environmental News

കടലിൽ മലിനീകരണ ഭീഷണി ഉയർത്തി സിഗരറ്റ് കുറ്റികൾ

സിഗരറ്റിന്റെ അപകടങ്ങൾ നമുക്കേവർക്കും അറിയാവുന്നതാണ്. ക്യാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്ക് കാരണമാവുന്ന ഒരു ശീലമാണ് പുകവലി. പുകവലിക്കുന്നവർക്കു മാത്രമല്ല ആ പുക ശ്വസിക്കുന്ന ആളുകൾക്കും മാരക രോഗങ്ങൾക്കു കാരണമാവുന്നു. എന്നാൽ ഇതു മാത്രമല്ല പുകവലി അവശേഷിപ്പിക്കുന്ന അപകടമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.


വലിച്ചു തള്ളുന്ന പുകക്കൊപ്പം ബാക്കിയാവുന്ന സിഗരറ്റു കുറ്റികൾ (ഫിൽറ്റർ) കടൽ ജലത്തിൽ മാരകമായ ഘന ലോഹ മലിനീകരണത്തിനു കാരണമാവുന്നു എന്നാണ് അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ആയ 'ടുബാക്കൊ കൺട്രോൾ' ൽ വന്ന പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. ആഗോളതലത്തിൽ പ്രതിവർഷം ഇത്തരം 50 ലക്ഷം കോടിയിലധികം സിഗരറ്റു കുറ്റികളാണ് കടലിലേക്കു വന്നടിയുന്നത്. ഇത്തരം സിഗരറ്റു കുറ്റികൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചു വിശദമായി പഠിക്കുന്നതിന്റെ ഭാഗമായി പേർഷ്യൻ ഗൾഫിന്റെ ഭാഗമായ ഒൻപതു വ്യത്യസ്ത സ്ഥലങ്ങളിലെ കടൽ മാലിന്യത്തിൽ നിന്നും ലഭിച്ച സിഗരറ്റു കുറ്റികളാണ്  പഠനവിധേയമാക്കിയത്. അയൺ, കാഡ്മിയം, ആഴ്സനിക്, നിക്കൽ, കോപ്പർ, സിങ്ക്, മാൻഗനീസ്‌ എന്നീ ലോഹങ്ങളുടെ അളവുകളാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. തിരമാലകൾ ഈ കുറ്റികളിൽ സ്വാധീനം ചെലുത്തുന്നുണ്ടോ എന്നറിയാൻ പത്തു ദിവസത്തെ ഇടവേളയിൽ രണ്ടു തവണയായി ഇവയെ പഠന വിധേയമാക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി ശ്രദ്ധേയമായ അളവിൽ ഇത്തരം ഘനലോഹ സാന്നിധ്യം തെളിഞ്ഞിട്ടുണ്ട്. 

സിഗരറ്റു ഫിൽറ്ററുകളിലെ ലോഹ സാന്നിധ്യം പലകാരണങ്ങളാൽ വ്യത്യസ്തപ്പെടാം. പുകയിലയുടെ കൃഷിയിൽ ഉപയോഗിച്ച വളങ്ങൾ, കീടനാശിനികൾ, പുകയിലയുടെ വളർച്ചാ രീതികൾ തുടങ്ങി ഫിൽറ്ററിൽ ഉപയോഗിച്ചിരിക്കുന്ന പേപ്പർ, ഫിൽറ്റർ നിർമ്മാണ രീതികൾ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ലോഹ സാനിധ്യം വർധിക്കാം. 


സെല്ലുലോസ് അസറ്റേറ്റ് കൊണ്ട് നിർമിക്കപ്പെടുന്ന ഈ സിഗരറ്റു ഫിൽട്ടറുകൾ സമുദ്രജലത്തിൽ ഘന ലോഹ വ്യാപനത്തിന് വഴിയൊരുക്കുന്നു. ഇങ്ങനെ ലോഹ മലിനീകരണം സമുദ്ര ജീവികളിലേക്കും സസ്യങ്ങളിലേക്കും വ്യാപിച്ചു ഭക്ഷണത്തിലൂടെ പടരാൻ സാധ്യത കൂടുതലാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. ഇനിയും ഈ മേഖലകളിൽ വിശദമായ പഠനം നടത്തിയാൽ മാത്രമേ ഈ വലിച്ചെറിയുന്ന സിഗരറ്റു ഫിൽറ്ററുകൾ ഉയർത്തുന്ന ദൂര വ്യാപക ഭീഷണി യഥാർത്ഥ അർത്ഥത്തിൽ നമുക്ക് തിരിച്ചറിയാനാവൂ. 


കടപ്പാട് : സയൻസ് ഡെയ്‌ലി 


- അന്നു എസ് 

July 09
12:53 2016

Write a Comment