SCHOOL EVENTS

വിദ്യാർത്ഥികൾ പാടത്തിറങ്ങി

കുറ്റിച്ചൽ മണ്ണൂർക്കര സിദ്ധാശ്രമത്തിലെ പന്നിയോട് കാട്ടുകണ്ടത്തുളള ഒന്നര ഏക്കർ നെല്ല് കൊയ്യാനായി പൂവച്ചൽ ഗവ. വി. എച്ച്. എസ്. എസിലെ വിദ്യാർഥികൾ പാടത്തിറങ്ങി. സ്‌കൂളിലെ സീഡ് ക്ലബ്ബുകളിലെ വിദ്യാർഥികളാണ് കൊയ്ത്തിനു നേതൃത്വം നൽകിയത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ആശ്രമത്തിൽ ഒരു ദിവസം ചിലവഴിച്ചത് വിദ്യാർഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. സംസ്ഥാനത്ത് വടകരയിലാണ് ആശ്രമത്തിന്റെ ഹെഡ് ഓഫീസ്. തളിപ്പറമ്പ്, പേരാമ്പ്ര, തമിഴ്‌നാട്ടിലെ സേലം തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ ശാഖകളുമുണ്ട്. മുപ്പതോളം അന്തേവാസികൾ ഉളള മണ്ണൂർക്കര ആശ്രമത്തിൽ പശുവളർത്തൽ, പച്ചക്കറി തോട്ടം, നെൽ, വാഴ, തെങ്ങ് തുടങ്ങി എല്ലാവിധ കൃഷികളുമുണ്ട്. ജൈവ വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഫാമിൽ നിന്നും ലഭിക്കുന്ന ചാണകവും ഗോമൂത്രവും മോരും കാന്താരിമുളകും പ്രത്യേക അനുപാതത്തിൽ ചേർത്താണ് ജൈവ വളം ഉണ്ടാക്കുന്നത്. ആശ്രമത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറിയും അരിയും ഉപയോഗിച്ച് ഉണ്ടാക്കിയ വിഭവസമൃദ്ധമായ ഉച്ചയൂണും കഴിച്ചിട്ടാണ് വിദ്യാർഥികൾ മടങ്ങിയത്. സിദ്ധാശ്രമം മാനേജർ ദേവദാസൻ, പ്രസിഡന്റ് ഉഷാകുമാരി, ട്രഷറർ നകുലൻ, നളൻ, വിഘ്‌നേഷ്വരൻ, പി. ടി. എ. പ്രസിഡന്റ് പൂവച്ചൽ സുധീർ, പ്രഥമാധ്യാപിക സീമ സേവ്യർ, കോ - ഓർഡിനേറ്റർ സമീർ സിദ്ദീഖി, വിനോദ് മുണ്ടേല, സിജു കെ. ബാനു തുടങ്ങിയവർ പങ്കെടുത്തു.

October 12
12:53 2016

Write a Comment