EVENTS

മാതൃവാത്സല്യം നിറഞ്ഞു; കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക് പിച്ചവച്ചു

December 08
12:53 2015


കാഞ്ഞങ്ങാട്: മാതൃസ്‌നേഹം തിരതല്ലിയ ഉത്സവാന്തരീക്ഷത്തില്‍, 79 കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക് പിച്ചവച്ചു.
സങ്കടത്തിന്റെയും സന്തോഷത്തിന്റെയും വൈകാരികനിമിഷങ്ങള്‍ പിറന്ന സായംസന്ധ്യയില്‍, തിരമാലകള്‍ക്കിടയിലൂടെ ഇഴഞ്ഞിഴഞ്ഞ് അവ ഒന്നൊന്നായി ആഴക്കടലിലേക്ക് നീന്തി.
കാഞ്ഞങ്ങാട് തൈക്കടപ്പുറത്താണ് ഉത്സവാന്തരീക്ഷത്തില്‍ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കയച്ചത്. കടലാമകളെ നെഞ്ചോടുചേര്‍ത്ത് സ്‌നേഹിക്കുന്ന നെയ്തല്‍സംഘടനയാണ് കടലാമയുടെ മുട്ടകള്‍ ശേഖരിച്ച് അമ്മത്തൊട്ടിലൊരുക്കിയത്. ഇത് പതിനാലാംവര്‍ഷമാണ് 'നെയ്തല്‍' കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ച് കടലിലേക്ക് അയക്കുന്നത്. കടലാമകളുടെ ഈ സീസണിലെ ആദ്യത്തെ പിറവിയാണിത്. നെയ്തലും മാതൃഭൂമി സീഡും സോഷ്യല്‍ ഫോറസ്ട്രി വകുപ്പും ചേര്‍ന്നാണ് കടലാമക്കുഞ്ഞുങ്ങളെ കടലിന്റെ മടിത്തട്ടിലേക്കെത്തിച്ചത്.
കടലാമസംരക്ഷണപ്രവര്‍ത്തനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' പദ്ധതിയുടെ ഭാഗമായാണ് മാതൃഭൂമി സീഡ് നെയ്തലുമായി കൈകോര്‍ത്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് കിട്ടിയ മുട്ടകളാണ് ഇപ്പോള്‍ വിരിഞ്ഞത്. ഒഴിഞ്ഞവളപ്പ് കടപ്പുറത്തുനിന്നാണ് 131 മുട്ടകള്‍ കിട്ടിയത്. ഒരു കടലാമയുടെ മുട്ടകളാണ് ഇതത്രയും. അവയെ സുരക്ഷിതമായി നെയ്തലിന്റെ തൈക്കടപ്പുറത്തെ സംരക്ഷണകേന്ദ്രത്തിലെത്തിച്ചു. ഇവിടെ ഒന്നരയടി ആഴത്തിലും മുക്കാല്‍ അടി വീതിയിലും തീര്‍ത്ത കുഴികളില്‍ മുട്ടകള്‍വച്ച് തീരത്തെ കരമണലിട്ട് മൂടി. 44ാം ദിവസമായ തിങ്കളാഴ്ച രാത്രിയാണ് മുട്ടവിരിഞ്ഞത്. മുഴുവന്‍ കുഞ്ഞുങ്ങളെയും പ്രത്യേകം തയ്യാറാക്കിയ ബാത്ത് ടബ്ബിലേക്ക് മാറ്റി. ചൊവ്വാഴ്ച പകല്‍ മുഴുവന്‍ കടലാമക്കുഞ്ഞുങ്ങളെ കാണാന്‍ ആളുകളെത്തി. വൈകുന്നേരത്തോടെ നെയ്തല്‍പ്രവര്‍ത്തകരുടെ ഹ്രസ്വവിവരണത്തോടെ ചടങ്ങുകള്‍ തുടങ്ങി.
കടലാമയ്‌ക്കൊരു കൈത്തൊട്ടിലുമായി മാതൃഭൂമി മുന്നോട്ടുവന്നത് ആശാവഹമാണെന്ന് നെയ്തല്‍ സെക്രട്ടറി കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു.
നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കടലാമസംരക്ഷണം നടത്തുന്ന നെയ്തല്‍ കേരളത്തിന് മാതൃകയാണെന്നും ഇവരുടെ പ്രവര്‍ത്തനത്തിന് നഗരസഭയുടെ മുഴുവന്‍ പിന്തുണയുണ്ടാകുമെന്നും കെ.പി.ജയരാജന്‍ പറഞ്ഞു. ഉപാധ്യക്ഷ വി.ഗൗരി, കൗണ്‍സിലര്‍മാരായ എ.കെ.കുഞ്ഞിക്കണ്ണന്‍, കെ.പ്രകാശ്, എന്‍.പി.ആയിഷാബി, എം.ലത, കെ.തങ്കമണി,വി.വി.സീമ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരായ കെ.സുമതി, ഷൈജ സായിദാസ്, കേന്ദ്ര സര്‍വകലാശാല അസി. പ്രൊഫ. ജാസ്മിന്‍, കാഞ്ഞങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന്‍, ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. പി.കെ.ജയരാജ്, മരക്കാപ്പ് കടപ്പുറം ജി.എഫ്.എച്ച്.എസ്സിലെ മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ എം.പി.ചന്ദ്രന്‍, സി.ഐ.ടി.യു.ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, സി.കെ.കെ.മാണിയൂര്‍, മാമുനി വിജയന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, നെയ്തല്‍ പ്രവര്‍ത്തകരായ പി.വി.സുധീര്‍കുമാര്‍, കെ.സുനി, സി.ശാന്തന്‍, കെ.വി.സുഹാസ്, ടി.പി.അനൂപ്, ടി.വി.പ്രശാന്ത്, മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കെ.ലോഹിതാക്ഷന്‍, വനംവകുപ്പുദ്യോഗസ്ഥരായ എം.പി.പ്രഭാകരന്‍, എം.കേശവന്‍, കെ.മധുസൂദനന്‍ എന്നിവരും മാതൃഭൂമി സീഡ് പ്രവര്‍ത്തകരായ നൂറിലേറെ കുട്ടികളും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.
കടലാമകള്‍ മുട്ടയിടാനെത്തുന്ന സമയം കൂടിയാണിത്.ആമകളെ വരവേല്‍ക്കുകയെന്ന സന്ദേശമുയര്‍ത്തി സംസ്ഥാനത്തൊട്ടാകെ മാതൃഭൂമി സീഡ് കുട്ടികള്‍ നടത്തുന്ന കടല്‍തീര റാലിയും നടന്നു. മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍, ഹൊസ്ദുര്‍ഗ് കടപ്പുറം ഗവ. യു.പി.സ്‌കൂള്‍, ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സീഡ് പ്രവര്‍ത്തകരാണ് റാലി നടത്തിയത്.






Write a Comment

Related Events