environmental News

ചിൻസ്ട്രാപ് പെൻഗിനുകൾക്ക് ഭീഷണിയായി അഗ്നിപർവതം

ദക്ഷിണ അറ്റ്ലാൻറ്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സവോഡോവ്‌സ്‌കി ദ്വീപ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിൻസ്ട്രാപ് പെൻഗിൻ കോളനികളിൽ ഒന്നാണ്. പന്ത്രണ്ടു ലക്ഷത്തിലധികം പെൻഗിൻ ഇണകളാണ് ഈ ദ്വീപിൽ വസിക്കുന്നത്. ലോകത്താകമാനം 75 ലക്ഷത്തോളം ചിൻസ്ട്രാപ് പെൻഗിനുകൾ (Pygoscelis antarcticus) ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏകദേശം ഏഴിലൊന്നു ഭാഗവും വസിക്കുന്നത് ഈ ദ്വീപിലാണ്. ഇവയെ കൂടാതെ രണ്ടു ലക്ഷത്തോളം മക്കറോണി പെൻഗിനുകളും ഇവിടെ ജീവിക്കുന്നുണ്ട്. 

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾക്കനുസരിച്ചു ദ്വീപിലെ പെൻഗിനുകൾ അപകടത്തിലാണ്. ഈ വർഷം മാർച്ചു മുതൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ദ്വീപിലെ സജീവ അഗ്നിപർവതമായ മൗണ്ട് കൂറിയാണ് ലക്ഷക്കണക്കിന് വരുന്ന പെൻഗിനുകൾക്ക് ഭീഷണിയുയർത്തുന്നത്. ദ്വീപിന്റെ പകുതിയോളം അഗ്നിപർവതത്തിൽ നിന്നും ഉയർന്ന ചാരത്തിൽ മുങ്ങിയിരിക്കുകയാണ് എന്നതാണ് ഇതിനു കാരണം.


സാധാരണഗതിയിൽ നവംബർ മുതൽ ഏപ്രിൽ വരെ നീണ്ടു നിക്കുന്ന കാലയളവിൽ ദ്വീപിലെ അഗ്നിപർവത ജന്യ പാറകളിലും താഴ്വരകളിലുമാണ്‌ പെൻഗിൻ കൂട്ടങ്ങൾ ബ്രീഡിങ്ങിനായി എത്തുന്നത്. ഇതേ സമയം തന്നെ നടന്ന അഗ്നിപർവത സ്ഫോടനമാണ് ഇപ്പോൾ അപകടമായിരിക്കുന്നത്. ചിൻസ്ട്രാപ് പെൻഗിനുകൾ മറ്റു പെൻഗിൻ വർഗങ്ങളിലെന്നപോലെ ഓരോ വർഷവും പഴയ തൂവലുകൾ കൊഴിഞ്ഞു പുതിയവ വളരാറുണ്ട്. അവയുടെ പുറത്തുള്ള ഈ 'വാട്ടർ പ്രൂഫ്' തൂവലുകളാണ് ഇവയെ ജലത്തിൽ സഞ്ചാരിക്കാൻ പ്രാപ്തരാക്കുന്നത്. അഗ്നിപർവത സ്ഫോടനം പെൻഗിനുകളുടെ തൂവൽ കൊഴിഞ്ഞു പുതിയവ വരുന്ന സമയതോടൊപ്പം വന്നതിനാൽ കടലിലേക്ക് രക്ഷപെടുന്നതും ഇവയ്ക്ക് ദുർഘടമായിരിക്കുകയാണ്. കടലിലേക്ക് രക്ഷപെടാനായില്ലെങ്കിൽ തീയിലും ചാരത്തിലും പുകയിലും പെട്ട് പെൻഗിനുകൾ നാശമാകുവാനുള്ള സാധ്യത കൂടുതലാണ് എന്നതാണ്  ഓരോ പ്രകൃതി സ്നേഹികളെയും ആശങ്കപ്പെടുത്തുന്നത്.


അവലംബം: നാഷണൽ ജോഗ്രഫിക് 

അന്നു എസ് 

July 07
12:53 2016

Write a Comment