EVENTS

മാതൃഭൂമി സീഡ് എട്ടാംവർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്തു

June 08
12:53 2016

കോഴിക്കോട്: മാതൃഭൂമി സീഡ് 2016-17 അധ്യയന വർഷത്തെ റവന്യൂ ജില്ലാ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു. രാമകൃഷ്ണമിഷൻ എച്ച്.എസ്.എസ്സിൽനടന്ന ചടങ്ങിൽ കാൻവാസിൽ വരച്ച ചിത്രത്തിന് നിറം നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

പ്രകൃതിസംരക്ഷണത്തിന് പൂർണത ലഭിക്കണമെങ്കിൽ മരങ്ങൾ നടുന്നതിനൊപ്പം അവ സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞകാലങ്ങളിൽ നമ്മൾ വെച്ചുപിടിപ്പിച്ച മരങ്ങളെല്ലാം നിലനിന്നിരുന്നെങ്കിൽ കേരളം ഇന്നൊരു വനഭൂമിയാവുമായിരുന്നു. ഇത്തരമൊരു സംരക്ഷണത്തിന് നിരന്തരമായ ഇടപെടൽ ആവശ്യമാണ്.

മാതൃഭൂമി സീഡ് കഴിഞ്ഞ ഏഴുവർഷങ്ങളിൽ സംസ്ഥാനമാകെയുള്ള ആറായിരത്തിൽപ്പരം സ്കൂളുകളിലെ വിദ്യാർഥികളിലൂടെ നടത്തിവരുന്നതും ഇത്തരമൊരു ഇടപെടലാണ്. വനവത്കരണത്തിന്റെയും മാലിന്യനിർമാർജനത്തിന്റെയും പാഠങ്ങൾ പകർന്നുനൽകി വരുംതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിൽ സീഡിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറൽ ബാങ്ക് സോണൽ ഹെഡും ഡെപ്യൂട്ടി ജനറൽ മാനേജറുമായ എസ്. ഹരിദാസ്, ഡെപ്യൂട്ടി കൺസർവേറ്റർ ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ എൻ.ടി. സാജൻ, അസിസ്റ്റൻറ്‌ ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ എസ്. ഷീല, രാമകൃഷ്ണമിഷൻ എച്ച്.എസ്.എസ്. പ്രധാനാധ്യാപകൻ ഒ. ശശിധരൻ, സീഡ് എസ്.പി.ഒ.സി. പി. സോമശേഖരൻ എന്നിവർ സംസാരിച്ചു.

പരിസ്ഥിതിസംബന്ധമായ രണ്ടുപുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. അംബികാസുതൻ മാങ്ങാട് എഡിറ്റുചെയ്ത ‘മലയാളത്തിലെ പരിസ്ഥിതികഥകൾ’, റഷ്യൻ എഴുത്തുകാരനായ പോത്ത്യോർ മെന്റോഫെലിന്റെ പുസ്തകത്തിന് രാധിക മധുമോഹൻ മൊഴിമാറ്റം നൽകിയ ‘ഒരു പ്രകൃതിസ്നേഹിയുടെ അനുഭവക്കുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ ബാബു പറശ്ശേരി കഴിഞ്ഞവർഷത്തെ ജെം ഓഫ് സീഡ് പുരസ്കാരജേതാവ് സുമൈറ ബിൻഷിക്ക് നൽകി പ്രകാശനം ചെയ്തു.

‘വന്യജീവികളുടെ സുരക്ഷിതത്വത്തിനായി പോരാടുക’ എന്ന ഈ വർഷത്തെ യു.എൻ. മുദ്രാവാക്യത്തിന് അനുയോജ്യമായ രീതിയിൽ ആനയും കടുവയും ചിത്രശലഭവുമെല്ലാമുള്ള കാൻവാസിൽ ഉദ്ഘാടനത്തിനുശേഷം മറ്റ്‌ അതിഥികളും കുട്ടികളും നിറം നൽകുകയും ഒപ്പുപതിപ്പിക്കുകയും ചെയ്തു. ‘ബാലഭൂമി’യിലെ ആർട്ടിസ്റ്റ് ദേവപ്രകാശാണ് സീഡിനുവേണ്ടി ചിത്രം തയ്യാറാക്കിയത്.








Write a Comment

Related Events