reporter News

ഈ മനോഹര തീരത്തുവേണം ഒരു പാര്‍ക്ക്...



കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരത്തിനോടുചേര്‍ന്ന് വശ്യസൗന്ദര്യത്തോടെ നിറഞ്ഞൊഴുകുന്ന പള്ളിക്കലാറിന്റെ തീരം പാര്‍ക്കായി ഉപയോഗപ്പെടുത്തണം.
പള്ളിക്കലാറും കന്നേറ്റിക്കായലും ചന്തക്കായലും വട്ടക്കായലും ടി.എസ്. കനാലും ഉള്‍പ്പെടുന്ന ജലാശയമാണ് കരുനാഗപ്പള്ളി നഗരത്തിന്റെ മൂന്നുവശവും.
 നഗരത്തിനോടുചേര്‍ന്ന് വിസ്തൃതിയിലുള്ള ജലാശയം ആരുടെയും മനം കവരുന്നു. എന്നാല്‍ ഈ ജലാശയത്തിന്റെ പല തീരവും മാലിന്യകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വന്‍തോതില്‍ ഈ ജലാശയത്തില്‍ തള്ളുന്നു. തേവര്‍കാവ് ക്ഷേത്രത്തിന് സമീപം പള്ളിക്കലാറിന്റെ തീരം വിശാലമായ പുല്‍മേടുകള്‍ നിറഞ്ഞതാണ്. ഹവ്വാ ബീച്ച് എന്നറിയപ്പെടുന്ന ഈ മനോഹരതീരം കല്യാണ വീഡിയോ എടുക്കുന്നവരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ്. 
ഈ സ്ഥലം ഉപയോഗപ്പെടുത്തി നഗരസഭ പാര്‍ക്ക് നിര്‍മിച്ചാല്‍ നഗരത്തിന് ഏറെ പ്രയോജനം ചെയ്യും. വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരത്തില്‍ പ്രായംചെന്നവര്‍ക്ക് ഉള്‍പ്പെടെ സായന്തനങ്ങളിലും അവധിദിവസങ്ങളിലും അല്പനേരം വിശ്രമിക്കാന്‍ പൊതുസ്ഥലം ഇല്ലാത്ത അവസ്ഥയാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുംവിധം പള്ളിക്കലാറ്റില്‍ ബോട്ട് സര്‍വീസ് നടത്താനുമാകും.

ആനന്ദ് എസ്., സീഡ് റിപ്പോര്‍ട്ടര്‍, ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.
കരുനാഗപ്പള്ളി)


August 20
12:53 2016

Write a Comment