environmental News

'പാറമാക്രി'-കേരളത്തില്‍ നിന്നൊരു പുതിയ തവള.

 പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയ രണ്ടിനം തവളകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. അതില്‍ കേരളത്തില്‍ നിന്ന് തിരിച്ചറിഞ്ഞ തവളയ്ക്ക് മലയാള നാമമാണ് നല്‍കിയത് -'ഇന്ദിറാണ പാറമാക്രി' (Indirana paramakri ) എന്ന്. 

കര്‍ണാടകത്തില്‍ നിന്നാണ് മറ്റൊരെണ്ണത്തെ തിരിച്ചറിഞ്ഞത്. 'ഇന്ദിറാണ ഭദ്രായ്' ( Indirana bhadrai ) എന്നാണ് അതിന്റെ ശാസ്ത്രീയനാമം. അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലായ 'പ്ലോസ് വണ്ണി'ല്‍ പുതിയ തവളയിനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 

പ്രശസ്ത ഉഭയജീവി ഗവേഷകനും ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസറുമായ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലാണ് പുതിയ തവളയിനങ്ങളെ തിരിച്ചറിഞ്ഞത്. ഡോ.ബിജുവും സഹപ്രവര്‍ത്തക സൊണാലി ഗാര്‍ഗും ചേര്‍ന്നാണ് പഠനപ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. 

കേരളത്തില്‍ നിന്ന് തിരിച്ചറിഞ്ഞ പുതിയ ഇനത്തിന്, പാറപ്രദേശത്ത് കാണപ്പെടുന്ന തവള എന്ന അര്‍ഥത്തിലാണ് 'പാറമാക്രി' എന്ന സ്പീഷീസ് നാമം നല്‍കിയതെന്ന് ഡോ.ബിജു അറിയിക്കുന്നു. 

കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെ നീളുന്ന പശ്ചിമഘട്ട മേഖലയില്‍ മാത്രം കാണപ്പെടുന്ന തവള ജനുസാണ് 'ഇന്ദിറാണ'. ഈ ജനുസില്‍ ഇതിനകം ഒട്ടേറെ സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട്. ആ ഗണത്തിലെ പുതിയ അംഗങ്ങളാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞ രണ്ടെണ്ണം.

പ്രാചീന ഗോണ്ട്വാനാലാന്‍ഡിന്റെ കാലത്ത് രൂപപ്പെട്ട ജീവികളാണ് ഇവയെന്നും, അതിനാല്‍ പശ്ചിമഘട്ടത്തിന്റെ പരിണാമചരിത്രത്തിലെ തിരുശേഷിപ്പുകളാണ് 'ഇന്ദിറാണ' ജനുസില്‍പെട്ട തവളകളെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. ഈ ജനുസില്‍പെട്ട തവളകളുടെ ഡിഎന്‍എ പഠനം അതാണ് വെളിവാക്കുന്നത്. 

ആദ്യമായല്ല ഡോ.ബിജുവും സംഘവും പുതിയ തവളയിനങ്ങളെ തിരിച്ചറിഞ്ഞ് ശാസ്ത്രലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് നൂറിലേറെ തവളയിനങ്ങളെ (ഒരു പുതിയ തവള ഫാമിലി ഉള്‍പ്പടെ) തിരിഞ്ഞറിഞ്ഞ ഗവേഷകനാണ്, കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ഡോ.ബിജു. ഒരു ഉഭയജീവി കുടുംബത്തെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

കടപ്പാട്: സത്യഭാമ ദാസ് ബിജു......

November 17
12:53 2016

Write a Comment