environmental News

പ്രതീക്ഷകള്‍ വാനോളം; രണ്ടുപതിറ്റാണ്ടിനു ശേഷം ആറന്മുളയില്‍ നെല്‍കൃഷി

കാര്‍ഷികസംസ്‌കൃതിയുടെ പ്രോജ്വലമായ പാരമ്പര്യമുള്ള ആറന്മുള വീണ്ടും പഴയ കാര്‍ഷികസംസ്‌കാരത്തിലേക്ക് തിരികെയെത്തുന്നതിന് തുടക്കമായി. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കൃഷി മുടങ്ങിയ ആറന്മുള പുഞ്ചയില്‍ കൃഷി പുനരാരംഭിക്കുന്നതിന്റെ പ്രാരംഭഘട്ടമായി നിലമൊരുക്കല്‍ ജോലികള്‍ ആരംഭിച്ചു. ഇതോടെ സമൃദ്ധിയുടെ അമ്പാടിയിലേക്ക് ആറന്മുള മടങ്ങുന്നതിന് തുടക്കമായി. വഞ്ചിപ്പാട്ടും വായ്ക്കുരവകളും മുഴങ്ങിയ അന്തരീക്ഷത്തില്‍ മന്ത്രി സുനില്‍കുമാറിനെയും വീണാ ജോര്‍ജ് എം.എല്‍.എ.യെയും നിലമൊരുക്കല്‍ നടക്കുന്ന പുഞ്ചയിലേക്ക് ആനയിച്ചു.
 കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും സാക്ഷിനിര്‍ത്തി പരമ്പരാഗത രീതിയില്‍ തളിര്‍വെറ്റില നിരത്തി നിലവിളക്ക് തെളിക്കുകയും ആറന്മുളയിലെ കര്‍ഷക തൊഴിലാളിയായ പൊയ്കയില്‍ രാഘവനെ പൊന്നാടയണിയിച്ച് മന്ത്രി ആദരിക്കുകയും ചെയ്തു. മല്ലപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുഞ്ചയില്‍ കേരളപ്പിറവി ദിനമായ നവംമ്പര്‍ ഒന്നിന് വിത്ത് വിതയ്ക്കാനാണ് തീരുമാനം. നിലവില്‍ 138 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
 വിമാനത്താവള പദ്ധതിക്ക് വേണ്ടി നികത്തിയ 6.32 ഏക്കര്‍ തോടുകളും ചാലുകളും ഹൈക്കോടതി ഉത്തരവ് പ്രകാരം പുനഃസ്ഥാപിച്ചശേഷം ഇപ്പോള്‍ തരിശുകിടക്കുന്ന ഇരുനൂറോളം ഏക്കറിലും കൃഷി പുനരാരംഭിക്കും. കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി, വിവിധ സംഘടനാ നേതാക്കളായ പി.പ്രസാദ്, അഡ്വ. പീലിപ്പോസ് തോമസ്, മാലേത്ത് സരളാദേവി, എ.പി.ജയന്‍, കെ.എം.ഗോപി, ആര്‍.അജയകുമാര്‍, അഡ്വ. ശരത്ചന്ദ്രകുമാര്‍, പി.കെ.തങ്കമ്മ, മനോജ് മാധവശ്ശേരില്‍, ഐഷാ പുരുഷോത്തമന്‍, പ്രസാദ് വേരുങ്കല്‍, പി.ആര്‍.ഷാജി, കെ.പി.ശ്രീരംഗനാഥന്‍, പി.പി.ചന്ദ്രശേഖരന്‍ നായര്‍, ഷാജി ചാക്കോ, പ്രിന്‍സിപ്പല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ആനി ശാമുവേല്‍, ഷൈല ജോസഫ്, സുധീഷ് ജോണ്‍, ജി.പ്രകാശ്, അനു നായര്‍, മേരി കെ.അലക്‌സ് എന്നിവര്‍ പങ്കെടുത്തു.

September 27
12:53 2016

Write a Comment