environmental News

ആയുര്‍ദൈര്‍ഘ്യത്തില്‍ റിക്കോര്‍ഡിട്ട് 400 വര്‍ഷം പ്രായമുള്ള സ്രാവ്.

ഭൂമിയിലെ നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ആയുസ്സുള്ളവ ഗ്രീന്‍ലന്‍ഡ് സ്രാവുകളാണെന്ന് കണ്ടെത്തല്‍. ഈ സ്രാവുകള്‍ നാല് നൂറ്റാണ്ട് ജിവിക്കുന്നുവെന്നാണ് പുതിയ ഗവേഷണത്തില്‍ വ്യക്തമായത്. 

റേഡിയോകാര്‍ബര്‍ കാലഗണന സങ്കേതമുപയോഗിച്ച് 28 ഗ്രീന്‍ലന്‍ഡ് സ്രാവുകളുടെ പ്രായം കണക്കാക്കിയ ഗവേഷകര്‍ കണ്ടത്, അതിലൊരു പെണ്‍സ്രാവിന് 400 വര്‍ഷം പ്രായമുണ്ടെന്നാണ്.
ഒരു വര്‍ഷം ഒരു സെന്റീമീറ്റര്‍ എന്ന തോതിലാണ് ഈ സ്രാവുകള്‍ വളരുന്നതെന്നും, ലൈംഗീകമായി ഇവ പക്വത പ്രാപിക്കുന്നത് 150 വയസ്സാകുമ്പോഴാണെന്നും  പുതിയ ലക്കം 'സയന്‍സ് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.211 വര്‍ഷം പ്രായമുള്ള ഒരു 'ബോഹെഡ് തിമിംഗല'മാണ് ( bowhead whale ) ഇതുവരെ നട്ടെല്ലുള്ള ഏറ്റവും ആയുസ്സുള്ള ജീവിയെന്ന റിക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നത്.
 ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍ക്ക് ഇത്രയും പ്രായമുണ്ടെന്ന് കണ്ടപ്പോള്‍, തന്റെ സംഘത്തിലെല്ലാവരും അത്ഭുതപ്പെട്ടുവെന്ന് ഗവേഷണറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവ്  മറൈന്‍ ബയോളജിസ്റ്റ് ജൂലിയസ് നീല്‍സണ്‍ പറഞ്ഞു.കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലാണ് നീല്‍സണ്‍ പ്രവര്‍ത്തിക്കുന്നത്.നോര്‍ത്ത് അത്‌ലാന്റിക്കിലെ ആഴമേറിയ തണുത്ത സമുദ്രത്തില്‍ കാണപ്പെടുന്ന ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍ അഞ്ചുമീറ്റര്‍ നീളത്തില്‍ വളരുന്ന ജീവികളാണ്.വളരെ പ്രായമുള്ള ജീവികളാണെന്ന് അറിയാമായിരുന്നെങ്കിലും, ഇവയുടെ പ്രായം നിശ്ചയിക്കുക ബുദ്ധിമുട്ടാണ്.
സാധാരണ മത്സ്യങ്ങളുടെ കാഠിന്യമേറിയ ശരീരഭാഗങ്ങളെ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് നടത്തിയാണ് അവയുടെ പ്രായം നിശ്ചയിക്കാറ്. 'എന്നാല്‍, ഗ്രീന്‍ലന്‍ഡ് സ്രാവ് വളരെ 
മൃദുവായ ജീവിയാണ്. വളര്‍ച്ച കണക്കാക്കാന്‍ പാകത്തിലുള്ള കാഠിന്യമേറിയ ശരീരഭാഗങ്ങളില്ല. അതുകൊണ്ട് ഈ ജീവികളുടെ പ്രായം നിര്‍ണയിക്കാനാവില്ല എന്നാണ് കരുതിയിരുന്നത്', നീല്‍സണ്‍ പറഞ്ഞു. ഈ പരിമിതി മറികടക്കാന്‍ നീല്‍സണും സംഘത്തിനും സാധിച്ചതാണ് ഇപ്പോഴത്തെ ഗവേഷണം സാധ്യമാക്കിയത്. 





August 30
12:53 2016

Write a Comment