reporter News

സമ്മിശ്ര കൃഷിയുടെ വിജയഗാഥയുമായി ജോസഫ് പാപ്പച്ചൻ പാമ്പാറ


മണത്ത: പലകാരണങ്ങള്‍കൊണ്ട് പരമ്പരാഗത കര്‍ഷകര്‍ കൃഷിയില്‍ നിന്നകലുമ്പോള്‍, കാര്‍ഷികനന്മയുടെ പുതിയ ഹരിതപാഠങ്ങള്‍ കണ്ടെത്തുകയാണ് മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്‌ളബ്ബ് അംഗങ്ങള്‍. 2014-ലെ മികച്ച സമ്മിശ്ര കര്‍ഷകനായി കണിച്ചാര്‍ ഗ്രാമപഞ്ചായത്തും കണിച്ചാര്‍ കൃഷിഭവനും ആദരിച്ച മണത്തണയ്ക്ക് സമീപം അണുങ്ങോട്ടുള്ള ജോസഫ് പാപ്പച്ചന്‍ പാമ്പാറയുടെ കൃഷിയിടത്തിലേക്കാണ് സീഡ് പ്രവര്‍ത്തകര്‍ ഇത്തവണ പഠനയാത്ര നടത്തിയത്.
ജോസഫ് പാപ്പച്ചനും ഭാര്യ മേരിക്കുട്ടിയും മകന്‍ ജെയ്‌സണും ചേര്‍ന്ന് നാല് ഏക്കര്‍ വരുന്ന കൃഷിസ്ഥലത്ത് വിളയിക്കുന്ന വ്യത്യസ്തയിനം നാണ്യവിളകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകളാണ് ക്‌ളബ്ബ് അംഗങ്ങള്‍ കണ്ടും കേട്ടും രുചിച്ചും അടുത്തറിഞ്ഞത്. നാടന്‍കൃഷികള്‍ അത്യുത്പാദനശേഷിയുള്ള സങ്കരയിനങ്ങള്‍ ജലസേചനത്തോടൊപ്പം മീന്‍വളര്‍ത്തുന്നതിനുമായി നിര്‍മിച്ച കുളം, പരമ്പരാഗതവും ആധുനികവുമായ കാര്‍ഷിക ഉപകരണങ്ങള്‍, പച്ചക്കറിയിലെ സ്വയംപര്യാപ്തത തുടങ്ങിയവയെല്ലാം കണ്ടും േകട്ടും മനസ്സിലാക്കി.
 കച്ചോലം, ബ്രഹ്മി, എരുക്ക്, അമല്‍പ്പൊരി തുടങ്ങി ഒട്ടേറെ ഔഷധങ്ങളും പഠനയാത്രയുടെ പുതിയ പാഠങ്ങളായി. സമ്മിശ്ര കൃഷി തുടരുന്നതിനാല്‍ കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് നാളിതുവരെ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് കൃഷിമാത്രം ഉപജീവനമാക്കിയ ഈ കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. 
കൃഷിയിലൂടെ അറിവും ആരോഗ്യവും ആഹ്‌ളാദവും പങ്കുവെക്കുന്ന ജോസഫ് പാപ്പച്ചന്റെ കൃഷിപാഠങ്ങള്‍ ഇവിടെയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക സംസ്‌കാരത്തിന്റെ നന്മകള്‍ പകരുന്നു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍.തങ്കച്ചന്‍, അമൃത അനില്‍കുമാര്‍, പി.ജെ.ജോസുകുട്ടി, സിജി മൈക്കിള്‍, ആദര്‍ശ് ബാലന്‍, അക്ഷയദാസ്, ജസ്റ്റിന്‍ കുര്യാക്കോസ്, ജാനറ്റ് ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി.




December 12
12:53 2016

Write a Comment