SEED News

ഇലിപ്പക്കുളം സ്കൂളിൽ ജൈവവൈവിധ്യ പാർക്ക് നിർമിച്ചു

 വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് ജൈവവൈവിധ്യ പാർക്ക് നിർമിച്ചു. ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പും നടന്നു.
   ജൈവവൈവിധ്യ പാർക്കിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെ വിവിധയിനം പുഷ്പങ്ങളുടെയും വൃക്ഷലതാദികളുടെയും ശേഖരമാണുള്ളത്. കുറുന്തോട്ടി, കൈയോന്നി, ആനച്ചുവടി, കച്ചോലം, ആടലോടകം, ശതാവരി, രാമച്ചം, കല്ലുരുക്കി തുടങ്ങി അൻപതോളം സസ്യങ്ങളാണ് സീഡ് പ്രവർത്തകർ ഇവിടെ നട്ട് പരിപാലിക്കുന്നത്.
 സ്കൂൾ വളപ്പിലും മഴമറ നിർമിച്ച് അതിനുള്ളിലുമായാണ് ജൈവ പച്ചക്കറിക്കൃഷി നടത്തുന്നത്. പയർ, വെണ്ട, വഴുതനം, തക്കാളി തുടങ്ങിയവയാണ് പ്രധാന കൃഷി. വർഷങ്ങളായി ചിപ്പിക്കൂൺ കൃഷിയും സീഡ് പ്രവർത്തകർ ഇവിടെ വിജയകരമായി നടത്തിവരുന്നു. സീഡ് കോ-ഓർഡിനേറ്റർ ബിനിമോളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
 ജൈവവൈവിധ്യ പാർക്ക് നിർമാണവും പച്ചക്കറി വിളവെടുപ്പും വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.മുരളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.ആർ.അഭില, സി.ജി.വിനോദ്, ദീപ പൊന്നൻ, എൻ.എസ്.ശ്രീജ, സോമ എം.ജോയ്, ടി.മറിയാമ്മ, പ്രീത പി.കെ., ടി.താഹിറ, യു.ബീന, സീഡ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

August 27
12:53 2016

Write a Comment

Related News