴിയുന്ന പ്രകൃതിദത്ത വസ്തുക്കള്‍ നേരത്തേതന്നെ ഇവിടെയുണ്ട്. പക്ഷേ അവയൊന്നും ഇന്നത്തെ പരിഷ്‌കാരവുമായി ചേരാത്തതിനാല്‍ അവയെ സൗന്ദര്യവല്കരിച്ച് ആകര്‍ഷകമാക്കിയാല്‍ എല്ലാവരും അത് ഇഷ്ടപ്പെടും. അതിന് സര്‍ക്കാറിന്റെയും അതിനുകഴിലുള്ള മറ്റു സ്ഥാപനങ്ങളുടെയും ഇടപെടലാണ് ആവശ്യം.
മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പദ്ധതികളും താഴേത്തട്ടിലേക്ക് എത്തപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ഇത് നഗരങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു.
ജനകീയ പങ്കാളിത്തമില്ലാതെ ഒരു പ്രശ്‌നത്തിനും പരിഹാരം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിലും അതാ്ണ ആവശ്യം.
വീടു വീടാന്തരമുള്ള ബോധവത്കരണത്തിനൊപ്പം പ്രാവര്‍ത്തികമാക്കാനുള്ള പരിശീലനങ്ങളും ആവശ്യമാണ്. വ്യാജ ജൈവ വളത്തിനു കൊടുക്കുന്ന സബ്‌സിഡി ഈ മേഖലയില്‍ ചിലവാക്കിയാല്‍ നല്ല ഒന്നാതരം വളംകിട്ടും.
വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുവാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം. ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാത്ത ഹോട്ടലുകള്‍, വ്യവസായ ശാലകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി നല്കരുത്.
തെരുവ് നായ്ക്കളുടെ ശല്യം ഏറുന്നതിന്റെ പ്രധാന പങ്ക് അറവുശാലകളില്‍മറ്റും പുറംതള്ളുന്ന മാംസാവശിഷ്ടങ്ങളാണ്.
കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ഈറ്റ കൊണ്ടുള്ള ഉപകരണങ്ങള്‍, കടലാസു കൂടുകള്‍ എന്നിവ നിര്‍മ്മുവാനുള്ള പരിശീലനം നല്‍കിയാല്‍ പ്ലാസ്റ്റിക്കുവഴിയുള്ള മാലിന്യപ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാകും.
നമ്മള്‍ ഹരിത വിപ്ലവം നടത്തി. ധവള വിപ്ലവം നടത്തി. നീല വിപ്ലവം നടത്തി. എന്തുകൊണ്ട് ഒരു മാലിന്യ വിരുദ്ധ വിപ്ലവം ആയിക്കൂടാ.


ഗൗതം ശങ്കര്‍
ജി.എച്ച്.എസ്.എസ്., രാമപുരം


ഗൗതം ശങ്കര്‍

July 21
12:53 2018

Write a Comment