environmental News

ആറ്റക്കിളികളെ കാക്കാൻ നാടും നാട്ടാരും.

ആറ്റക്കിളികൾ ഇവിടെ ആരെയും ഭയക്കേണ്ടതില്ല. ആറ്റുനോറ്റു കാക്കാൻ ഒരു നാടുതന്നെയുണ്ട്. വൈപ്പിനിലെ എടവനക്കാട് താമരവട്ടം മേഖലയിലാണ് ആറ്റക്കിളിക്കൂടുകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചത്. ജില്ലയിൽ ഏറ്റവുമധികം ദേശാടനപ്പക്ഷികൾ എത്തുന്ന പ്രദേശങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഇവിടെ വ്യാപകമായിആറ്റക്കിളിക്കൂടുകനശിപ്പിക്കപ്പെട്ടിരുന്നു.
 സാധാരണഗതിയിൽ തെങ്ങോലകളിൽ കൂടുകൂട്ടുന്ന ഇത്തരം കിളികൾ ഈ മേഖലയിൽ ആളനക്കം കുറവായതിനാൽ കയ്യെത്തും ഉയരത്തിലുള്ള മരങ്ങളിലാണു കൂടുവെയ്ക്കുന്നത്. മനോഹരമായ കൂടുകളെടുക്കാൻ മുട്ട നശിപ്പിക്കുന്നതും കുഞ്ഞുങ്ങളെ പുറത്തേക്കിടുന്നതും കൂടി. ഇതാണ് ഇത്തരം കൂട്ടായ്മയ്ക്കു മുൻകയ്യെടുക്കാൻ പ്രേരിപ്പിച്ചതെന്നു പരിസരവാസിയും ഫൊട്ടോഗ്രഫറുമായ റോമി മാളിയേക്കൽ പറയുന്നു. ഇത്തവണ ആറ്റകൾ കൂടു നിർമാണം തുടങ്ങിയതോടെ തന്നെ ഈ പ്രദേശങ്ങളിലെ ചെറുപ്പക്കാരും കുട്ടികളും ഇക്കാര്യത്തിൽ ജാഗരൂകരായി. വനംവകുപ്പിന്റെ സഹകരണത്തോടെ ഈ മേഖലയിൽ ബോർഡുകൾ സ്ഥാപിക്കാനും പരിപാടിയുണ്ട്.
താമരവട്ടത്തു പാടങ്ങളുടെ ഇടയിലൂടെ പോകുന്ന റോഡുകളുടെ അരികിലുള്ള ചെറുമരങ്ങളിലാണ് ആറ്റക്കുരുവിക്കൂടുകൾ കൂടുതലും. തൂക്കണാംകുരുവിയെന്നും കൂരിയാറ്റയെന്നും പേരുള്ള ഇവ ഇംഗ്ലിഷിൽ ബയാവീവർ എന്നാണ് അറിയപ്പെടുന്നത്.പ്രജനനകാലത്തു മാത്രമേ ആൺകിളിയെയും പെൺകിളിയെയും തിരിച്ചറിയാൻ കഴിയൂ. ഈ സമയത്ത് ആൺകിളികളുടെ തലയിലും നെഞ്ചിലും മഞ്ഞ നിറമായിരിക്കും. പെൺകിളികളെ ആകർഷിക്കാൻ കൂടുകൾ നെയ്യുന്നതും ആൺകിളികളാണ്. രണ്ടു ഘട്ടങ്ങളിലായി പതിനെട്ടു ദിവസങ്ങളെടുത്താണ് ഒരു കൂടിന്റെ നിർമാണം പൂർത്തിയാക്കുക

.ആദ്യത്തെ 10 ദിവസം കൊണ്ടു കൂടു നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ച ശേഷം ഇണയ്ക്കായി ഇവ കാത്തിരിക്കും. പെൺകിളി എത്തിയശേഷമാണു കൂടു പൂർത്തിയാക്കുക. മുട്ട വിരിയുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന കൂടുകളിൽ മുനിയ എന്നറിയപ്പെടുന്ന മറ്റു തരം ആറ്റകളും എലികളും കൂടിയേറുന്നതും പതിവാണ്.

September 30
12:53 2016

Write a Comment