environmental News

സീഡ് പരീക്ഷണം വിജയം; വാടയ്ക്കല്‍ പൊഴിയില്‍ കണ്ടല്‍ പിടിച്ചു

 ആലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതിക്ക് പ്രതീക്ഷ പകര്‍ന്ന് വാടയ്ക്കല്‍ പൊഴിയില്‍ കണ്ടല്‍ വളര്‍ന്നുതുടങ്ങി. കഴിഞ്ഞ വര്‍ഷം ലൂര്‍ദ്ദ് മേരി യു.പി.സ്‌കൂള്‍ സീഡ് കുട്ടികളുടെ നേതൃത്വത്തില്‍ നട്ട കണ്ടല്‍ച്ചെടികളാണ് പ്രതീക്ഷ നല്‍കുന്നത്.
    ആലപ്പുഴയിലെ സാധാരണ കടല്‍ത്തീരത്ത് കണ്ടല്‍ച്ചെടികള്‍ പിടിച്ചിരുന്നില്ല. ഇതിന്, യുക്തമായ കണ്ടല്‍ ഏതാണെന്ന് പരീക്ഷിക്കുന്നതിനായി വിവിധയിനം കണ്ടലുകള്‍ നട്ടു. അതില്‍ റൈസഫോറ അപ്പിക്കുലേറ്റര്‍ (പ്രാന്തന്‍ കണ്ടല്‍) ആണ് പിടിച്ചിട്ടുള്ളത്. പൊഴി മേഖലയില്‍ ചെളിയുള്ളതുകൊണ്ടാണ് ഇതു പിടിച്ചതെന്നു കരുതുന്നു. കടുംപച്ച നിറത്തിലുള്ള ഇലകളുള്ളതും കൗതുകമുള്ള രീതിയില്‍ വളരുന്നതുമാണിത്. ഇവ മാതൃചെടിയില്‍നിന്ന് വീഴുന്ന വേരുകള്‍ താങ്ങാക്കി ഉയര്‍ന്നു നില്‍ക്കുകയും തിരത്തള്ളലിനെ പ്രതിരോധിക്കുകയും ചെയ്യുമെന്ന് പറയുന്നു. 
 പരീക്ഷണം പൂര്‍ണ വിജയത്തിലേക്ക് നീങ്ങിയാല്‍ ആലപ്പുഴ രൂപതാ സൊസൈറ്റി ഇത് ഏറ്റെടുത്ത് മറ്റ് തീരമേഖലകളിലും കണ്ടല്‍ വച്ചുപിടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 മാതൃഭൂമി സീഡ് വനംവകുപ്പുമായി സഹകരിച്ച് ഇതു സംബന്ധിച്ച് തീരമേഖലയില്‍ ബോധവത്കരണം നടത്തി. ഗ്രീന്‍വെയിനിന്റെ സഹകരണത്തിലാണ് കണ്ടല്‍ വച്ചുപിടിപ്പിച്ചത്.


August 06
12:53 2016

Write a Comment