SEED News

ഉപജില്ലാ കലോത്സവത്തിന് സീഡംഗങ്ങൾ നഞ്ചില്ലാത്ത ഊണ് വിളമ്പി


കൂത്തുപറമ്പ്: കൂത്തുപറമ്പ് ഉപജില്ലാ കലോത്സവത്തിന്റെ  ഉദ്ഘാടനദിവസമെത്തിയവര്‍ക്ക് കൂത്തുപറമ്പ് എച്ച്.എസ്.എസിലെ സീഡ്ക്ലബ്ബ് അംഗങ്ങള്‍ സ്‌കൂള്‍ കൃഷിയിടത്തില്‍ വിളയിച്ച ജൈവ കാര്‍ഷികവിഭവങ്ങള്‍ കൊണ്ടൊരുക്കിയ സദ്യ വിളമ്പി. 
'വയലില്‍നിന്ന് വയറിലേക്ക്' എന്ന ആഹ്വാനത്തോടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൃഷിയിടത്തിലെ പച്ചക്കറികളും അരിയുമുപയോഗിച്ച് സദ്യ ഒരുക്കിയത്. 
രാവിലെ കപ്പയും മമ്പയറും ചേര്‍ത്ത പുഴുക്കും ഒപ്പം കാപ്പിയും ഉച്ചയ്ക്ക് സാമ്പാര്‍, പപ്പായ പച്ചടി, വാഴക്കണ്ട അച്ചാര്‍, വാഴക്കൂമ്പ് വറവ്, പുന്നെല്ലിന്‍ പായസം എന്നീ വിഭവങ്ങള്‍ ചേര്‍ത്ത് സദ്യയും നല്‍കി.
 സ്‌കൂളില്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചതുമുതല്‍ സീഡംഗങ്ങള്‍ നഞ്ചില്ലാത്ത ഊണ് വിളമ്പാന്‍ തയ്യാറെടുത്തിരുന്നു. ഇതിനായി പ്രത്യേകം ഉത്പന്നങ്ങള്‍ ഇവര്‍ വിളയിച്ചെടുത്തു. 4000 പേര്‍ക്ക് ഉച്ചഭക്ഷണവും 2000 പേര്‍ക്ക് കപ്പപ്പുഴുക്കുമാണ് വിളമ്പിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്‌കൂളിലെ പച്ചക്കറികള്‍ കലോത്സവത്തില്‍ ഭക്ഷണമൊരുക്കാനായി ഉപയോഗിക്കും.
 നഞ്ചില്ലാത്ത സദ്യ ഉണ്ണാന്‍ നഗരസഭ ചെയര്‍മാന്‍ എം.സുകുമാരന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, ജില്ലാ കൃഷി ഓഫീസര്‍ ടി.ഓമന, കൃഷി അസി. ഡയറക്ടര്‍ എ.കെ.വിജയന്‍, കുത്തുപറമ്പ് എ.ഇ.ഒ. സി.ഉഷ, മാതൃഭൂമി യുണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, കൃഷി, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
  ജനുവരിയില്‍ കണ്ണുരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിലും നഞ്ചില്ലാത്ത ഊണ്‍ വളിമ്പാനായി വേണ്ട പച്ചക്കറികള്‍ കൃഷിയിടത്തില്‍ വിളയിക്കാനുള്ള ഒരുക്കത്തിലാണ് സീഡ് ക്ലബ്ബംഗങ്ങള്‍. എ.പി.രജീഷ്, വി.വി.ദിവാകരന്‍, എ.കെ.ബിജുല, മേപ്പാടന്‍ ഗംഗാധരന്‍, പി.വി.സഹദേവന്‍, പറമ്പന്‍ പ്രകാശന്‍, സത്യന്‍, രൂപേഷ്, കുന്നുമ്പ്രോന്‍ രാജന്‍ എന്നിവരും പി.ടി.എ. അംഗങ്ങളും നഞ്ചില്ലാത്ത ഊണിന് നേതൃത്വം നല്‍കി.
 കലോത്സവത്തെ പൂര്‍ണമായും ഹരിതോത്സവമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കലോത്സവ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ജൈവ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാണ് നടത്തിയത്. സ്‌കൂളിലെ പാഴ്വസ്തുക്കള്‍ ശേഖരിക്കാന്‍ പ്രവൃത്തിപരിചയ ക്ലബ്ബ് പച്ചോലകൊണ്ട് വല്ലങ്ങള്‍ ഉണ്ടാക്കി കലോത്സവ വേദിക്കരികില്‍ സ്ഥാപിച്ചു. ഓരോ അരമണിക്കൂറിലും ദേശീയ ഹരിത സേനയിലെ അംഗങ്ങള്‍ വേദിക്കരികില്‍നിന്ന് പാഴ്വസ്തുക്കള്‍ വല്ലങ്ങളില്‍ ശേഖരിച്ചു.  
  




 








November 24
12:53 2016

Write a Comment

Related News