reporter News

പ്രകൃതിയോടിണങ്ങി ശലഭങ്ങളെപ്പോലെ ഒരു യാത്ര


അവധിയുടെ ആലസ്യത്തില്‍ അമരാതെ പ്രകൃതിയോടും പൂക്കളോടും ശലഭങ്ങളോടും ഒത്തുചേര്‍ന്നൊരുദിനം. കാഴ്ചകളുടെ ലോകത്ത് നവ്യാനുഭവമായിരുന്നു അത്.
പട്ടത്താനം ഗവണ്‍മെന്റ് എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കര്‍ക്കടകവാവ് ദിനത്തില്‍ രാവിലെ 8.30ന് സീഡ് ക്ലബ്ബ് കണ്‍വീനര്‍ സീന ടീച്ചറിന്റെ നേതൃത്വത്തില്‍ 48 കുട്ടികളാണ് യാത്ര പുറപ്പെട്ടത്. വഴിയോരക്കാഴ്ചകള്‍ ഞങ്ങള്‍ക്ക് ആഹ്ലാദകരമായി. വയലുകളും തോടുകളും നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയ്‌ക്കൊടുവില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത് അഞ്ചലിനടുത്ത് ഏറെ പ്രശസ്തമായ കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിലാണ്. പച്ചപ്പുനിറഞ്ഞ വയലിന്റെ മധ്യഭാഗത്ത് ഒരു കൂറ്റന്‍പാറയില്‍ ഒരു ദേവാലയം. ദൂരെക്കാഴ്ചയില്‍ ഒരു കരിവീരന്‍ കിടക്കുന്ന പ്രതീതിയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ആദ്യമായാണ് ഇത്തരം ഒരു ഗുഹാക്ഷേത്രം കാണാന്‍ ഇടയാവുന്നത്. ഇവിടെ നിന്നും ഞങ്ങള്‍ കുളത്തൂപ്പുഴയിലെത്തി. വിസ്മയകരമായ ഒരനുഭവമായിരുന്നു അവിടുത്തെ മീനൂട്ട്. കല്ലടയാറിന്റെ പരിശുദ്ധവും നിര്‍മ്മലവുമായ ജലത്തിലിറങ്ങാനും അപരിചിതമായ പല വൃക്ഷങ്ങളുടേയും വിവരങ്ങള്‍ ശേഖരിയ്ക്കാനും കഴിഞ്ഞു.
തുടര്‍ന്നുള്ള യാത്ര തെന്മലയിലേക്ക് കേരളത്തിലെ ആദ്യ എക്കോ ടൂറിസം പാര്‍ക്കായ തെന്മലയിലേക്ക് വളവും തിരിവും ഉള്ള വഴികളിലൂടെ ഏറെ നേരം യാത്ര ചെയ്തു. ഏറെ ഹൃദ്യമായിരുന്നു ആ യാത്ര. റോഡിനിരുവശവും ധാരാളം വാനരന്മാരെ കണ്ടു. ബസ് നിര്‍ത്തുമ്പോള്‍ ബസിനടുത്തേക്ക് കൂട്ടത്തോടെ ഓടി വന്നത് ഞങ്ങളെ ഭയപ്പെടുത്തി. ഉച്ചഭക്ഷണത്തിനുശേഷം നക്ഷത്ര വനത്തിലേക്കാണ് ഞങ്ങള്‍ പോയത്. പ്രഥമാധ്യാപകന്‍ ആര്‍. രാധാകൃഷ്ണന്‍ സാറിന്റെ സുഹൃത്തുകൂടിയായ എക്കോ ടൂറിസത്തിലെ അരുണ്‍ ബോസ് സാര്‍ നക്ഷത്രവനത്തിലെ ഓരോ മരത്തെക്കുറിച്ചും പറഞ്ഞുതന്നു. അശ്വതി മുതല്‍ രേവതി വരെ 28 നക്ഷത്രങ്ങള്‍ക്കും ഓരോ വൃക്ഷവും പക്ഷിയും മൃഗവും ഉണ്ട്. ഇതില്‍ അവരവരുടെ നക്ഷത്രത്തിലുള്ള മരത്തിന്റെ അടുത്ത് ഓരോരുത്തരും പോവുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ശലഭോദ്യാനത്തിലേക്കാണ് പോയത്. കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാഴ്ചകള്‍. മനോഹരമായ പൂന്തോട്ടത്തില്‍ പാറിക്കളിക്കുന്ന നൂറുകണക്കിന് ചിത്രശലഭങ്ങള്‍. ഒരു പൂവില്‍ നിന്നും മറ്റൊരു പൂവിലേക്ക് അവര്‍ സ്വതന്ത്രമായി പാറിനടക്കുന്നു. കണ്ണിന് ഏറെ ഇമ്പം നല്‍കുന്ന ശലഭോദ്യാനം കണ്ടിട്ടും കണ്ടിട്ടും കൊതിതീരുന്നില്ല. ഒരു മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടനും ഇവിടെയുണ്ട്. തൊട്ടടുത്തുള്ള മാന്‍പാര്‍ക്കും കണ്ടിട്ടാണ് ഞങ്ങള്‍ അവിടെ നിന്നും മടങ്ങിയത്. മടക്കയാത്രയില്‍ പ്രകൃതിരമണീയമായ കാഴ്ചകള്‍ കൊണ്ടുനിറഞ്ഞ ഒറ്റക്കല്ലിലും ഞങ്ങളിറങ്ങി. മലമേടുകളുടേയും അരുവിയുടേയും ഭംഗി പൂര്‍ണമായി ആസ്വദിക്കാന്‍ കഴിഞ്ഞു. പുതുക്കിപ്പണിത പുനലൂര്‍ തൂക്കുപാലവും മടക്കയാത്രയില്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. സ്‌കൂളിലെ സീനിയര്‍ അധ്യാപികമാരായ സുഷമാദേവി അമ്മിണി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ദു.ആര്‍.
ഗവ. എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍, പട്ടത്താനം

August 11
12:53 2016

Write a Comment