EVENTS

മണ്ണില്‍ പുതുനാമ്പുകള്‍ വളര്‍ത്താന്‍ മാതൃഭൂമി സീഡ്

October 01
12:53 2016

മലപ്പുറം: മണ്ണിലും മനസ്സിലും പുതുനാമ്പുകള്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡ് എട്ടാംവര്‍ഷത്തിലും. നമുക്കുവേണ്ടത് നാംതന്നെ വിളയിക്കണമെന്ന മഹത്തായ സന്ദേശത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിത്തുവിതരണം തുടങ്ങി. കൃഷിവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ജില്ലാതല ഉദ്ഘാടനം മലപ്പുറം എം.എസ്.പി. സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മുഹമ്മദ് വാക്കേത്ത് നിര്‍വഹിച്ചു. മാതൃഭൂമി പ്രത്യേകലേഖകന്‍ ഇ. സലാഹുദ്ദീന്‍ അധ്യക്ഷനായി.
മലയാളി മറന്നുപോയ കാര്‍ഷികസംസ്‌കാരം അല്പമെങ്കിലും പുതുതലമുറയിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് സീഡ് വിദ്യാര്‍ഥികളിലേക്കിറങ്ങുന്നത്. മണ്ണില്‍നട്ട വിത്ത് കിളിര്‍ക്കുമ്പോള്‍ മനസ്സില്‍ നന്മവിരിയുമെന്ന വിശ്വാസവും കൂടെയുണ്ട്. പുറമെനിന്നുള്ള വിഷമയമായ പച്ചക്കറികള്‍ക്കുപകരം സ്വന്തം മുറ്റത്ത് വിളയിച്ചെടുക്കുന്ന വിഷമുക്ത പച്ചക്കറി ഉപയോഗിക്കുന്നതിനാണ് വിദ്യാര്‍ഥികള്‍ക്ക് വിത്തുകള്‍ നല്‍കുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 100 സ്‌കൂളുകളിലാണ് വിത്തുവിതരണം. ഒരു സ്‌കൂളില്‍ എഴുപത് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തതരം പച്ചക്കറിവിത്തുകള്‍ നല്‍കും.
സ്‌കൂളില്‍ സ്ഥലമൊരുക്കിയാണ് അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ കൃഷിചെയ്യേണ്ടത്. സ്ഥലപരിമിതിയുണ്ടെങ്കില്‍ മാത്രം സ്വന്തം വീടുകളില്‍ വളര്‍ത്താം.
മാതൃഭൂമി സീഡ് വിത്തുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനപരിപാടിയില്‍ എം.എസ്.പി. ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ ജി.ഡി. മുരളീധരന്‍, ഫെഡറല്‍ബാങ്ക് മലപ്പുറം എ.ജി.എം. ആന്‍ഡ് റീജണല്‍ ഹെഡ് കെ.വി. ഷാജി, അധ്യാപകരായ എ.വി. രാജശ്രീ, കെ. ബിന്ദു, ലില്ലി ജോസഫ്, എസ്. സീത, കെ.എം. വിജയലക്ഷ്മി, മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യുട്ടീവ് കെ.ജെ. സ്റ്റീഫന്‍, മലപ്പുറം വിദ്യാഭ്യാസജില്ലയുടെ മാതൃഭൂമി എസ്.പി.ഒ.സി. സി.അശോക് എന്നിവര്‍ പ്രസംഗിച്ചു.


Write a Comment

Related Events