environmental News

രാജവെമ്പാല: മുട്ട വിരിഞ്ഞില്ല; വീണ്ടും ഇണചേര്‍ക്കാന്‍ ശ്രമം..

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ രാജവെമ്പാലയുടെ മുട്ടകള്‍ വിരിയുന്നതും കാത്തിരുന്ന ഗവേഷകര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും നിരാശ സമ്മാനിച്ച് നാഗരാജാവിന്റെ മക്കള്‍ പുറത്തുവന്നില്ല.പ്രജനനം കഴിഞ്ഞ് നൂറുദിവസത്തിനുള്ളില്‍തന്നെ മുട്ടകള്‍ വിരിയേണ്ടതായിരുന്നു.തുടര്‍ന്നാണ് പാമ്പുവളര്‍ത്തുകേന്ദ്രം അധികൃതര്‍ നാഗരാജ്ഞിയൊരുക്കിയ കൂട് പരിശോധിച്ചത്.
ചില ജനിതക പ്രശ്‌നങ്ങള്‍ മുട്ട വിരിയാതിരിക്കാനുള്ള കാരണമായിട്ടുള്ളതായാണ് ഈ രംഗത്തെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.എങ്കിലും അത്യപൂര്‍വ ശ്രമത്തില്‍നിന്ന് പിന്മാറാതെ പാമ്പുവളര്‍ത്തുേകന്ദ്രം അധികൃതര്‍ നാഗരാജാക്കന്മാരെ വീണ്ടും ഇണചേര്‍ക്കാനുള്ള ശ്രമവും തുടങ്ങി.

ഏപ്രിലിലാണ് രണ്ട് ആണ്‍ രാജവെമ്പാലകളെയും ഒരു പെണ്ണിനെയും പ്രത്യേകം സജ്ജമാക്കിയ വാസസ്ഥലത്ത് സ്വൈരവിഹാരത്തിന് തുറന്നുവിട്ടത്. ഇണചേരാനുള്ള അര്‍ഹത തെളിയിക്കാന്‍ ദിവസങ്ങളോളം രാജാക്കന്മാര്‍ തമ്മില്‍ യുദ്ധംതന്നെ നടത്തി. ഇത് തത്സമയം ചിത്രീകരിക്കുന്നതിന് വിദേശചാനലുകളിലെ വിദഗ്ധരും ദിവസങ്ങളോളം പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ അക്ഷമരായി കാത്തിരുന്നു.   ഒടുവില്‍ വിജയശ്രീലാളിതനായ രാജാവുമായാണ് രാജ്ഞി ഇണചേരുന്നതിനുള്ള താത്പര്യം കാണിച്ചത്. ഇണചേര്‍ന്നത് വ്യക്തമായതിന്റെ തെളിവായിരുന്നു രാജ്ഞിയുടെ കൂടൊരുക്കല്‍. 
ജൂലായില്‍ സ്വാഭാവിക ചുറ്റുപാടില്‍ മുട്ടവിരിയാതിരുന്നതോടെയാണ് മുട്ടകള്‍ക്ക് ജനിതക വൈകല്യമുള്ളതായി സംശയം ബലപ്പെട്ടത്. വനാന്തരങ്ങളിലെ സ്വാഭാവിക ജൈവചുറ്റുപാടില്‍ മാത്രം നടക്കുന്ന ഇണചേരല്‍ പ്രക്രിയ കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കിയും വിജയം കണ്ടിട്ടുണ്ട്.
ഈ വിജയം ചുവടുപിടിച്ചാണ് പ്രമുഖ കിങ് കോബ്ര ഗവേഷകന്‍ ഗൗരിശങ്കറിന്റെ ഉപദേശ നിര്‍ദേശങ്ങളോടെ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തിലും ശ്രമം തുടങ്ങിയത്.എന്നാല്‍, പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ ഇണചേരുന്നതിനായി വിട്ട പെണ്ണിന്റെ പ്രായക്കുറവും ആദ്യത്തെ ഇണചേരല്‍ പ്രക്രിയയുമായതിനാല്‍ ചില ജനിതകപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ഗവേഷകര്‍ സംശയിക്കുന്നത്. ശരിയായ രീതിയില്‍ പ്രത്യുത്പാദന പ്രക്രിയ നടക്കാത്തതും മുട്ടവിരിയാതിരിക്കാനുള്ള കാരണമാണെന്നാണ് പാമ്പുവവളര്‍ത്തുകേന്ദ്രം ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച കേന്ദ്രമാക്കിമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാഗരാജാക്കന്മാരുടെ ഇണചേര്‍ക്കാനുള്ള ശ്രമവും തുടങ്ങിയത്.......

ഇതിനായാണ് 2500 സ്‌ക്വയര്‍ മീറ്റര്‍ സൗകര്യമുള്ള ജൈവ ആവാസവ്യവസ്ഥയും പാര്‍ക്കില്‍ ഒരുക്കിയത്. ആഗസ്ത് മുതല്‍തന്നെ വീണ്ടും ശ്രമം തുടങ്ങിയതായ് പാര്‍ക്ക് 
അധികൃതര്‍ പറഞ്ഞു. ഇതിനായി പ്രമുഖ ഗവേഷകന്‍ ഗൗരിശങ്കറിന്റെ സഹായം തേടും. ആദ്യശ്രമത്തിലെ അപാകം പരിഹരിച്ച് എല്ലാവിധ ജൈവസാഹചര്യവും ഒരുക്കി അപൂര്‍വ പ്രജനനപ്രക്രിയക്കായി പാമ്പുവളര്‍ത്തുകേന്ദ്രം അധികൃതര്‍ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 




August 03
12:53 2016

Write a Comment