environmental News

ഇടമലയാര്‍ കാടുകളില്‍ പുതിയ ഇനം സസ്യത്തെ കണ്ടെത്തി

കരിവെള്ളൂര്‍: പശ്ചിമഘട്ടത്തിലെ പ്രധാന ജൈവവൈവിധ്യ മേഖലയായ ഇടമലയാര്‍ കാടുകളിലെ വാരിയംകുന്നുകളില്‍നിന്ന് സസ്യശാസ്ത്ര ഗവേഷണസംഘം പുതിയൊരിനം സസ്യത്തെ കണ്ടെത്തി. തുമ്പയും തുളസിയും ഉള്‍പ്പെടുന്ന 'ലാമിയേസി' കുടുംബത്തില്‍പ്പെടുന്ന 'ഐസഡോണ്‍' എന്ന ജനുസ്സില്‍പ്പെട്ട പുതിയ സസ്യത്തിന് 'ഐസഡോണ്‍ പര്‍പ്യൂറസെന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്.

അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലായ 'തായ്വാനിയ'യുടെ പുതിയ ലക്കത്തില്‍ പുതിയ സസ്യത്തെക്കുറിച്ചുള്ള കണ്ടെത്തല്‍ സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.ജി.സി.യുടെ സാമ്പത്തിക സഹായത്തോടെ പശ്ചിമഘട്ട മലനിരകളിലെ സസ്യവൈവിധ്യത്തെക്കുറിച്ച് പഠിക്കുന്ന പയ്യന്നൂര്‍ കോളേജ് അസി. പ്രൊഫസര്‍ എം.കെ.രതീഷ് നാരായണന്‍, എറണാകുളം മാല്യങ്കര കോളേജിലെ അസി. പ്രൊഫസര്‍ ഡോ. സി.എന്‍.സുനില്‍, ഗവേഷക വിദ്യാര്‍ഥിയായ വി.വി. നവീന്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്.

രണ്ടര മീറ്ററോളം ഉയരത്തില്‍ വളരുന്ന ഐസഡോണ്‍ പര്‍പ്യൂറസെന്‍സ് നിത്യഹരിത വനങ്ങളോട് ചേര്‍ന്ന നനവാര്‍ന്ന പാറകള്‍ക്കിടയിലെ പുല്‍മേടുകളിലാണ് വളരുന്നത്.ഇലകള്‍ക്കിടയിലെ തിളക്കമുള്ള പര്‍പ്പിള്‍ നിറം ഈ ചെടിയെ ഇതുവരെ കണ്ടെത്തിയ മറ്റ് ഐസഡോണ്‍ ജനുസ്സുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നു.ആറിനം ഐസഡോണ്‍ ജനുസ്സുകളാണ് ഇതുവരെ പശ്ചിമഘട്ടത്തില്‍നിന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 

അര മീറ്ററോളം ഉയരത്തിലുള്ള പൂങ്കുലകളും തണ്ടില്‍ നിറയെ കാണപ്പെടുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ഗ്രന്ഥികളും പുതിയ സസ്യത്തിന്റെ പ്രത്യേകതകളാണ്.

March 21
12:53 2016

Write a Comment