environmental News

മരങ്ങളും പ്രകാശമലിനീകരണവും

മലിനീകരണം എന്നത് നമുക്കൊരു വാർത്തയേ അല്ല എന്നതാണ് സത്യം. ജല മലിനീകരണം, വായു മലിനീകരണം, മണ്ണ് മലിനീകരണം, ശബ്ദ മലിനീകരണം തുടങ്ങി ഒട്ടനവധി മലിനീകരണ സാധ്യതകൾ മനുഷ്യൻ കണ്ടെത്തി നടത്തിവരുന്നതുമാണ്. എന്നാൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു മലിനീകരണ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുകയാണ് യു കെ യിലെ ഒരു സംഘം ശാസ്ത്രജ്ഞർ, പ്രകാശ മലിനീകരണം എന്ന പുത്തൻ വെല്ലുവിളിയിലേക്ക്. 

കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനങ്ങൾ അനുസരിച്ച്  കൃത്രിമ പ്രകാശത്തിന്റെ അതിപ്രസരം മൂലമുണ്ടാവുന്ന മലിനീകരണം മരങ്ങളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾക്കു കാരണമാകുന്നു. മരങ്ങളിൽ ഫലങ്ങൾ ഉണ്ടാകുന്ന സമയത്തിൽ വ്യത്യാസം വരുകയും ശരാശരി ഏഴു ദിവസങ്ങൾ മുമ്പ് തന്നെ മരങ്ങളിൽ മൊട്ടിട്ടു തുടങ്ങുകയും വസന്തം നേരത്തെ വരുകയും ചെയ്യുന്നു എന്നു പഠനത്തിൽ പറയുന്നു. യൂറോപ്യൻ ആഷ് ട്രീ, സിക്കമോ ട്രീ, ബീച് ട്രീ, ഓക് ട്രീ തുടങ്ങി  നാലു വ്യത്യസ്ത തരം മരങ്ങളെ ബന്ധപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ നടന്നത്.


1999 മുതൽ 2011 വരെയുള്ള കാലയളവിൽ സിറ്റിസൺ സയന്റിസ്റ് കൾ സ്വരൂപിച്ച വിവരങ്ങൾക്കൊപ്പം 'ഡിഫെൻസ് മെറ്റീരിയോളോജിക്കൽ സാറ്റലൈറ്റ് പ്രോഗ്രാം' ൻറെ 'ഓപ്പറേഷനൽ ലൈൻസ്‌കാൻ സിസ്റ്റം' കണ്ടെത്തിയ കൃതിമ പ്രകാശത്തിന്റെ അളവും കൂട്ടിച്ചേർത്താണ് ഈ പഠനം നടത്തിയത്. ഫലങ്ങളുണ്ടാവുന്ന കാലയളവിലെ ഈ ചെറിയ മാറ്റം പോലും സമീപ ആവാസ വ്യവസ്ഥകളെ ബാധിക്കാം. അതോടൊപ്പം മരങ്ങളുടെ സ്വാഭാവിക വളർച്ചാ ചക്രത്തിൽ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു.


രാത്രി കാലങ്ങളിൽ കൃത്രിമ പ്രകാശം മൂലം വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. ഈ പ്രകാശ സ്രോതസ്സുകളുടെ താപ വികിരണം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്. അതോടൊപ്പം വന മേഖലകളിൽ കൃത്രിമ വെളിച്ചത്തിലേക്ക് ശലഭങ്ങൾ കൂടുതലായി ആകർഷിക്കപ്പെടുന്നു എന്നാൽ  ഇവയെ പിന്തുടർന്ന് അവയെ ഭക്ഷണമാക്കുന്ന ജീവികളും കൂടുതലായി എത്തുന്നതോടെ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും ഒടുവിൽ ചെടികളിലെ പരാഗണ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. 

പ്രകാശ മലിനീകരണം അധികം പഠനം നടക്കാത്ത ഒരു മേഖലയാണ് എന്നാൽ ഇതിനെക്കുറിച്ചു കൂടുതലായി പഠിക്കുവാൻ ഈ പുതിയ വിവരങ്ങൾ പ്രേരകമാകും എന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. 


അവലംബം: നാഷണൽ ജോഗ്രഫിക് 

അന്നു എസ് 


July 05
12:53 2016

Write a Comment