environmental News

മാതൃകാതോട്ടത്തിലെ നവീകരിച്ച കുളിക്കടവ് തുറന്നു കൊടുത്തു

ആലുവ: ആലുവയിലെ പെരിയാറിന്റെ തീരത്ത് മാതൃഭൂമി നട്ടു പരിപാലിക്കുന്ന മാതൃകാ തോട്ടത്തിനു മുന്നിലെ നവീകരിച്ച കുളിക്കടവ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. മാലിന്യവും പൊന്തക്കാടും നിറഞ്ഞു സദാ ദുർഗന്ധം വമിക്കുന്ന കുളിക്കടവ് ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ വൃത്തിയാക്കി പടിക്കെട്ടുകൾ തയ്യാറാക്കിയാണ്  നവീകരിച്ചത്‌. റോഡിൽ നിന്നും കടവിലേക്ക് കോൺക്രീറ്റ് ചെയ്ത നടപ്പാതയും ഇതോടൊപ്പം  നിർമിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ നടന്ന ലളിതമായ ചടങ്ങ് ഫെഡറൽ ബാങ്ക് ജനറൽ മാനേജർ തമ്പി കുര്യൻ ഉദ്ഘാടനം ചെയ്തു. 'പ്രകൃതി സംരക്ഷണത്തിന്റെ ഇത്തരം യത്നങ്ങൾ എല്ലാവർക്കും മാതൃകയാണ്, അഭിനന്ദനീയമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ഈ സന്ദേശമാണ് മാതൃഭൂമി നൽകുന്നത്. സീഡ് പദ്ധതിയിലൂടെ മാതൃഭൂമി നൽകുന്ന സന്ദേശത്തിന്റെ തുടർച്ചയാണിത്' - അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കൂടുതൽ പഠിക്കാനും അറിയാനുമുള്ള ഇടമായി ഈ മാതൃകാതോട്ടം മാറുമെന്നു പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എസ്  സീതാരാമൻ പറഞ്ഞു. ആലുവ നഗരസഭാ അംഗങ്ങളായ കെ ജയകുമാർ, എ സി സന്തോഷ്കുമാർ, സെബി വി ബാസ്റ്റിൻ എന്നിവരും പങ്കെടുത്തു. തുടർന്ന് അതിഥികൾ മാതൃകാതോട്ടത്തിൽ വൃക്ഷത്തൈ നട്ടു.

April 06
12:53 2016

Write a Comment