environmental News

ഇനി പെന്‍സിലും പൂക്കും കായ്ക്കും

ആലപ്പുഴ: കിളിര്‍ക്കുന്ന പെന്‍സില്‍! കഥയല്ല. സത്യം. അക്ഷരം സമ്മാനിക്കാനാവാതാവുമ്പോള്‍ വലിച്ചെറിയുന്ന പെന്‍സില്‍ പൂവും കായും സമ്മാനിക്കുന്ന ചെടിയായി വളരുന്ന കാലമെത്തി. അമേരിക്കന്‍ കമ്പനിയാണ് ഇത് ആദ്യം പുറത്തിറക്കിയത്. ഇതനുകരിച്ച് ലോകത്തെങ്ങും പുതിയ പെന്‍സിലുകള്‍ പുറത്തിറക്കുന്ന തിരക്കിലാണ് കമ്പനികള്‍. എഴുതുന്ന പെന്‍സില്‍ മുനയൊടിയുമ്പോള്‍ വീണ്ടും മുനകൂര്‍പ്പിക്കുക. അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞ് എഴുതാന്‍ പറ്റാതാവുമ്പോള്‍ ഉപേക്ഷിക്കാതെ അതിന്റെ മൂട് മണ്ണില്‍ കുത്തി നിര്‍ത്തുക. ചുവട്ടില്‍ വെള്ളമൊഴിക്കുക.സൂര്യപ്രകാശവും ലഭിക്കുമ്പോള്‍ അത് മുളച്ചു പൊന്തും.   തുളസി, പുതിന, ജീരകം, മല്ലിയില, തക്കാളി, ജമന്തി തുടങ്ങിയ ഏതു ചെടിയാണ് ഇലവിടര്‍ത്തിയെത്തുന്നതെന്നറിയാന്‍ സ്‌നേഹത്തോടെ കാത്തിരുന്നാല്‍ മതി.  പ്ലാസ്റ്റിക് പേനകള്‍ കൊണ്ട് പരിസരം മലിനമാകുന്ന കാലത്ത് പുതിയ പെന്‍സില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. 
സ്പ്രൗട്ട് എന്ന പേരില്‍ പുറത്തിറങ്ങിയ പെന്‍സില്‍ ഇപ്പോള്‍ പ്രധാന ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കു നല്കുന്ന വിശിഷ്ടവസ്തുവായും മാറി. 12 നിറങ്ങളില്‍ ലഭിക്കും. എഴുതുന്ന മുനയില്‍ ലെഡ്ഡിനു പകരം പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഗ്രാഫൈറ്റും കളിമണ്ണുമാണ്  ഉപയോഗിച്ചിരിക്കുന്നത്. ദേവതാരു തടിയാണ് പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നത്.     പരിസ്ഥിതി സ്‌നേഹം കുട്ടികളില്‍ അക്ഷരം കൊണ്ടു നിറയുന്നതിനൊപ്പം പ്രാവര്‍ത്തികമാവുന്നു എന്നതാണ് പുതിയ പെന്‍സില്‍ നല്കുന്ന പാഠം.


September 17
12:53 2016

Write a Comment