environmental News

മത്തി കടലൊഴിഞ്ഞപ്പോള്‍ അയല പുതിയൊരിനം കൂടി.

കൊച്ചി: സാധാരണക്കാരുടെ മത്സ്യമായ മത്തി (ചാള) കാണാന്‍ കൂടി കിട്ടുന്നില്ലെന്ന അവസ്ഥയായപ്പോള്‍ കേരളത്തിന്റെ മത്സ്യ സമ്പത്തിലേക്ക് പുതിയൊരു അതിഥി എത്തിയതായി കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം.

അയലപ്പാരയുമായി (കൊഴിച്ചാള) സാമ്യമുള്ള കറുത്ത പുള്ളികളും ഉരുണ്ട ആകൃതിയുമുള്ള പുതിയ മീനിനം കേരള തീരങ്ങളില്‍ സുലഭമായിക്കഴിഞ്ഞെന്നാണ് കണ്ടെത്തല്‍.

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി എംഎഫ്ആര്‍ഐ) ശാസ്ത്ര സംഘത്തിന്റെ പഠനത്തിലാണ് അയല വിഭാഗത്തില്‍പ്പെട്ട മീന്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നത് കണ്ടെത്തിയത്.
ഈ മീനിന് 'സ്‌കോമ്പര്‍ ഇന്‍ഡിക്കസ്' എന്ന് ശാസ്ത്ര നാമവും 'ഇന്ത്യന്‍ ചബ് മാക്കറല്‍' എന്ന് ഇംഗ്ലീഷ് പൊതു നാമവും നല്‍കി.
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പുള്ളി അയല, പുള്ളിത്തിരിയാന്‍ എന്നിങ്ങനെയാണ് ഈ മീനിന്റെ പ്രാദേശിക പേരുകള്‍. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് തീരത്താണ് പുള്ളി അയല ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് തീരത്ത് കന്യാകുമാരി വരെ ഇവയെ കണ്ടെത്തുകയുണ്ടായി. 2015-ല്‍ കേരള തീരത്ത് ഈ മീന്‍ ആകെ 10 ടണ്‍ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 25 ടണ്‍ വരെ ലഭിച്ചിട്ടുണ്ട്.
9 മുതല്‍ 21 സെന്റി മീറ്റര്‍ വരെ വലിപ്പത്തിലുള്ള പ്രായപൂര്‍ത്തിയാകാത്ത മീനുകളെയാണ് ഈ വര്‍ഷം കേരള തീരങ്ങളില്‍ നിന്ന് പിടിച്ചത്. എറണാകുളം, ആലപ്പുഴ, കൊല്ലം, വിഴിഞ്ഞം, കോഴിക്കോട് തീരങ്ങളിലാണ് ഈ മീന്‍ കൂടുതലും ലഭിച്ചത്. മൃദുലമായ മാംസമാണ് ഈ മീനിന്. ഏറെക്കുറെ അയലയുടേതിന് സമാനമായ സ്വാദാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഈ മീന്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ മത്സ്യസമ്പത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അമ്മ മീനുകളെ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ജൂലായ് മുതല്‍ ഇവയുടെ കുഞ്ഞുങ്ങളെയാണ് കൂടുതലും ലഭിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവ കേരള തീരങ്ങളില്‍ പ്രജനനം നടത്തിയതായാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

October 12
12:53 2016

Write a Comment