environmental News

മരങ്ങള്‍ക്ക് രാഖി കെട്ടി ആദിവാസി സ്ത്രീകള്‍.

വനത്തോടും മരങ്ങളോടുമുള്ള അടുപ്പവും ഇഷ്ടവും പ്രഖ്യാപിച്ച് ഒറീസയിലെ മയൂര്‍ബഞ്ചിലെ ഒരു കൂട്ടം ആദിവാസി സ്ത്രീകള്‍ മരങ്ങള്‍ക്ക് രാഖി കെട്ടി. മരങ്ങളെ തങ്ങളാലാവുംവിധം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചാണ് രാഖി പൗര്‍ണ്ണമി ദിനമായ ചൊവ്വാഴ്ച്ച ആദിവാസി യുവതികള്‍ മരങ്ങള്‍ക്കു രാഖി കെട്ടിയത് 

മയൂര്‍ബഞ്ച് മേഖലയിലെ ആദിവാസികള്‍ ജീവന്‍ ദായനികളായാണ് മരങ്ങളെ കാണുന്നത്. മരങ്ങള്‍ക്ക് വെള്ളമൊഴിച്ച ശേഷം ചന്ദനവും സിന്ദൂരവും പൂശിയാണ് രാഖി കെട്ടിയത്.'രാഖികെട്ടുന്ന സഹോദരിമാരെ ജീവിതാവസാനം വരെ രാഖി അണിയുന്ന സഹോദരര്‍ സംരക്ഷിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഇവിടെ രാഖി കെട്ടിയ ആദിവാസി സ്ത്രീകള്‍ തന്നെയാണ് മരങ്ങളുടേയും സംരക്ഷകര്‍ എന്നത് മാത്രമാണ് വ്യത്യാസം' മേഖലയിലെ സര്‍പാഞ്ച് ഗിത റാണി നായിക്ക് പറയുന്നു.
മരങ്ങള്‍ക്ക് രാഖി അണിയിക്കുന്ന ചടങ്ങിന്റെ ഭാഗമായി യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. മേഖലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. വന നശീകരണം തടയുകയും മരങ്ങളേയും വനത്തേയും സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. പ്രദേശവാസകള്‍ക്കിടയില്‍ ഇതു സംബന്ധച്ച അവബോധം സൃഷ്ടിക്കാന്‍ ആദിവാസി സ്ത്രീകളുടെ പ്രവൃത്തികൊണ്ടാകുമെന്നാണ് കരുതുന്നത്.
രാജ്യത്തെ വലിയ ദേശീയ പാര്‍ക്കുകളിലൊന്നായ സിമില്‍പാല്‍ ദേശീയ പാര്‍ക്കിനുള്ളിലെ പ്രദേശമാണിത്. വനസംരക്ഷണ പദ്ധതികള്‍കൊണ്ട് പ്രസിദ്ധമാണ് ഈ പാര്‍ക്ക്. പ്രാദേശികമായുള്ള നിരവധി വനസംരക്ഷണ കമ്മറ്റികളാണ് ഇത്തരം പദ്ധതികളുടെ കേന്ദ്രമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ കുമാര്‍ പത്ര പറഞ്ഞു. 'ഇന്ന് ഇവിടെ കൂടിയിരിക്കുന്ന ചിലരെങ്കിലും ജീവിക്കാനായി മരം വെട്ടുന്നവരാകും. രാഖി കെട്ടിയ മരം കാണുമ്പോള്‍ ഇനിയെങ്കിലും അവരുടെ മഴു താഴുമെന്നാണ് കരുതുന്നത്. ഇത്തരം സുസ്ഥിരമായ പദ്ധതികളിലൂടെ മാത്രമേ നമുക്ക് വനത്തെ സംരക്ഷിക്കാനാകൂ' അരുണ്‍കുമാര്‍ പത്ര പറഞ്ഞു.
സൊസൈറ്റി ഫോര്‍ പീപ്പിള്‍സ് അവയര്‍നെസ് ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് ആക്ഷന്‍(SPARDA) എന്ന എന്‍ജിഒയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കുറച്ചു വര്‍ഷങ്ങളായി മേഖലയില്‍ സമാനമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മരങ്ങള്‍ക്ക് രാഖി കെട്ടുന്ന ഈ പരിപാടി വലിയ തോതില്‍ ജനശ്രദ്ധയാകര്‍ഷിച്ചത് അടുത്തിടെയാണ്. കുറച്ചുവര്‍ഷങ്ങളായി ജനപങ്കാളിത്തം വളരെ കൂടിയിട്ടുണ്ടെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. 






October 19
12:53 2016

Write a Comment