environmental News

ലാലേട്ടന് പറയുന്നു, സീഡിലെ കുട്ടികളാണ് സൂപ്പര്‍ താരങ്ങള്‍

തിരുവനന്തപുരം: മാതൃഭൂമി സീഡിന്റെ തണലില്‍ പച്ചക്കറികളും നെല്ലും പഴങ്ങളും കിലോക്കണക്കിന് വിളയിച്ച കുട്ടികളാണ് സൂപ്പര്‍ താരങ്ങളെന്ന് നടന്‍ മോഹന്‍ലാല്‍. സീഡിന്റെ പ്രവര്‍ത്തകരായ കുട്ടികള്‍ക്കും അവരുടെ പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും സമര്‍പ്പണമായി തയ്യാറാക്കിയ സിഗ്നേച്ചര്‍ ഫിലിമിലാണ് സൂപ്പര്‍ താരം ഇത് പറഞ്ഞത്. ഗൗരവമേറിയ വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് ചിത്രീകരിച്ച വീഡിയോയ്ക്ക് 'ലോഡല ലൊ!!ഡ ലോഡലു' എന്നാണ് പേര്.
 
പ്രമുഖ ചലച്ചിത്രതാരങ്ങളുടെ വേഷത്തില്‍ കുട്ടികള്‍ പ്രകൃതിസംരക്ഷണ സന്ദേശം നല്‍കുന്ന വിധമാണ് മ്യൂസിക് വീഡിയോ. പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാകുന്ന സാമൂഹികദുരന്തങ്ങളെ ആക്ഷേപഹാസ്യത്തിലുള്ള നാടന്‍പാട്ടുകളുമായാണ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, കൊച്ചിന്‍ ഹനീഫ തുടങ്ങിയ നടന്‍മാരെ വേഷത്തിലും നടപ്പിലും കുട്ടികള്‍ വിഷയാവതരണത്തിനായി അനുകരിക്കുന്നുണ്ട്.
 
മരം മുറിക്കുന്നതിലൂടെ കൂട് നഷ്ടമാകുന്ന പക്ഷികളുടെ വേദന, വിഷലിപ്തമായ പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നവര്‍ക്കുള്ള താക്കീത്, പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം മൂലമുള്ള അപകടം എന്നിവയെല്ലാം വീഡിയോയില്‍ രസകരവും വിജ്ഞാനപ്രദവുമായി അവതരിപ്പിക്കുന്നു. നാലുമിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഒടുവിലാണ് നടന്‍ മോഹന്‍ലാലിന്റെ സന്ദേശമുള്ളത്.
 
കേരളമെമ്പാടുമുള്ള നൂറോളം കുട്ടികള്‍ അണിനിരക്കുന്ന വീഡിയോ അഞ്ചുദിവസം കൊണ്ട് വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. മൂന്നുമാസം 80 സ്‌കൂളുകളില്‍ നടത്തിയ ഓഡിഷനുശേഷം തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 20 ദിവസം നീണ്ട പരിശീലനവും നല്‍കിയിരുന്നു. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ സിനിമകളുടെ സംവിധായകനായ അനീഷ് അന്‍വറാണ് വീഡിയോ ഒരുക്കിയത്. ആര്‍. വേണുഗോപാല്‍ തിരക്കഥയും ഗാനങ്ങളും രചിച്ച വീഡിയോയ്ക്ക് സംഗീതം നിര്‍വഹിച്ചത് വിഷ്ണുമോഹന്‍ സിതാരയാണ്. മാതൃഭൂമിക്കുവേണ്ടി പ്രമുഖ പരസ്യ ഏജന്‍സിയായ മൈത്രി അഡ്വര്‍ടൈസിങ്ങാണ് മ്യൂസിക് വീഡിയോ തയ്യാറാക്കിയത്.

June 06
12:53 2016

Write a Comment