environmental News

കാർബൺ ഡയോക്‌സൈഡിനെ 'കല്ലാക്കി' മാറ്റാൻ ശാസ്ത്രജ്ഞർ

ഗ്രീക്ക് പുരാണകഥകളിൽ പറയുന്ന ഒരു കഥാപാത്രമുണ്ട് 'മെഡൂസ'. തൻ്റെ നോട്ടം കൊണ്ട് എതിരാളികളെ കല്ലാക്കി മാറ്റുന്ന ഒരു ഭീകര സത്വം. ഒരു പക്ഷെ, ഈ കഥാപാത്രമാവും ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ കാർബൺ ഡയോക്‌സൈഡ് അതിപ്രസരത്തിനെതിരെ ഒരു പുത്തൻ പ്രതിരോധത്തിന് ശാസ്ത്രജ്ഞരെ പ്രചോദിപ്പിച്ചത്.

അന്തരീക്ഷ വായുവിലെ CO2 വിനെ ഖരരൂപത്തിലേക്ക് മാറ്റുവാനുള്ള സാങ്കേതിക വിദ്യയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഐസ്ലാൻഡിലെ ഒരു ഫാക്ടറിയിൽ നടന്നു വരുന്നത്. മെഡൂസയെ പോലെ ഒരു നോട്ടം കൊണ്ട് കല്ലാക്കി മാറ്റാനാവില്ല എന്നതിനാൽ പ്രകൃതിയിൽ സ്വാഭാവികമായ രീതിയിൽ വർഷങ്ങൾ കൊണ്ട് നടക്കുന്ന ഈ പ്രവർത്തനം ശാസ്ത്രസഹായത്തോടെ വേഗത്തിൽ നടത്തിയാണ്  ഈ രൂപമാറ്റ ശ്രമങ്ങൾ നടത്തുന്നത്. യു കെ യിലെ സതാംപ്ടൺ യുണിവേഴ്സിറ്റി ജിയോ എൻജിനീയറിങ് പ്രൊഫെസ്സറും ഈ പഠനത്തിന് നേതൃത്വം നൽകുന്ന ആളുമായ ജൂർഗ് മാറ്റെറുടെ അഭിപ്രായത്തിൽ അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളുടെ അളവ് കുറക്കുവാനുള്ള ഏറ്റവും നല്ല മാർഗം അവയെ ഖര രൂപത്തിലേക്ക് മാറ്റി സൂക്ഷിക്കുക എന്നതാണ്.

സ്വാഭാവിക രീതിയിൽ സസ്യങ്ങളുടെ സഹായത്തോടെ അന്തരീക്ഷവായുവിലെ കാർബൺ പ്രതിപ്രവർത്തനങ്ങളിലൂടെ ഖര പദാർത്ഥരൂപത്തിലേക്കു മാറുന്നുണ്ടെങ്കിലും ഇതു വളരെ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയാണ്. ഈ പരീക്ഷണത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞർ ഐസ്‌ലാന്റിലെ ഒരു ഫാക്ടറിയിൽ നിന്നും പുറം തള്ളപ്പെട്ട കാർബൺ ശേഖരിച്ചു, മർദ്ദത്തിന്റെ പ്രയോഗത്തോടെ ഒരു കുഴൽകിണറിനു സമാനമായ ജലസംഭരണിയിലേക്കു മാറ്റുന്നു. സോഡ പോലെയൊരു മിശ്രിതമായി ജലം മാറുകയും ഈ ദ്രവത്തെ ഭൂമിയിൽ  500 മീറ്റർ താഴ്ചയിൽ കണ്ടെത്തിയ ഒരു പ്രത്യേകതരം അഗ്നിപർവത ജന്യമായ പാറകളിലേക്കു കടത്തിവിടുകയും ചെയ്തു. തുടർന്നു ഈ പാറകൾ ജലവുമായി പ്രതിപ്രവർത്തിച്ചു ഖരരൂപത്തിലേക്കു കാർബണേ മാറ്റിയെടുക്കുകയും ചെയ്യുന്നു. പരീക്ഷണാടിസ്ഥാനത്തിൽ വിജയിച്ച ഈ പ്രവർത്തനം വ്യാപകമായി നടത്താനായാൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിനെ ഫലപ്രദമായ രീതിയിൽ നിയന്ത്രിക്കാൻ നമുക്കാവും.


അവലംബം: ലൈവ് സയൻസ് 


June 18
12:53 2016

Write a Comment