environmental News

ആറു വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പെന്‍ഗ്വിനുകള്‍ ചത്തൊടുങ്ങി

കഴിഞ്ഞ നൂറുവര്‍ഷത്തിലേറെയായി പെന്‍ഗ്വിനുകള്‍ അന്റാര്‍ട്ടിക്കയിലെ കോമണ്‍വെല്‍ത്ത് ബേയിലുള്ള  കേപ്പ് ഡെനിസണില്‍ ജീവിക്കുന്നു . ഒരു പക്ഷേ അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ അവ അവിടെ നിന്നും ഇല്ലാതായി തീരാം . സി എന്‍ എന്‍  റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നര ലക്ഷം പെന്‍ഗ്വിനുകള്‍ 2010നു ശേഷം ഇല്ലാതായി.

റോഡ്‌ ഐലന്റിനേക്കാള്‍ വലിപ്പമുള്ള ഒരു വലിയ മഞ്ഞ് കട്ട പെന്‍ഗ്വിനുകളുടെ ആവാസ കേന്ദ്രത്തിലേയ്ക്ക് ഇടിച്ചു കയറിയതാണ്  അവയുടെ ഈ നാശത്തിനു കാരണം . കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഒഴുകി നടക്കുകയായിരുന്നു  ഈ ഹിമ പാളി. ആഗോള താപനിലയിലെ വ്യതിയാനം ഇതിന്റെ വേഗം കൂട്ടിയിരിക്കാം . ഏതായാലും ഈ ഹിമപാളി വന്നു കരയിലേയ്ക്ക് ഇടിച്ചു കയറിയതിന്റെ ഫലമായി കടലില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ ആണ് പെന്‍ഗ്വിനുകളുടെ ആവാസ കേന്ദ്രം അകന്നു പോയത്. ഇന്ന് ആ നാല്‍പ്പത് കിലോമീറ്റര്‍ താണ്ടിയാല്‍ മാത്രമേ പെന്‍ഗ്വിനുകള്‍ക്ക് കടലില്‍ നിന്നും തീറ്റ തേടാനാവൂ . ഇതോടെ ഇവയുടെ നാശവും തുടങ്ങി.

ഈ കോളനിയില്‍ ഇനി പതിനായിരത്തില്‍ താഴെ മാത്രമേ പെന്‍ഗ്വിനുകള്‍ ജീവനോടെയുള്ളൂ . അവയും അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇല്ലാതായി തീരുമെന്നു ഗവേഷകര്‍ ഭയക്കുന്നു .   ഇവയുടെ നാശത്തിനു കാരണം ഹിമപാളി മാത്രമാണെന്ന് ഗവേഷകര്‍ പറയുന്നതിന് ഒരു തെളിവ് അവര്‍ ചൂണ്ടി കാണിക്കുന്നുണ്ട് . ഇവിടെ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമകലെ മറ്റൊരു പെന്‍ഗ്വിന്‍ കോളനിയില്‍ പെന്‍ഗ്വിനുകള്‍ പെരുകുകയാണ് .

താപനിലയിലെ വ്യതിയാനം കാരണം  കടലിലൂടെ അതി ശീഘ്രം ഒഴുകി നടക്കുന്ന ഹിമപാളികള്‍ അന്റാര്‍ട്ടിക്കയിലെ ജീവജാലങ്ങള്‍ക്ക് എത്രത്തോളം നാശം വിതയ്ക്കാന്‍ കഴിയും എന്നുള്ളതിന്റെ മകുടോദാഹരണമാണ്  കേപ്പ് ഡെനിസണിലെ പെന്‍ഗ്വിനുകളുടെ നാശം എന്ന് ശാസ്ത്രജ്ഞന്മാര്‍ തറപ്പിച്ചു പറയുന്നു.

വാര്‍ത്ത : ലക്ഷ്മി നവപ്രഭ
ചിത്രം : ഗിസെപ്പെ സിബോര്‍ഡി , വിക്കിപീഡിയ

February 15
12:53 2016

Write a Comment