reporter News

സ്‌കൂള്‍ ലാബുകള്‍ ആക്രിക്കൂനകളാകാതിരിക്കാന്‍



ശാസ്ത്രപഠനത്തിന് അത്യന്താപേക്ഷിതമാണ് ശാസ്ത്രീയമായ രീതിയില്‍ സജ്ജീകരിക്കുന്ന ലാബുകള്‍. എന്നാല്‍ ഇന്ന് സ്‌കൂള്‍ ലാബുകള്‍ പലതും പാഴ്വസ്തു സംരക്ഷണകേന്ദ്രമായി മാറുന്നു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു ?
 വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ ലാബ് ഉപകരണങ്ങളും കാലാവധി കഴിഞ്ഞ രാസവസ്തുക്കളും പൊടിപടലങ്ങള്‍ നിറഞ്ഞ ലാബിന്റെ ഉള്ളില്‍ പലഭാഗങ്ങളിലായി തള്ളിയിരിക്കുന്ന അവസ്ഥയാണ് മിക്ക വിദ്യാലയങ്ങളിലും കാണുന്നത്. ഇത് കുട്ടികള്‍ക്ക് അവരുടെ പരീക്ഷണങ്ങള്‍ ശരിയായ രീതിയില്‍ നടത്തുന്നതിന് തടസ്സവും ഒപ്പം സ്ഥലദൗര്‍ലഭ്യവും സൃഷ്ടിക്കുന്നു. കാലാവധി കഴിഞ്ഞ രാസവസ്തുക്കളില്‍നിന്ന് പുറത്തേക്ക് വരുന്ന വാതകങ്ങളും പഴകിയ ഉപകരണങ്ങളില്‍നിന്നുള്ള പൊടിപടലങ്ങളും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
 കമ്പ്യൂട്ടര്‍ ലാബിലെ ഇ-വേസ്റ്റാണ് മറ്റൊരു വില്ലന്‍. വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ വന്നകാലംമുതലുള്ള കേടായ കമ്പ്യൂട്ടറുകളും അവയുടെ അനുബന്ധ ഉപകരണങ്ങളും പൊടിപടലങ്ങള്‍ നിറഞ്ഞ് കമ്പ്യൂട്ടര്‍ ലാബിന്റെ ഉള്ളില്‍ത്തന്നെ തള്ളിയിരിക്കുന്നത് ശോചനീയമായ അവസ്ഥയാണ്. മിക്ക സ്‌കൂളുകളിലും ക്ലാസ് മുറികളില്‍പ്പോലും കുട്ടികളുടെ ബാഹുല്യത്താല്‍ സ്ഥലം തികയാറില്ല. പിന്നെ ഇത്തരം പഴകിയ ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ എവിടെയാണ് സ്ഥലം? പഴകിയ ലാബ് ഉപകരണങ്ങള്‍ ഒഴിവാക്കാനായി പ്രഥമാധ്യാപകര്‍ക്ക് നിലവില്‍ അധികാരം നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
 അധികൃതരുടെ ശ്രദ്ധ എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ എത്തേണ്ടതാണ്. പ്രഥമാധ്യാപകര്‍ക്ക് ഉപയോഗശൂന്യമായ ലാബ് ഉപകരണങ്ങളും കമ്പ്യൂട്ടറുകളും ലാബുകളില്‍നിന്ന് മാറ്റാനുള്ള അധികാരവും അതിനോടൊപ്പം അധികാരികള്‍ ഈ ഉപകരണങ്ങള്‍ കൈപ്പറ്റി സംസ്‌കരിക്കാനുള്ള നടപടികളും സ്വീകരിക്കണം. ലാബുകള്‍ മാലിന്യരഹിതമായി, സജീവമായി ഉപയോഗിക്കാനുള്ള ഞങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതാണ്. സര്‍ക്കാറിന്റെയും അധികാരികളുടെയും കണ്ണുതുറക്കുമെന്ന പ്രതീക്ഷയില്‍...
ഐശ്വരി എ.വി.
സീഡ് റിപ്പോര്‍ട്ടര്‍
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഞ്ചാലുംമൂട്


September 29
12:53 2016

Write a Comment