EVENTS

പൊന്‍ചെമ്പക ചെടിക്ക് വെള്ളമൊഴിച്ചും വന്യജീവികളുടെ ചിത്രത്തിന് നിറം നല്കിയും മാതൃഭൂമി സീഡിന്റെ ജില്ലയിലെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു.

June 06
12:53 2016

പൊന്‍ചെമ്പക ചെടിക്ക് വെള്ളമൊഴിച്ചും വന്യജീവികളുടെ ചിത്രത്തിന് നിറം നല്കിയും മാതൃഭൂമി സീഡിന്റെ ജില്ലയിലെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു.
ബങ്കളം സ്പ്രിങ് ഡെയില്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു സീഡിന്റെ എട്ടാംവര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ്. ജില്ലാതല ഉദ്ഘാടനം എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രകൃതിയെ ആരാധിക്കുന്ന ഉദാത്തമായ സംസ്‌കാരം നമുക്ക് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. വീടുവെക്കുമ്പോഴും മരം മുറിക്കുമ്പോഴും ഭൂമിയോടു ക്ഷമചോദിച്ചു പൂജ നടത്തിയിരുന്നു. മഹത്തായ ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് നമുക്ക് നഷ്ടപ്പെട്ടത്.
മനുഷ്യര്‍ക്ക് പ്രകൃതിയെ കൂടാതെ ജീവിക്കാനാകില്ല, എന്നാല്‍ പ്രകൃതിക്ക് മനുഷ്യരില്ലെങ്കിലും ഒന്നും സംഭവിക്കില്ല. ഈ സനാതനസത്യം നമ്മള്‍ മറന്നുപോകുമ്പോഴൊക്കെ ഓര്‍മിപ്പിക്കാന്‍ പ്രകൃതി ശ്രമിക്കാറുമുണ്ട്.
ഭൂമിയിലെത്തുന്ന സന്ദര്‍ശകര്‍ മാത്രമാണ് മനുഷ്യര്‍. ചിലരുടെ സന്ദര്‍ശനകാലം ദീര്‍ഘമാകും. ചിലരുടേത് ഹ്രസ്വമാകും. എന്തായാലും തിരിച്ചുപോകുക തന്നെ ചെയ്യും. ചൂടിന്റെ കാഠിന്യവും വെള്ളം കിട്ടാത്തതുമെല്ലാം പ്രകൃതിയെ സ്‌നേഹിക്കേണ്ട ആവശ്യകതയിലേക്ക് മനുഷ്യനെക്കൊണ്ടെത്തിച്ചിട്ടുണ്ട്.
മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ജീവിതത്തെക്കുറിച്ച് ആശങ്കയുണ്ടായപ്പോഴാണ് ഇത്തരമൊരു ചിന്ത ഉണ്ടായത്. എന്തായാലും ഈ തിരിച്ചറിവ് ആശാവഹമാണ്.
വിജയിച്ച എം.എല്‍.എ. ഭൂരിപക്ഷം കിട്ടിയ വോട്ടുകളുടെ അത്രയും വൃക്ഷത്തൈ നട്ടുവെന്നത് കേള്‍ക്കുമ്പോള്‍ മനസ്സിലുണ്ടായ സന്തോഷം ചെറുതല്ല. ആ ജനപ്രതിനിധിക്ക് കൂടുതല്‍ വോട്ടുകിട്ടാനാകും ഏതൊരു പ്രകൃതി സ്‌നേഹിയും ആഗ്രഹിക്കുക.
പുതിയ കാലത്ത് ഇത്തരം ചിന്തയും പ്രവൃത്തിയും വലിയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മാതൃഭൂമി സീഡ് അഭിനന്ദനാര്‍ഹമായ കാര്യങ്ങളാണ് ചെയ്യുന്നത്. കുട്ടികളെ കൊണ്ട് മരം നട്ടുപിടിപ്പിക്കുക മാത്രമല്ല, അതത് സമയത്ത് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്കി അതിനെ പരിപാലിപ്പിക്കാനും മറ്റ് ഒട്ടേറെ നല്ലകാര്യങ്ങള്‍ കുട്ടികളിലെത്തിക്കാനും സീഡ് പ്രവര്‍ത്തകര്‍ തയ്യാറാകുന്നുസി.വി.ബാലകൃഷ്ണന്‍ പറഞ്ഞു.അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ മനുഷ്യന് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് പ്രകൃതിവിരുദ്ധ ചിന്തകള്‍ ഉണ്ടായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു..
മാതൃഭൂമി കാസര്‍കോട് ചീഫ് റിപ്പോര്‍ട്ടര്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജില്ലാ കൃഷി ഓഫീസര്‍ പി.പ്രദീപ്, കാസര്‍കോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ.പ്രേമരാജന്‍, വത്സന്‍ പിലിക്കോട്, ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപിക കെ.വി.പുഷ്പ, നീലേശ്വരം ഫെഡറല്‍ബാങ്ക് മാനേജര്‍ ഇന്ദുജോസ് എന്നിവര്‍ സംസാരിച്ചു.
സ്പ്രിങ്‌ഡെയില്‍ പബ്ലിക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ യു.എം.സുരേഷ് സ്വാഗതവും മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഇത്തവണയും മാതൃഭൂമിയും ഫെഡറല്‍ബാങ്കും ചേര്‍ന്നാണ് സീഡ് പദ്ധതി നടപ്പിലാക്കുന്നത്. ആനയുടെയും കടുവയുടെയും ചിത്രത്തിന് നിറം നല്കിയാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടകന്‍ സി.വി.ബാലകൃഷ്ണനൊപ്പം കുട്ടികളും ചിന്മയ വിദ്യാലയത്തിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ പ്രഭന്‍ നീലേശ്വരവും ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നു.പുതുതായി സീഡ് പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകാര്‍ 9496002480 നമ്പറില്‍ റജിസ്റ്റര്‍ ചെയ്യണം.





Write a Comment

Related Events