reporter News

എടവണ്ണപ്പാറയില്‍ ഗതാഗതകുരുക്ക് ഒഴിയുന്നില്ല.


മലപ്പുറo/ എടവണ്ണപ്പാറ:

എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്ക് വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടക്കാര്‍ക്കും വിനയാകുന്നു. നാല്‍ക്കവലയില്‍ സിഗ്നല്‍ സ്ഥാപിച്ചിട്ടും അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. വാഴക്കാട്, അരീക്കോട്, കൊണ്ടോട്ടി, എളമരം എന്നീ നാലു ഭാഗങ്ങളിലേക്കുള്ള റോഡുകളാണ് എടവണ്ണപ്പാറ ജങ്ഷനില്‍ സന്ധിക്കുന്നത്. വാഴക്കാട് ഭാഗത്തേക്ക് മെഡിക്കല്‍കോളേജിലേക്കും കോഴിക്കോട്ടേക്കുമുള്ള വാഹനങ്ങള്‍ വളരെയേറെസമയം ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് പതിവാണ്.എടവങ്ങപ്പാറ ജങ്ഷനു സമീപം എളമരം റോഡിനോടുചേര്‍ന്നുള്ള ചാലിയപ്പുറം ഗവ. പൈസ്‌കൂളിലെ 5 വയസ്സുമുതലുള്ള കുരുന്നുകുട്ടികള്‍ക്കുപോലും ഗതാഗതക്കുരുക്കും അപകടവും നിറഞ്ഞ ഈ ജങ്ഷനിലൂടെ വേണം രാവിലെയും വൈകീട്ടും കടന്നുപോകുവാന്‍. മാത്രമല്ല, എസ്.ബി.ടി, കെ.എസ്.ഇ.ബി, മീന്‍മാര്‍ക്കറ്റ് തുടങ്ങിയ സംരംഭങ്ങളെല്ലാം ഈറോഡില്‍ സ്‌കൂളിനും എടവണ്ണപ്പാറ ജംങ്ഷനുമിടയിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ എളമരം റോഡിലുള്ള ബസ്‌റ്റോപ്പും ഓട്ടോസ്റ്റാന്റും ഗതാഗതക്കുരുക്കുകുട്ടുകയും വിദ്യാര്‍ത്ഥികളുടെയും മറ്റ് കാല്‍നടയാത്രക്കാരുടെയും യാത്ര ദുരിതത്തിലാക്കുകയും ചെയ്യുന്നു. സ്‌കൂളിലെ സ്‌കൗട്‌സ്, ജെ.ആര്‍.സി, സീഡ്‌പോലീസ് വിദ്യാര്‍ത്ഥികളുടെ സേവനം ഒരുപരിധിവരെ വിദ്യാര്‍ത്ഥികള്‍ക്കു സഹായകരമാണെങ്കിലും അനുദിനം വര്‍ദ്ധിച്ചുവരുന്ന തിരക്കും ഗതാഗതക്കുരുക്കും വന്‍ഭീഷണിയായി മാറിയിരിക്കുകയാണ്.വിവിധ ബാങ്കുകളും, ഹോസ്പിറ്റലുകളും, തിങ്ങിനിറഞ്ഞ വ്യാപാരസ്ഥാപനങ്ങളുമാണ് ജംങ്ഷനു ചുറ്റും സ്ഥിതിചെയ്യുന്നത്. കൂടാതെ ജംങ്ഷനില്‍ നാലുവശത്തേക്കുള്ള റോഡുകളിലുമുള്ള ഓട്ടോസ്റ്റാന്റുകളും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടുന്നു. സമീപപ്രദേശങ്ങളിലുള്ള മറ്റ് സ്‌കൂള്‍ വാഹനങ്ങളും വിദ്യാര്‍ത്ഥികളും ഇതുവഴിയാണ് കടന്നുപോവുക. അതുമൂലം രാവലെയും വൈകീട്ടും മണിക്കൂറുകളോളം ഗതാഗതസംതംഭനവും, നടന്നുപോകാന്‍ പോലും ബുദ്ധിമുട്ടുനേരിടന്ന സ്ഥിതിവിശേഷവുമാണുള്ളത്.  കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം പ്രാവര്‍ത്തികമാകുമ്പോള്‍ എളമരം റോഡില്‍ വാഹനങ്ങള്‍ കൂടകുയും ഗതാഗതക്കുരുക്കു കൂടുതല്‍ രൂക്ഷമായിത്തീരുകയും ചെയ്യും.എടവണ്ണപ്പാറ ജംങ്ഷനില്‍നിന്നും നാലുവശത്തേക്കുമുള്ള റോഡുകളിലെ ഓട്ടോസ്റ്റാന്റുകള്‍ കുറേക്കൂടി ദൂരത്തേക്കു മാറ്റിസ്ഥാപിക്കുകയും, എളമരം റോഡിലെ ബസ്‌റ്റോപ്പ് പുനക്രമാകരിക്കുകയും ചെയ്യുകവഴി ഗതാഗതക്കുരുക്കും അമിതമായ തിരക്കും ഒരുപരിധിവരെ കുറക്കുവാനാകും. കൂടാതെ രാവിലെയും വൈകീട്ടും സ്‌കൂള്‍ സമയങ്ങളില്‍ സ്‌കൂളിനു സമീപവും ജംങ്ഷനിലും പോലീസിന്റെ സേവനം ലഭ്യമാക്കുകയും റോഡരികിലെ അനധികൃത പാര്‍ക്കിങ്ങ് നിയന്ത്രിക്കുകയും ചെയ്താല്‍ താല്‍ക്കാലികമായെങ്കിലും പ്ശ്‌നപരിഹാരം ലഭിക്കുകതന്നെചെയ്യും


മായ.ടി

സീഡ്‌റിപ്പോര്‍ട്ടര്‍
ജി.എച്ച്.എസ്.എസ്. ചാലിയപ്പുറം





February 17
12:53 2016

Write a Comment