SEED News

നാട്ടുമാന്തോട്ടമൊരുങ്ങി, മെരുവമ്പായിയിൽ ഇനി മാങ്ങയുടെ മണവും മധുരവും...


കണ്ണൂര്‍: 'നാട്ടുമാങ്ങതന്‍ ഞെട്ടിലൂറുന്ന ചുനമണ'ത്തെയും 'നാട്ടുമാങ്ങതന്‍ രസനോദ്ദീപന മധു' വിനേയും കുറിച്ചുള്ള കവിവചനങ്ങള്‍ ഇനി പാഴ് വചനങ്ങളാകില്ല.  കുലമറ്റുപോകുന്ന വിവിധങ്ങളായ നാട്ടുമാവിനങ്ങളെ  മാതൃഭൂമി സീഡ് സംരക്ഷിക്കും. സീഡിന്റെ നാട്ടുമാവ് സംരക്ഷണ പദ്ധതിയായ 'നാട്ടുമാഞ്ചോട്ടില്‍'  കണ്ണൂര്‍ മെരുവമ്പായി പള്ളിപ്പറമ്പില്‍ ഒരുങ്ങി.
     എം.കെ.എസ്. നാട്ടുമാന്തോട്ടത്തിന്റെ ഉദ്ഘാടനം സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട പിറണായിയിലെ വി.മഹേഷാണ് നിര്‍വഹിച്ചത്. മെരുവമ്പായി ഖിദ്മത്തുല്‍ സഭ പ്രസിഡന്റ് സി.പി.അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
      കണ്ണൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്ന് ശേഖരിച്ച മുപ്പതിനം നാട്ടുമാവുകളാണ് ഈ നാട്ടുമാന്തോപ്പിലുള്ളത്. ഇരുനൂറിലധികം നാട്ടുമാവുകള്‍ ഉദ്ഘാടന ദിവസം തന്നെ നട്ടു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് അംഗങ്ങളാണ് തോട്ടം പരിപാലിക്കുന്നത്. 
ഗോമാവ്, ഒളമാവ്, പുളിരാന്‍, പുളിയന്‍, കടുക്കാച്ചി, കുറ്റിയാട്ടൂര്‍, തേന്‍പുളിയന്‍... അങ്ങനെ നാവില്‍ നിന്ന് അടര്‍ന്നുപോയ നാട്ടുമധുരങ്ങള്‍ തിരിച്ചുപിടിക്കുന്നതിന്റെ ആദ്യഘട്ടമായിരുന്നു അത്.
      ഉദ്ഘാടനച്ചടങ്ങില്‍ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, സഭാ സെക്രട്ടറി പി.കെ.അബൂബക്കര്‍, മാങ്ങാട്ടിടം പഞ്ചായത്തംഗം വി.കെ.ബഷീര്‍, ഫെഡറല്‍ബാങ്ക് സീനിയര്‍ മാനേജര്‍ സി.പി.പ്രേമാനന്ദ്, കൃഷി അസി.ഡയറക്ടര്‍ എ.കെ.വിജയന്‍, വി.വി.ദിവാകരന്‍, എ.കെ.ബിജുല, കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ കെ.രാജന്‍ എന്നിവര്‍ പങ്കെടുത്തു. മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.


August 29
12:53 2016

Write a Comment

Related News