EVENTS

കരിമ്പുകൃഷിയുടെ മധുരം തിരിച്ചുപിടിക്കാൻ ‘കൃഷിഭൂമി’

February 20
12:53 2016

കിഴക്കൻ മേഖലയുടെ മുഖമായിരുന്ന കരിമ്പുകൃഷിയുടെ മധുരം തിരിച്ചുപിടിക്കാൻ കുട്ടികളും കർഷകരും അധ്യാപകരും കൃഷിവിദഗ്ദരും ഒത്തുകൂടി. കരിമ്പിന്റെ നടീൽ മുതൽ ശർക്കര ഉത്പാദനം വരെ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കിക്കൊടുക്കുന്നതായി മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഒരുക്കിയ ‘കൃഷിഭൂമി’ സെമിനാർ.
വിലത്തകർച്ചയും തൊഴിലാളിക്ഷാമവും ജലസേചന പ്രശ്നവുമെല്ലാം കരിമ്പുകൃഷിയുടെ പ്രതാപം മങ്ങിയതിന് കാരണമായെന്ന് കർഷകർ പറഞ്ഞു. കരിമ്പുകൃഷിയുടെ ശാസ്ത്രീയവശങ്ങളും കൃഷിരീതിയും സംസ്കരണവുമെല്ലാം ചർച്ചയായി.
എരുത്തേമ്പതി കൃഷി ഓഫീസർ ടി.ടി. അരുൺ ക്ലാസെടുത്തു. കരിമ്പും ഉഴുന്നും കടലയും ചാമയും തിനയുമൊക്കെ ഉണ്ടായിരുന്ന എരുത്തേമ്പതിയിലെ കാർഷികമേഖലയ്ക്ക് ഉണ്ടായ മാറ്റം അദ്ദേഹം വിവരിച്ചു. കരിമ്പുകൃഷിയുടെ പേരിനൊപ്പം ചേർത്തുവെച്ചിരുന്ന നാടിന്റെ പേരും ചിറ്റൂർ ഷുഗേഴ്സ് ഫാക്ടറിയുടെ തകർച്ചയുമെല്ലാം പരിപാടി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് പൊൻ രാജ് പരാമർശിച്ചു.
മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷത വഹിച്ചു. എസ്.വി.എച്ച്.എസ്. പ്രധാനാധ്യാപകൻ ശ്രീകുമാർ ആശംസയർപ്പിച്ചു. സീഡ് പാലക്കാട് വിദ്യാഭ്യാസ ജില്ല എസ്.പി.ഒ. സി.എം. അരവിന്ദാക്ഷൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ശക്തിപ്രിയ നന്ദിയും പറഞ്ഞു.
സെമിനാറിനുശേഷം കുട്ടികൾ ശർക്കര ഉത്പാദിപ്പിക്കുന്ന ആല സന്ദർശിച്ചു. കർഷകനായ ശക്തിവേൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ചിറ്റൂർ മേഖലയിലെ കാർഷികസംസ്കാരം കുട്ടികളിലൂടെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘കൃഷിഭൂമി’ പരിപാടിയുടെ ആദ്യഘട്ടമാണ് എരുത്തേന്പതിയിൽ നടന്നത്. സംസ്ഥാന കാർഷികവികസന കർഷകക്ഷേമ വകുപ്പുമായി സഹകരിച്ചാണ് ഇത്. എരുത്തേമ്പതി എസ്.വി.എച്ച്. സ്കൂള് സീഡ് ക്ലബ്ബിലെ കുട്ടികളാണ് പങ്കെടുത്തത്.

Write a Comment

Related Events