CRADLE FOR TURTLES

കടലാമകളെത്താതെ 'മുതിയം കടലാമ സംരക്ഷണകേന്ദ്രം'

വള്ളിക്കുന്ന്: ഓരോ വര്‍ഷവും 'കടലാമകള്‍' മുട്ടയിടാനായി എത്തുന്ന തീരമാണ് വള്ളിക്കുന്ന് അരിയല്ലൂരിലെ മുതിയം കടപ്പുറം.
14 മുതല്‍ 28 ആമകള്‍വരെ പലപ്പോഴായി ഇവിടേക്ക് തുഴഞ്ഞ് എത്താറുണ്ടായിരുന്നു. മണലില്‍ മുട്ടയിട്ട് ഇവ വീണ്ടും കടലിലേക്ക് തിരിച്ചുപോകും.
മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളും കടലിലേക്കിറങ്ങും. ആയിരത്തിലധികം കടലാമക്കുഞ്ഞുങ്ങള്‍ മുതിയം കടലാമ സംരക്ഷണകേന്ദ്രത്തില്‍നിന്ന് കടല്‍ജീവിതത്തിലേക്ക് നീന്തിപ്പോയിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കടലാമകള്‍ക്ക് മുതിയം കടപ്പുറം അത്ര പഥ്യമല്ല.
വനംവകുപ്പ് കോഴിക്കോട് ഡിവിഷനുകീഴില്‍ മുതിയം, കടലാമ സംരക്ഷണകേന്ദ്രമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സംരക്ഷിക്കാന്‍ കടലാമകളില്ലാത്ത അവസ്ഥയാണിപ്പോള്‍. കടലാക്രമണം വര്‍ധിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവിടെ കടല്‍ഭിത്തി കെട്ടി സംരക്ഷിച്ചപ്പോള്‍ നാമാവശേഷമായത് കടലാമകളുടെ പ്രജനനകേന്ദ്രമാണ്.
ഇത്തവണ വന്നത് ഒരു കടലാമ അഞ്ചുവര്‍ഷത്തിനുശേഷം ഇത്തവണയാണ് ഒരു കടലാമ ഈ തീരം കണ്ടത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിരോധംകൊണ്ട് കടല്‍ഭിത്തി കെട്ടാതെ നിലനിര്‍ത്തിയ ചെറിയഭാഗത്താണ് ഇത്തവണ കടലാമയെത്തിയത്.
മുട്ടയിട്ട് കടലാമ തിരിച്ചുപോയെങ്കിലും മുട്ടകള്‍ കണ്ടെത്താന്‍ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. മുട്ടകള്‍ സമീപവാസികള്‍ എടുത്തിരിക്കാം എന്നാണ് ഇവര്‍ പറയുന്നത്. കാലങ്ങള്‍ക്കുശേഷമാണ് ഇവിടെ കടലാമകളെത്തുന്നതെന്നും അതിനെപ്പോലും സംരക്ഷിക്കാനാകാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നും തീരത്തിന്റെ ചുമതലയുള്ള വനംവകുപ്പ് ജീവനക്കാരന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
'ഒലിവ് റിഡ്‌ലി' രണ്ടുതരം ആമകളാണ് ഈ തീരത്തെത്താറുള്ളത്. 'അരിമ്പാട'യും 'ഒലിവ് റിഡ്‌ലി'യും. അരിമ്പാടയെ രണ്ടുതവണ മാത്രമേ മുതിയത്ത് കണ്ടിട്ടുള്ളു. എന്നാല്‍, ഒലിവ് റിഡ്‌ലികള്‍ ഇവിടത്തെ സ്ഥിരം സന്ദര്‍ശകരാണ്. 5000 കിലോമീറ്ററുകള്‍ താണ്ടി ശാന്തസമുദ്രത്തില്‍ നിന്നെത്തുന്നവയാണ് ഒലിവ് റിഡ്‌ലികള്‍. കടലാമകളില്‍ തലയും കൈകാലുകളും അകത്തേക്ക് വലിക്കാനാകാത്ത ഇനമാണിവ. സപ്തംബര്‍മാര്‍ച്ച് മാസങ്ങളില്‍ മുട്ടയിടാനായാണ് തീരത്തെത്തുന്നത്.
നേരിടുന്നത്
വംശനാശ ഭീഷണി പല കാരണങ്ങളാല്‍ ആഗോളതലത്തില്‍ത്തന്നെ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് കടലാമകള്‍. മുതിയം കടപ്പുറത്തെപ്പോലെ കടല്‍ഭിത്തികളുടെ ഉയര്‍ന്നുവരവാണ് ഇതിന് പ്രധാനകാരണം. മുട്ടയിടാനായി മണല്‍ത്തീരം വേണ്ട കടലാമകള്‍ക്ക് കടല്‍ഭിത്തികള്‍ തടസ്സമാകുന്നുവെന്നും വനംവകുപ്പ് ജീവനക്കാരന്‍ ചന്ദ്രശേഖരന്‍ പറയുന്നു. ഇവിടെ കടല്‍ഭിത്തി വന്ന ശേഷം ഒട്ടുമ്മല്‍, പൂരപ്പുഴ, പയ്യോളി തീരങ്ങളിലേക്ക് ചെറിയതോതില്‍ ആമകള്‍ എത്താറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കടലിലെ ചെറിയ വിഷജന്തുക്കളെയും പൂപ്പലുകളെയും മറ്റും ഭക്ഷിച്ച് കടലിനെ ശുദ്ധീകരിക്കുന്ന കടലാമകള്‍ മത്സ്യസമ്പത്തിനെ വരെ സ്വാധീനിക്കുന്നുണ്ട്.
സംരക്ഷിക്കണം
കടലാമകളെ അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് പരിസ്ഥിതി സ്‌നേഹികളായ കുറച്ചുപേര്‍ വനംവകുപ്പിന്റെ സഹകരണത്തോടെ കടലാമ സംരക്ഷണം ഏറ്റെടുത്തിരുന്നു. കടലാമ മുട്ടകളെ െവള്ളംകയറാതെ സംരക്ഷിക്കാന്‍ മണലില്‍ മറ്റൊരു കുഴികുത്തി അതിലേക്ക് മുട്ടകളെ മാറ്റി മുളകൊണ്ട് 'ഹാച്ചറി' എന്നുവിളിക്കുന്ന മറ തീര്‍ത്ത് സംരക്ഷിച്ചിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ യു. കലാനാഥന്‍ പറയുന്നു. 47 ദിവസത്തിനുശേഷം ഇരുനൂറോളം കുഞ്ഞുങ്ങളെയാണ് അന്ന് ഇവര്‍ കടലിലേക്കിറക്കിവിട്ടത്. ജലസേചന വകുപ്പ് ഇവിടെ കടല്‍ഭിത്തികെട്ടിയതോടെ കടലാമകളുടെ വരവ് നിലച്ചെന്നും പൂര്‍ണമായും ഭിത്തികെട്ടാനുള്ള നീക്കം പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞുവെന്നും കലാനാഥന്‍ പറഞ്ഞു.

January 27
12:53 2016

Write a Comment