SEED News

ചൂടിന് ആശ്വാസമായി ജില്ലാആസ്പത്രിയിലെ രോഗികള്‍ക്ക് 'സീഡിന്റെ' വിശറികള്‍


കണ്ണൂര്‍: കൊടും ചൂടില്‍ ആശ്വാസമായി ജില്ലാ ആസ്പത്രിയിലെ രോഗികള്‍ക്ക് മാതൃഭൂമി സീഡ് വിശറി വിതരണം നടത്തി. 
കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെയും മാതൃഭൂമി   സീഡിന്റെയും നേതൃത്വത്തിലാണ് വിശറി വിതരണം നടത്തിയത്. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മുളയുപയോഗിച്ച് നിര്‍മിച്ച പ്രത്യേകതരം വിശറികളാണ് രോഗികള്‍ക്ക് നല്കിയത്.
സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ രാജന്‍ കുന്നുന്‌പ്രോന്‍ പരിശീലിപ്പിച്ച 11 കുട്ടികള്‍ അവധിക്കാലത്ത് സ്‌കൂളിലാണ് വിശറികള്‍ നിര്‍മിച്ചത്. മുള കൊണ്ടുണ്ടാക്കിയ വിശറിക്ക് ഭാരം  കുറവായതും മുളയുടെ തണ്ടില്‍ ഇട്ട് കറക്കാന്‍ പറ്റുന്നതിനാല്‍ കൈയ്ക്ക് ആയാസം കുറവ് മതിയെന്നതുമാണ് ഇതിന്റെ ഗുണം.  ഭൗമദിനത്തില്‍ തുടങ്ങിയ വിശറി നിര്‍മാണം ഊര്‍ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ സന്ദേശവും നല്കുന്നതാണ്.
 ദേശീയ ആരോഗ്യ ദൗത്യം കേരള ഡയറക്ടര്‍ ജി.ആര്‍. ഗോകുല്‍ ജില്ലാആസ്പത്രിയില്‍ രോഗിക്ക് വിശറി നല്കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിവിധ വാര്‍ഡുകളിലെ രോഗികള്‍ക്ക് നൂറ് വിശറി വിതരണം ചെയ്തു. എന്‍.അപര്‍ണ, പി.അനഘ, കെ.ആര്‍ഷ, എന്‍.അമൃത, ആര്യനന്ദ ദിനേശ്, പി.ജിഷ്‌ന, എ.അനശ്വര, പി.അഖിലേഷ്, പി. സഞ്ചയ്, കെ.വര്‍ണരാജ്, കൃഷ്‌ണേന്ദു അനില്‍കുമാര്‍ എന്നീ വിദ്യാര്‍ഥികളാണ് വിശറി നിര്‍മ്മിച്ചത്. 
അധ്യാപകരായ രാഗേഷ് തില്ലങ്കേരി, വി.വി. സുനേഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എസ് സിദ്ധാര്‍ഥ്, ആസ്പത്രി സൂപ്രണ്ട് ഡോ.പി.പി.പ്രീത, നഴ്‌സിങ് സൂപ്രണ്ടുമാരായ വി.ജെ.മേരി, പി.മല്ലിക, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് വി.പി.രാജേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സജീവന്‍ ,യോഗാപരിശീലകന്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ വിശറിവിതരണ ചടങ്ങില്‍ പങ്കെടുത്തു. 


April 26
12:53 2016

Write a Comment

Related News