environmental News

ഭൂമിക്ക് കുട പിടിക്കാം; ഇന്ന് ലോക ഭൗമദിനം

ഏപ്രില്‍ 22. വീണ്ടും ഒരു ഭൗമദിനം കൂടി. ഭൗമദിനത്തിന്റെ 46-ാം വാര്‍ഷികമാണ് ഇക്കൊല്ലം ആചരിക്കുന്നത്. വൃക്ഷങ്ങള്‍ ഭൂമിയുടെ രക്ഷയ്ക്ക് എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന സന്ദേശം. 2020-ല്‍ ഭൗമദിനാചരണത്തിന് അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ ലോത്തെ 780 കോടി ജനങ്ങള്‍ക്ക് ഒരു വൃഷം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് എര്‍ത്ത് ഡേ ഫൗണ്ടേഷന്റെ ലക്ഷ്യം. ആഗോള താപനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുക്കുക എന്നതാണ് ഇന്ന് ലോകത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി.

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന നിരവധി ദിനാചരണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്  ഇതില്‍ ഏറ്റവും പഴക്കം ചെന്നതാണ് ഭൗമദിനാചരണം. 1969-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ സമാധാന പ്രവര്‍ത്തകന്‍ ജോണ്‍ മെക്കോണലിന്റെ മുന്‍കൈയിലാണ് ഭൂമിയുടെ ശക്ഷയ്ക്ക് ഭൗമദിനം എന്ന ആശയം മുന്നോട്ട് വരുന്നത്. പിന്നീട് ലോകത്തിലെ 141 രാഷ്ട്രങ്ങളിലേക്ക് ഭൗമദിനാചരണം വ്യാപിച്ചു. 

ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥ വ്യതിയാനവുമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത്യന്തം സങ്കീര്‍ണമായ രീതിയില്‍ ആഗോളതാപനം മുന്നോട്ട് പോയാല്‍ 21-ാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും അന്തരീക്ഷ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കും എന്നാണ് പ്രവചനം. അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചാല്‍ തന്നെ ഭൂമിയിന്‍ ജീവനു വെല്ലുവിളിയാകും. 

മുനപ് പ്രകൃതിയുടെ സ്വാഭാവികമായ ഇച്ഛയ്ക്കാനുസരിച്ചാണ് മാറ്റങ്ങള്‍ വന്നിരുന്നതെങ്കില്‍ ഇന്നു മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ നിലനില്‍പ്പ്. അതിനെ നശിപ്പിക്കാതെ വരും തലമുറയ്ക്കായി കരുതി വെയ്ക്കുകയെന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ഇന്ത്യയില്‍ ഇന്ന് വര്‍ദ്ധിച്ചുവരുന്ന മലിനീകരണവും വനനശീകരണവും മൂലം വരള്‍ച്ച കൂടിവരുകയാണ്. പല സംസ്ഥാനങ്ങളും ഇന്ന് വരള്‍ച്ചയുടെ നെല്ലിപ്പടിയിലാണ്. പുഴകളും കുളങ്ങളും വറ്റിവരണ്ടിരിക്കുന്നു. ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലങ്കില്‍ നാം നേരിടേണ്ടിവരുന്നത് വലിയ നാശം തന്നെയാകും എന്നതില്‍ സംശയമില്ല.

കാലവര്‍ഷത്തിന്റെ താളം തെറ്റിയപ്പോഴാണ് നാം ആഗോളതാപനത്തെക്കുറിച്ച് തിരിച്ചറിയുന്നത്. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ വ്യക്തമായി കാണുവാന്‍ കഴിയുന്നുണ്ട്. എല്ലാ ജില്ലകളിലും താപനില ക്രമാതീതമായി ഉയര്‍ന്നുകഴിഞ്ഞു. കേരളത്തിലെ ചില ജില്ലകളില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയിരിക്കുന്നു. കണ്ണൂര്‍ ജില്ല ഏറ്റവും മിന്നില്‍ നില്‍ക്കുന്നു. പകല്‍ സമയങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ പറ്റാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

വനനശീകരണമാണ് ആഗോളതാപനം വര്‍ദ്ധിച്ചു വരുന്നതിനു കാരണമായത്. അന്തരീക്ഷത്തില്‍ നിറയുന്ന കാര്‍ബണ്‍ ആഗിരണം ചെയ്യാന്‍ മാത്രം വൃക്ഷങ്ങള്‍ ഇന്ന് കേരളത്തില്‍ ഇല്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മൊത്തം ഭൂസ്തൃതിയുടെ 44% ശതമാനം വനമുണ്ടായിരുന്ന കേരളത്തില്‍ ഇന്നത് 28 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. നദികളും കുളങ്ങളും അതിവേഗത്തില്‍ വറ്റിപ്പോകുന്നു. ഭൂഗര്‍ഭ ജല നിരപ്പ് അതിവേഗത്തില്‍ താഴ്ന്ന് പോകുന്നു. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളാണ് ഇന്ന് ലോകത്തിനു പ്രതീക്ഷ നല്‍കുന്നത്.

April 22
12:53 2016

Write a Comment