reporter News

അപകട ഭയമില്ലാതെ സ്‌കൂളില്‍ എത്താന്‍ ഈ കടവുകള്‍ നന്നാക്കുമോ...ടി.എസ്. കനാലിലെ അപകടാവസ്ഥയിലായ തുറയില്‍കടവ്.





കരുനാഗപ്പള്ളി: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അപകടത്തില്‍പ്പെട്ടിട്ടും തുറയില്‍കുന്ന്കുഴിത്തുറ വള്ളക്കടവുകള്‍ നന്നാക്കാന്‍ നടപടി ഉണ്ടാകുന്നില്ല.  കടവിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ല.
ടി.എസ്. കനാലിലാണ് തുറയില്‍കടവ്കുഴിത്തുറ വള്ളക്കടവുകള്‍.  ആലപ്പാട് പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി സ്‌കൂളായ കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കനാലിന് അക്കരെ കുലശേഖരപുരം പഞ്ചായത്തിലുള്ള വിദ്യാര്‍ത്ഥികളും, അധ്യാപകരും എത്തുന്നത് ഈ കടവുകള്‍ വഴിയാണ്.  കൂടാതെ, നിരവധി മറ്റു യാത്രക്കാരും ഈ കടവിനെ ആശ്രയിക്കുന്നു.  എന്നാല്‍ കടവുകളിലെ പൊട്ടിപ്പൊളിഞ്ഞ കല്‍പ്പടവുകളും, ബോട്ട് ജെട്ടിയും അപകടങ്ങള്‍ക്ക് കാരണമാകുന്നു.  ഒന്നു കാല്‍വഴുതിയാല്‍ പോലും വലിയ അപകടം ഉണ്ടാകും.  കനാലില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ വള്ളങ്ങള്‍ക്ക് ജട്ടിയോട് അടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.  വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയത്തോടെയാണ് വള്ളത്തില്‍ കയറുന്നത്.
നാളുകള്‍ക്ക് മുമ്പ് ഒരു വിദ്യാര്‍ത്ഥി കടവില്‍ വീണ് കൈയ്ക്ക് പരിക്കേറ്റിരുന്നു.  പി.ഡബ്ല്യ.ഡി. വക കടത്താണ് ഇവിടെയുള്ളത്.  വര്‍ഷങ്ങളായി കടവുകളുടെ അവസ്ഥ ഇതാണ്.  കടവിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ക്ക് അധികൃതര്‍ക്ക് നല്‍കി. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.  കടവിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ പലരും ഏഴ് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിച്ചാണ് സ്‌കൂളില്‍ എത്തുന്നത്.  കടവിന്റെ അപകടാവസ്ഥ കാരണം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും ഓരോ വര്‍ഷവും കുറയുന്നു.
കടവിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷകര്‍ത്താക്കളും ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്.  ഇനിയെങ്കിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍.
ഹൃദ്യാഹരി.വി.എല്‍.,
സീഡ് റിപ്പോര്‍ട്ടര്‍, എസ്.
ടി.ഡി.9,
ജി.എഫ്.എച്ച്.എസ്.എസ്., കുഴിത്തുറ


July 22
12:53 2016

Write a Comment