environmental News

പ്ലാസ്റ്റിക്കിനെതിരെ പ്ലാസ്റ്റിക്‌തീനി ബാക്ടീരിയ

ഇന്ന് ലോകം നേരിടുന്ന ഏറ്റവും, വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മലിനീകരണം. അതിൽ തന്നെ ഉത്തരം കിട്ടാത്ത ഒരു വലിയ വെല്ലുവിളിയാണ് പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ സംസ്കരണം. വേൾഡ് എകനോമിക് ഫോറം നൽകുന്ന കണക്കനുസരിച്ച് ലോകത്താകമാനം 342 ദശലക്ഷം ടൺ പ്ലാസ്റ്റിക്‌ ഓരോ വർഷവും നിർമിക്കുന്നുണ്ട്. എന്നാൽ ഇതിൻറെ വെറും 14% മാത്രമേ റീസൈക്കിൾ ചെയ്യുവാനായി ശേഖരിക്കപ്പെടുന്നുള്ളൂ. ബാക്കിയാവുന്ന കോടിക്കണക്കിനു പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ കരയിലും കടലിലുമായി ദൂരവ്യാപകമായ വിവിധ  പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഭൂമിയിലെ പ്ലാസ്റ്റിക്‌ വിഘടിക്കുവാൻ എടുക്കുന്ന കാലതാമസം തന്നെയാണ് പ്ലാസ്റ്റിക്‌ ഉയർത്തുന്ന  പ്രധാന വെല്ലുവിളി.  എന്നാൽ ഈ പ്രശ്നത്തിനൊരു പരിഹാരത്തിനുള്ള പ്രതീക്ഷ നൽകുകയാണ് ഈ രംഗത്ത് പുറത്തുവരുന്ന പുതിയ ചില പഠനങ്ങൾ.  പ്ലാസ്റ്റിക്‌ വസ്തുക്കളെ കാർന്നു തിന്നുന്ന ഒരു പ്രത്യേക തരം ബാക്ടീരിയയാണ് ജപ്പാനിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഇതിനു മുൻപ് പ്ലാസ്റ്റിക്‌ ഭക്ഷണമാക്കുന്ന പ്രത്യേകതരം പൂപ്പൽ (Fungi ) കണ്ടെത്തിയിരുന്നെങ്കിലും ഒരു ബാക്ടീരിയയെ കണ്ടെത്തുന്നത് ഇതാദ്യമാണ്. 
ജപ്പാനിലെ ക്യോടോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മൈക്രോ ബയോലോജിസ്റ്റുകളാണ് ഈ കണ്ടെത്തൽ നടത്തിയത്. അവരുടെ പഠനത്തിനനുസരിച് ഈ ബാക്ടീരിയക്ക് പെറ്റ് പ്ലാസ്റ്റിക്‌ വസ്തുക്കളെ കാർബൺ ഡയോക്സൈഡ്, ജലം എന്നിവയാക്കി മാറ്റാനുള്ള കഴിവുണ്ട്.  Ideonella sakaiensis 201-F6 എന്ന് പേരിട്ട ഈ ബാക്ടീരിയക്ക്  കനം കുറഞ്ഞ ഒരു പെറ്റ് പ്ലാസ്റ്റിക്‌ ഷീറ്റ് രണ്ടാഴ്ച കൊണ്ട് ഭക്ഷിക്കുവാൻ സാധിക്കും. പഠനത്തിൽ ബാക്ടീരിയയിൽ കണ്ടെത്തിയ രണ്ടു തരം  എൻസൈമുകളാണ് പ്ലാസ്റ്റിക്‌ വിഘടിക്കുന്നതിനു കാരണമാകുന്നത്. എന്നാൽ നിലവിൽ കണ്ടുവരുന്ന എൻസൈമുകളിൽ നിന്നും വിഭിന്നമായ ഇവ എങ്ങനെ ഉണ്ടായി എന്നത് ഇപ്പോൾ കണ്ടെത്താനായിട്ടില്ല.  
പ്ലാസ്റ്റിക്‌തീനി ബാക്ടീരിയയുടെ  കണ്ടുപിടുത്തം ഭാവിയിലേക്കുള്ള വലിയൊരു ചവിട്ടുപടിയാണ്. ബാക്ടീരിയയെ പൂപ്പലുകളേക്കാൾ എളുപ്പം ഉപകരണങ്ങളിലേക്ക് ഉപയോഗിക്കാം എന്നതുതന്നെ ഇതിൻറെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഭാവിയിൽ പെറ്റ് ബോട്ടിൽ അടക്കമുള്ള പ്ലാസ്റ്റിക്‌ മാലിന്യങ്ങളെ ഫലപ്രദമായി നേരിടാൻ ഒരു സംവിധാനം ഒരുക്കുന്നതിന് ഈ ബാക്ടീരിയ സഹായകരമാകും.

അവലംബം: ലൈവ്സയൻസ് 

March 16
12:53 2016

Write a Comment