reporter News

പ്രവര്ത്തന മികവില് സ്‌കൂള്; ദുരിതവഴി താണ്ടി വിദ്യാര്ത്ഥികള്

പെരുമ്പാവൂര്: പാഠ്യപാഠ്യേതര വിഷയങ്ങളില് ജില്ലയിലെ സര്ക്കാര് സ്‌കൂളുകള്ക്ക് മാതൃകയാണ് സൗത്ത് എഴിപ്രം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്. എന്നാല്, സ്‌കൂളിലേക്കെത്താന് നല്ല വഴിയില്ലാതെ വിഷമിക്കുകയാണ് വിദ്യാര്ത്ഥികള്. സ്‌കൂളിലേക്ക് ഗതാഗത സൗകര്യമില്ല. റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു...
സ്‌കൂളിലേക്ക് എത്താന് കൂട്ടുകാരും അധ്യാപകരും അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച്  വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്തയയ്ക്കുകയാണ് സ്‌കൂളിലെ 'മാതൃഭൂമി സീഡ്' റിപ്പോര്ട്ടറായ അബു സുഫിയാന്.
 വര്ഷങ്ങളായി എസ്.എസ്.എല്.സി. പരീക്ഷയില് മികച്ച വിജയം നേടുന്ന സ്‌കൂളാണ് സൗത്ത് എഴിപ്രം. പ്രധാന ജങ്ഷനുകളായ ചെമ്പറക്കി, കിഴക്കമ്പലം, മലയിടംതുരുത്ത് എന്നിവിടങ്ങളില് നിന്ന് മൂന്ന് കിലോമീറ്റര് ദൂരെ മേച്ചേരിമുകളിലാണ് സ്‌കൂള് പ്രവര്ത്തിക്കുന്നത്. ഇതുവഴി ബസ് സര്വീസില്ല.
 സ്‌കൂളിന് മുന്നിലൂടെയുള്ള മേച്ചേരിമുകള് മലയിടംതുരുത്ത് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്ഷങ്ങളായി. മഴക്കാലത്ത് കുഴികളില് വെള്ളം കെട്ടിക്കിടക്കുന്നത് യാത്ര ദുരിതമയമാക്കുന്നു. ടിപ്പര് ലോറികളുടെ നിരന്തരമായ ഓട്ടമാണ് റോഡിന്റെ തകര്ച്ചയ്ക്ക് മുഖ്യകാരണം. അസുഖം വന്നാല് മലയിടംതുരുത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നതിനും ഈ ചെളിക്കുഴികള് താണ്ടണം. റോഡ് തകര്ച്ചയിലായതോടെ ഓട്ടോറിക്ഷകള് പോലും ഓട്ടം വിളിച്ചാല് ഇതുവഴി വരാതായി.
 എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കി തങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബു സുഫിയാന്റെ കത്ത്.


August 18
12:53 2016

Write a Comment