reporter News

കുളമാവുകളുടെ മടങ്ങിവരവ് സ്വപ്‌നംകണ്ട്


ഇന്ത്യ, ശ്രീലങ്ക ദേശങ്ങളില്‍ മാത്രം കാണുന്ന 30 മീറ്റര്‍ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് കുളമാവ്. കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളിലാണ് ഇവയുള്ളത്. മലമാവ്, ഉറവ്, ഉറമാവ്, ഊറാവ് എന്നീ പേരിലറിയപ്പെടുന്ന കുളമാവിന്റെ ഇലയും, തൊലിയും വാത-പിത്ത-കഫ രോഗശമനിയായും ഉപയോഗിച്ചു വരുന്നു. ഇളം തവിട്ടു കലര്‍ന്ന പച്ചനിറമുള്ള, രൂക്ഷഗന്ധവുമുള്ള ഇലകാണുള്ളത്. പേര്‍സിയ മക്രാന്താ (Persea Macrantha) എന്ന ശാസ്ത്ര നാമമുള്ള കുളമാവില്‍ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ഇളം മഞ്ഞ കലര്‍ന്ന പൂക്കള്‍ ഉണ്ടാകാറുണ്ട്.
എന്റെ കുഞ്ഞുനാളില്‍ ചിലയിടത്തെങ്കിലും പ്രത്യേകിച്ച് കാവുകളില്‍ ഉണ്ടായിരുന്ന മാവ് ഇന്ന് അന്യം നിന്നുപോയി കൊണ്ടിരിക്കുകയാണ്. നാട്ടുകാര്‍ പലകാരണങ്ങളാണ് വംശനാശത്തിന് കാരണമായി പറയുന്നത്. ഗ്രാമങ്ങളിലെ കുടില്‍ വ്യവസായമായി നടന്നുകൊണ്ടിരുന്ന ചന്ദനത്തിരി ബിസിനസിനായി ഇതിന്റെ തൊലി വ്യാപകമായി ഉപയോഗിച്ചിരുന്നു. വായനയുടെ തൊലി പശയ്ക്കായും, കുളമാവും കരിയും ചേര്‍ന്ന മിശ്രിതം തീ കത്തുന്നതിനുമായി ചന്ദനത്തിരി നിര്‍മ്മിതാക്കള്‍ പണ്ട് വിനിയോഗിച്ചിരുന്നു. അക്കാലത്ത് വിത്തുകള്‍ തല്ലിപ്പൊട്ടിച്ച് ഉള്ളിലെ മാംസളഭാഗം തിന്നുന്നതും കുളമാവിന്റെ വംശനാശ ഭീഷണിയ്ക്ക് ഇടയായെന്ന് അനുമാനിക്കാം.
താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ അംഗങ്ങളായ ഞങ്ങള്‍ കുളമാവിന്‍ തൈകള്‍ നട്ടുകിളിപ്പിച്ച് കാവുകളില്‍ നടുന്ന യജ്ഞത്തിലാണ്. കുളമാവുകളുടെ മടങ്ങി വരവ് സ്വപ്‌നം കണ്ടാണ് ഗ്രാമീണവാസികളായ ഞങ്ങള്‍ ഈ ഉദ്യമത്തിന് തയ്യാറായിരിക്കുന്നത്. അവരവരുടെ ദേശത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ ഞങ്ങള്‍ക്ക് നല്‍കാനുള്ളത്.


ഗോപുകൃഷ്ണന്‍, വി.എച്ച്.എസ്.സി.
ശിവവിലാസം വി.എച്ച്.എസ്.ഇ., താമരക്കുടി.

August 23
12:53 2016

Write a Comment