environmental News

ലോക ആനദിനം - ഒളിമങ്ങുന്ന നെറ്റിപ്പട്ടങ്ങൾ

ഇന്ന് ലോക ആന ദിനം. 2011 മുതലാണ് എല്ലാ വർഷവും ഓഗസ്റ്റ് 12 ആന ദിനമായി ആചരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗമാണ് ആന എന്നത് ആനക്കമ്പക്കാരായ മലയാളികൾക്ക് ഒരു പക്ഷെ അത്ഭുതമായിരിക്കും. എന്നാൽ ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും ആനകളുടെ എണ്ണത്തിൽ അപകടകരമായ കുറവാണ് ഓരോ വർഷവും കാണുന്നത്.

ആനക്കൊമ്പു വേട്ടയും, ആവാസ കേന്ദ്രങ്ങളുടെ നാശവും, മനുഷ്യൻറെ കടന്നുകയറ്റങ്ങളും ആനകളുടെ ജീവന് ഭീഷണി ഉയർത്തുന്നുണ്ട്. നമ്മുടെ നാട്ടിൽ തന്നെ ട്രെയിൻ തട്ടി മരണമടയുന്ന കാട്ടാനകളുടെ വാർത്ത ഒരു തുടർക്കഥയാണ്. കാട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണമാക്കി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ മൂലവും അനവധി കാട്ടാനകളാണ് മരണത്തിന്റെ മുഖത്തേക്ക് നടന്നു നീങ്ങുന്നത്‌.

മലയാളിയുടെ ഗൃഹാതുരതയുടെ പോസ്റ്റർ രൂപമാണ് നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ. എന്നാൽ നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആനക്കമ്പത്തിനു പുറകിലെ പൊള്ളിക്കുന്ന മുറിവുകൾ ഇപ്പോൾ നമ്മൾ കാണാറുണ്ട്. നാട്ടാനകളെ പീഡിപ്പിക്കുന്ന നിരവധി തെളിവുകൾ മലയാളിയുടെ ആനക്കമ്പത്തിന്റെ പൊള്ളയായ ഉള്ളു തുറന്നു കാട്ടുന്നവയാണ്.

ഈ ആനദിനം നമ്മുടെ ഗജരാജൻമാരെ സംരക്ഷിക്കുവാനായി നമുക്കാവുന്നതു ചെയ്യുന്നതിനുള്ള പ്രചോദനമാക്കാം.    അല്ലെങ്കിൽ ആന എന്നത് വരും തലമുറയ്ക്ക് ഒരു ചിത്രമോ നിരത്തിലൂടെ നീങ്ങുന്ന കെ.എസ് .ആർ.ടി.സി ബസ്സോ മാത്രമായി മാറുന്ന കാലം വിദൂരമല്ല.

August 12
12:53 2016

Write a Comment