EVENTS

മനസ്സ് നിറഞ്ഞ് അവർ പറഞ്ഞു, നിറയട്ടെ നിള

August 30
12:53 2016

ഷൊർണൂർ: നിളയുടെ മാറിലെ പഞ്ചാരമണലിലേക്ക് ഓടിയിറങ്ങിയ കുട്ടികൾക്ക് ആവേശം. അതുകണ്ട്, നിറഞ്ഞൊഴുകേണ്ട സമയത്തും ഓളങ്ങളില്ലാതെ ഒഴുകിയ പുഴയും ഒന്നാഹ്ലാദിച്ചിരിക്കും. തന്റെ മാറിൽ ചേർന്നുനിന്ന് കോർത്ത കൈകളിൽ ഇനിയെങ്കിലും താൻ സംരക്ഷിക്കപ്പെടുമെന്നോർത്ത്...
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴ സംരക്ഷണം ലക്ഷ്യംവെച്ച് നടത്തിയ നിറയട്ടെ നിള എന്ന പരിപാടി നിറഞ്ഞൊഴുകിയ പുഴയുടെ പ്രതീതിയുണർത്തി. ഷൊർണൂർ മേഖലയിലെ അഞ്ച് സ്കൂളുകളിൽനിന്നായി 250 ഓളം വിദ്യാർഥികളാണ് പുഴയിൽ ഒത്തുചേർന്നത്. പിന്നീട് പരസ്പരം കോർത്ത കൈകളിൽ നിറയട്ടെ നിളയെന്നെഴുതി സമൂഹത്തിന് ഒരുസന്ദേശം നൽകി.
ഒരു സംസ്കൃതിയുടെ പ്രതീകംകൂടിയായ നിളയെ നിങ്ങളോടൊപ്പം ചേർത്തുനിർത്താൻ വരുന്ന തലമുറയ്ക്കെങ്കിലും കഴിയണമെന്ന് പരിപാടി ഉദ്ഘാടനംചെയ്ത ഒറ്റപ്പാലം സബ്കളക്ടർ പി.ബി. നൂഹ് പറഞ്ഞു. വിദ്യാർഥികൾ പുഴയെ സംരക്ഷിക്കാനാവശ്യമായ വിവരങ്ങൾ ഒരു കത്തിലൂടെയെങ്കിലും അറിയിച്ചാൽ നടപടിയെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പുഴ നിറഞ്ഞൊഴുകുന്ന കാഴ്ച കാണാൻ ഇന്നത്തെ കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ടതായി അധ്യക്ഷതവഹിച്ച മാതൃഭൂമി ന്യൂസ് എഡിറ്റർ പി.കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. നമ്മൾ അറിയാതെ പുഴ കരയുന്നുണ്ട്. ആ കരച്ചിൽ കേൾക്കേണ്ടതാണ്-അദ്ദേഹം പറഞ്ഞു.
ഷൊർണൂർ നഗരസഭാ ചെയർപേഴ്സൺ വി. വിമല, ഫെഡറൽ ബാങ്ക് ചീഫ് മാനേജർ സിന്ധു ആർ.എസ്. നായർ, മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽരാജ് എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് നിളയെക്കുറിച്ച് കുട്ടികൾ കവിത ചൊല്ലി. ചോദ്യോത്തരങ്ങളിൽ പങ്കാളികളായും വിദ്യാർഥികൾ പുഴസംരക്ഷണത്തെക്കുറിച്ച് വാചാലരായി. എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂൾ, കാർമൽ സെൻട്രൽ സ്കൂൾ, ഗണേശ്ഗിരി ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുളപ്പുള്ളി ടെക്നിക്കൽ ഹൈസ്കൂൾ, കെ.വി.ആർ. ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്.

Write a Comment

Related Events