environmental News

കാണുക, ഇവര്‍ കൈകഴുകി വളര്‍ത്തിയ മരങ്ങള്‍


കണ്ണൂര്‍: ഒരു ദിവസം നമ്മള്‍ ഭക്ഷണം കഴിച്ച് കൈകഴുകിക്കളയുന്ന വെള്ളത്തിന്റെ അളവറിയാമോ? അതിന്റെ വിലയറിയാമോ? അതറിയണമെങ്കില്‍, കണ്ണൂര്‍ കൂത്തുപറമ്പിലേക്ക് വരണം.   ഇവിടെ കുറേ ഹോട്ടലുകള്‍ക്ക് മുന്നില്‍ തിളയ്ക്കുന്ന വെയിലിലും തണല്‍വിരിച്ചു നില്‍ക്കുന്ന മരങ്ങളുണ്ട്. 
കൈകഴുകിക്കളയുന്ന വെള്ളം കൊടുത്ത് കുറേ വിദ്യാര്‍ഥികളും ഹോട്ടലുകാരും  പോറ്റിവളര്‍ത്തിയ മരങ്ങള്‍. ഈ  സംരംഭത്തിന് അവര്‍ ഒരു പേരും നല്‍കി, 'ഒരു ചായ, ഒരു ചോല'. 
       മൊകേരി രാജീവ്ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 'മാതൃഭൂമി' സീഡ് അംഗങ്ങളുടെ വ്യത്യസ്തമായ ആശയമായിരുന്നു ഇത്. ഒരേ കുഴിയില്‍ എല്ലാ പരിസ്ഥിതിദിനത്തിലും ചെടിനടുന്ന നാടകം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. വാഷ് ബേസിനുകളില്ലാതെ, പുറത്ത് വെള്ളം വെച്ച് കൈകഴുകുന്ന ഹോട്ടലുകളെ കുട്ടികള്‍ തിരഞ്ഞെടുത്തു.  കൈകഴുകുന്നിടത്ത് അവരുടെ അനുമതിയോടെ ചെടി നട്ടു.    അതിന്റെ പരിപാലനം ഹോട്ടലുടമയെ ഏല്പിച്ചു. ഇടയ്ക്കിടെ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ച് ചെടിയുടെ വളര്‍ച്ച നിരീക്ഷിച്ചു.   സ്‌കൂളിലെ സസ്യശാസ്ത്ര അധ്യാപകനും  ഗവേഷകനുമായ പി.ദിലീപിന്റെ മനസ്സില്‍ വിരിഞ്ഞ ആശയം മിടുക്കരായ സീഡംഗങ്ങള്‍ ആവേശത്തോടെ നടപ്പാക്കി.
      അഞ്ചുവര്‍ഷം മുമ്പ് പരീക്ഷണാര്‍ഥം അഞ്ച് വനിതാ ഹോട്ടലുകള്‍ക്ക് മുന്നില്‍ നട്ട ചെടികള്‍ ഇപ്പോള്‍ പച്ചക്കുടപിടിച്ച് നാട്ടുകാര്‍ക്ക് തണലേകുന്നു.  അതിന്റെ ആവേശത്തില്‍ ഇത്തവണ 165 കേന്ദ്രങ്ങളിലാണ് അവര്‍ ചെടി നട്ട് വളര്‍ത്തുന്നത്.  
കുട്ടികള്‍ സംഘം തിരിഞ്ഞ് പലയിടങ്ങള്‍ സന്ദര്‍ശിച്ച് ഹോട്ടലുകളുടെയും മറ്റ് കടകളുടെയും പട്ടികയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ ഉടമകളുമായി സംസാരിച്ച് പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി. പിന്നിട്ട കൊടും ചൂടിന്റെ പൊള്ളുന്ന ഓര്‍മകളുള്ളതിനാല്‍ അവരും കുട്ടികളുടെ കൂടെ നിന്നു. തണലും ഫലങ്ങളും തരുന്നതും കിളികള്‍ ചേക്കേറാന്‍ വരുന്നതുമായ ബദാം, സീതപ്പഴം, ഞാവല്‍, മുള്ളങ്കി തുടങ്ങിയ മരങ്ങള്‍ക്കായിരുന്നു മുന്‍ഗണന.  
      അഞ്ചു വര്‍ഷം മുമ്പ് പദ്ധതി തുടങ്ങുമ്പോള്‍ പങ്കാളികളായ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ബെംഗളൂരുവിലും കോയമ്പത്തൂരിലുമെല്ലാം പഠിക്കുന്നു. കഴിഞ്ഞ ദിവസം അവരില്‍ പലരും നാട്ടിലെത്തി.  തങ്ങള്‍ ആദ്യം നട്ട വള്ളില്‍ ഹോട്ടലിനു മുന്നിലെ ബദാമിന്റെ തണലറിയാന്‍. പുതിയ സീഡ്ക്ലബ്ബംഗങ്ങളും ഹോട്ടല്‍ നടത്തിപ്പുകാരിയായ ദേവൂട്ടിയും അവരോടൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നിന്നു. ഒരു ചായ ഒരായിരം ചോലയാക്കി പടര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്താണ് അവര്‍ മടങ്ങിയത്. കേരളം മുഴുവന്‍ ഈ പദ്ധതി പടര്‍ന്നാല്‍ താന്‍ കൃതാര്‍ഥനായെന്ന് ദിലീപ് മാഷും പറയുന്നു.














July 27
12:53 2016

Write a Comment