reporter News

മാലിന്യത്തില്‍ മുങ്ങിയ ചവറ



ചവറ: കെ.എം.എം.എല്‍.ന് മുന്നില്‍ കാടുകയറി കിടക്കുന്ന സ്ഥലത്താണ് മാലിന്യങ്ങള്‍ തള്ളുന്നത്. ഇതുമൂലമുണ്ടാകുന്ന കനത്ത ദുര്‍ഗന്ധത്തിലാണ് ഇവിടുത്തുകാര്‍. ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന ഹൈവേയിലൂടെ ഉള്ള യാത്ര ദുര്‍ഗന്ധം നിറഞ്ഞതാണ്. അറവുശാലകളിലെയും മറ്റും അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനാലാണ് ദിനംപ്രതി നായശല്യം വര്‍ദ്ധിച്ചുവരുന്നു. റോഡില്‍ കൂടി പോകുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ കൂടി നായകള്‍ കുറുകെ ചാടുകയും ഇത് മൂലം നിയന്ത്രണം കിട്ടാതെ വാഹനങ്ങള്‍ അപകടത്തില്‍ പെടുകയും പതിവാകുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കാണ് കൂടുതലായും അപകടം. ചവറുകള്‍ കിടക്കുന്ന സ്ഥലത്തിന് അരികിലുള്ള ഓടയില്‍ വെള്ളം കയറി കിടക്കുന്നതിനാല്‍ കൊതുക് ശല്യം കൂടുതലാണ്. ഓട വൃത്തിയാക്കാന്‍ ഒരിക്കല്‍ ഇറങ്ങിയ ആള്‍ എലിപ്പനി മൂലം മരണപ്പെട്ടു.
ഈ സ്ഥലം വൃത്തിയാക്കിയതിന് ശേഷം ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത് എന്ന് ബോര്‍ഡ് വച്ചു. എന്നാല്‍ ഇവയൊന്നും കാര്യമായ പ്രയോജനമൊന്നും കണ്ടില്ല. കൂടാതെ ലബോറട്ടറികളില്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സിറിഞ്ചുകളും പ്ലാസ്റ്റിക് കവറുകളും വരെ ഇവിടെ കുന്ന് കൂടി കിടക്കുന്നു. രോഗങ്ങള്‍ കുന്ന് കൂടി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം മാലിന്യങ്ങള്‍ കുന്ന് കൂടിയാല്‍ ചവറ പ്രദേശം രോഗികളാല്‍ മൂടപ്പെടും എന്നതില്‍ സംശയമില്ല.


കെ.എച്ച്. അല്‍ത്താഫ് ഹുസൈന്‍
ഗവ. മോഡല്‍ എച്ച്.എസ്.എസ്. കരുനാഗപ്പള്ളി

July 19
12:53 2016

Write a Comment