reporter News

ശാസ്താംകോട്ടക്കായല്‍ മരണപ്പെടുമ്പോള്‍...



എസ്.കൃഷ്ണ, സീഡ് റിപ്പോര്‍ട്ടര്‍, 
ഗവ. എച്ച്.എസ്.എസ്. അഞ്ചാലുംമൂട്.
പ്രകൃതിയുടെ കൈക്കുമ്പിളില്‍ ഒരു ശുദ്ധജല തടാകം. ജില്ലയെ മുഴുവന്‍ ജീവജലം നല്‍കി സംരക്ഷിക്കുന്ന ജലസ്രോതസ്സ്. നിറയെ ശുദ്ധജലമത്സ്യങ്ങളുണ്ടായിരുന്നു. മത്സ്യബന്ധനം നടത്തി ആളുകള്‍ ഉപജീവനം നടത്തിയിരുന്നു.
 ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും തഴച്ചുവളരുന്ന തീരം. കുരങ്ങുകളും മുയലുകളും കുറുക്കനുമൊക്കെയായി കാടിന്റെ ഒരു ചെറിയ പതിപ്പായിരുന്നു ആ പ്രദേശം' ഇതെല്ലാം മുതുമുത്തച്ഛന്മാരുടെ കാലത്ത്.
പക്ഷേ, ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. പലയിടത്തും വെള്ളം വളരെ ഉള്ളിലേക്ക് വലിഞ്ഞ് ചെളിത്തിട്ടകള്‍ ഉണ്ടായിരിക്കുന്നു. ജലവിതരണംപോലും നടക്കുന്നില്ല. മീനുകള്‍ ചത്തുപൊങ്ങിയിരിക്കുന്നു. ചുറ്റുമുള്ള പ്രദേശങ്ങളിലെ മണ്ണ് വളരെ ആഴത്തില്‍ കുഴിച്ചെടുത്തു. 
ശാസ്താംകോട്ടക്കായലിന് സമീപം ഒഴുകുന്ന കല്ലടയാറ്റില്‍നിന്ന് ആഴത്തില്‍ മണല്‍ വാരി. ജലനിരപ്പ് താണു. കായലിന് ചുറ്റുമുള്ള പ്രദേശങ്ങളും താണു. അപ്പോള്‍ കായലിലെ ജലം ഭൂമിക്കടിയില്‍ക്കൂടി അങ്ങോട്ടേക്കൊഴുകി. കായല്‍ വറ്റാന്‍ തുടങ്ങി.
കരയിലുണ്ടായിരുന്ന കാടുകള്‍ വെട്ടിത്തെളിച്ച് വലിയ വലിയ കെട്ടിടങ്ങള്‍ പണിതപ്പോള്‍ ആവാസ വ്യവസ്ഥ തകര്‍ന്നു. മൃഗങ്ങളെയും ഇത് ബാധിച്ചു. ഈ അപകടാവസ്ഥ മനസ്സിലാക്കി പരിസ്ഥിതി പ്രവര്‍ത്തകരും ഗവണ്മെന്റും കായലിനെ സംരക്ഷിക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഒന്നും ഫലം കണ്ടിട്ടില്ല. ഇത് ഫലപ്രാപ്തിയിലെത്തിച്ച് കായലിനെ സംരക്ഷിക്കുകതന്നെ വേണം.


April 07
12:53 2016

Write a Comment