SEED News

കുറുമ്പുക്കൽ ജലസമൃദ്ധിയിലേക്ക്


കൂത്തുപറമ്പ്: നാട് വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ഒരുഗ്രാമത്തില്‍ ജലസുരക്ഷ ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുറുമ്പുക്കല്‍ ഗ്രാമത്തിലെ 14 കുളങ്ങള്‍ നവീകരിച്ച് സംരക്ഷിക്കാനുള്ള നടപടികളാണ് പൂര്‍ത്തിയാകുന്നത്. 
രണ്ടുവര്‍ഷം മുമ്പ് കൂത്തുപറമ്പ് ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ കൂത്തുപറമ്പ് ബ്ലോക്കിലെ കുളങ്ങളുടെ സര്‍വേ നടത്തിയിരുന്നു. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കുളങ്ങളുള്ള കുറുമ്പുക്കല്‍ ഗ്രാമത്തിലെ ചെറുതും വലുതുമായ നൂറോളം കുളങ്ങള്‍ കെട്ടിസംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  അന്നത്തെ കൃഷിമന്ത്രി കെ.പി.മോഹനന് അവര്‍ നിവേദനം നല്‍കിയിരുന്നു. 
നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കുറുമ്പുക്കല്‍ ഗ്രാമത്തിലെ കുളങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രി ഉത്തരവിട്ടു. ജില്ലാ മണ്ണ്-ജലസംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കുളങ്ങള്‍ സന്ദര്‍ശിക്കുകയും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 14 കുളങ്ങള്‍ നവീകരിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ 1,49,50,000 രൂപ അനുവദിക്കുകയും ചെയ്തു.
സീഡ് ക്ലബ്ബ് അംഗങ്ങളുടെ മൂന്നുവര്‍ഷത്തെ പരിശ്രമമാണ് ഇവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. മാങ്ങാട്ടിടം പഞ്ചായത്തിലെ കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാക്കാന്‍ ഇത്തരം കുളങ്ങളുടെ നവീകരണത്തിലൂടെ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പരിസ്ഥിതി സ്‌നേഹികളായ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനഫലമായി മാങ്ങാട്ടിടം പഞ്ചായത്തിന് ലഭിച്ച പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും പിന്തുണ നല്‍കുന്നുണ്ട്.
നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മണ്ണ്-ജല സംരക്ഷണ ഓഫീസര്‍ അബ്ദുള്‍ ഗഫൂര്‍, ഓവര്‍സിയര്‍മാരായ അനില്‍കുമാര്‍, ഹരിദാസന്‍ എന്നിവര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും കുളങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. സീഡ് ക്ലബ്ബ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍, മധു നിര്‍മലഗിരി എന്നിവരും ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമുണ്ടായിരുന്നു.








December 12
12:53 2016

Write a Comment

Related News