SEED News

മാതൃഭൂമി സീഡ് ഏഴാം വര്‍ഷം: ജില്ലാതല ഉദ്ഘാടനം നാളെ

തൊടുപുഴ: മണ്ണും മരവും സംരക്ഷിക്കുന്നതിനൊപ്പം പുതിയൊരു ഭക്ഷ്യസംസ്‌കാരവും മുന്നോട്ടുവച്ച് മാതൃഭൂമി സീഡ് ഏഴാം വര്‍ഷത്തിലേക്ക്. സീഡിന്റെ(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എംവയോണ്‍മെന്റല്‍ െഡവലപ്‌മെന്റ്) ഏഴാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്സില്‍ വെള്ളിയാഴ്ച തുടക്കമാകും. തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ ജം ഓഫ് സീഡ് പുരസ്‌കാരം നേടിയ അഭിഷിക്ത് ആനന്ദ് ദാസ് ഉദ്ഘാടനം ചെയ്യും. 
അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'പ്രകൃതിക്കൊരു കൈയ്യൊപ്പ് ' എന്ന പരിപാടി തൊടുപുഴ ഡി.ഇ.ഒ. കെ.വി.പങ്കജാക്ഷി ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ ബാങ്ക് എ.ജി.എം. തോമസ് ആന്റണി അധ്യക്ഷത വഹിക്കും. ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി എം.മണക്കാട്ട് 'ആരോഗ്യമുള്ള മണ്ണ് ആരോഗ്യമുള്ള ജീവിതം' എന്ന വിഷയത്തില്‍ മണ്ണ് സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പുല്ലോപ്പള്ളില്‍ ആശംസ നേരും. ഇടുക്കി ചീഫ് കറസ്‌പോണ്ടന്റ് ജോസഫ് മാത്യു സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദേവസ്യാച്ചന്‍ പി.എം. നന്ദിയും പറയും. 
ജില്ലയില്‍ കഴിഞ്ഞവര്‍ഷം ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സീഡ് സ്‌കൂളുകള്‍ കാഴ്ചവെച്ചത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ 20060.5 കിലോ പച്ചക്കറി, 371 കിലോ നെല്ല് എന്നിവ ജില്ലയിലെ സ്‌കൂളുകള്‍ ഉത്പാദിപ്പിച്ചു. 17756 വൃക്ഷങ്ങള്‍ കുട്ടികള്‍ വെച്ചുപിടിപ്പിച്ചു. ഇടുക്കി ജില്ലാ കലോത്സവത്തിനാവശ്യമായ ജൈവപച്ചക്കറികള്‍ എത്തിച്ചുകൊടുക്കാന്‍ സാധിച്ചത് മികച്ച മാതൃകയായി. കുട്ടികളുടെ 25ഓളം മികച്ച മാതൃകകള്‍ മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ സാധിച്ചത് മികച്ച നേട്ടമായി. 
സീഡ് പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ താല്‍പ്പര്യമുള്ള സ്‌കൂളുകള്‍ക്ക് 7736955835 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

July 06
12:53 2015

Write a Comment

Related News